Pages

Thursday, May 30, 2013

മേഘമല്‍ഹാര്‍
അടുക്കളയ്ക്കപ്പുറത്തെ ഗ്രില്ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ മലയ്ക്ക് മുകളില്‍ നിന്നും അരിച്ചിറങ്ങുന്ന പാലരുവികള്‍ ദൃശ്യമായി... പാടിത്തളര്‍ന്ന ഗായകനെപ്പോലെ മഴ ചിരിച്ചു...

നട്ടുച്ചനേരത്തെ ചാറ്റല്‍മഴയും അരണ്ടവെളിച്ചവും നനുത്തകാറ്റുമെല്ലാം എഴുതാനുള്ള എന്‍റെ ആന്തരികതൃഷ്ണയെ ഉണര്‍ത്തി.... ജാലകത്തിനടുത്തേയ്ക്ക് ലാപ്പുമായി ചേര്‍ന്നിരിക്കുമ്പോള്‍ എന്‍റെ തലച്ചോറിലെവിടെയോ ഒരു നുണയെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു... ഇപ്പോഴുള്ള ഈ എഴുതാനുള്ളോരു പ്രചോദനം അതെനിക്ക് സ്വയം ബോധിപ്പിക്കണമായിരുന്നു.... അല്‍പംമുന്‍പ്‌ വായിച്ച മാധവിക്കുട്ടിയുടെ  " നരിച്ചീറുകള്‍ പറക്കുമ്പോള്‍ "  എന്ന ചെറുകഥാസമാഹാരമല്ല.....പിന്നെന്ത്...?

രണ്ടു ദിവസത്തെ ഹാങ്ങ്‌ഓവര്‍ .. തികട്ടിവരുന്ന ചില സംഭവങ്ങള്‍.. ഇല്ലെന്ന് ആയിരംവട്ടം മനസ്സില്‍ പറഞ്ഞാലും അതേതൊരു സാധാരണപെണ്ണിനെപ്പോലെയും എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു....
അവന്‍റെ മുന്‍പില്‍ ഞാനൊരു എഴുത്തുകാരിയാണ്... പുരോഗമനവാദി... ന്യൂജനറേഷന്‍ പ്രതിനിധി..  എങ്കിലും എല്ലാറ്റിനുമുപരി ഞാനൊരു പെണ്ണല്ലേ...! എനിക്കും വികാരപരമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമില്ലേ...!!  ഇതവന്‍റെ തുറന്നുപറച്ചിലോ കുറ്റസമ്മതമോ ഒന്നുമല്ല.... സ്വന്തം ആണത്തം ബ്രാന്‍ഡ്‌ട് ആണെന്ന് അറിയിക്കാനുള്ള ഏതൊരു പുരുഷന്‍റെയും ത്വര....

 " അന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ ഞാനവളുടെ ശരീരത്തെ സ്വതന്ത്രമാക്കിയുള്ളൂ...." , നിന്‍റെയീ വാക്കുകള്‍ എന്‍റെ ഹൃദയത്തെ, പ്രജ്ഞയെ തകര്‍ത്തുകളഞ്ഞു.... എനിക്കറിയാം സോജന്‍.. നീയീ രണ്ടുമണിക്കൂറും നിഷ്ക്രിയനായിരുന്നില്ലെന്ന്.. അവളുടെ വിയര്‍പ്പിന്‍റെ മധുരം നുണയുകയായിരുന്നെന്ന്‍.. അവളുടെ ഓരോ അംഗങ്ങളിലും  നിന്‍റെ വിരലുകള്‍ നൃത്തം ചെയ്യുകയായിരുന്നെന്ന്.... 

ആ നിമിഷങ്ങള്‍ നിനക്കൊരുപക്ഷെ മറക്കാന്‍ കഴിഞ്ഞേക്കുമായിരിക്കും പക്ഷെ നിന്നെമാത്രം സ്നേഹിക്കുന്ന എനിക്കോ.... ? നീയും ഞാനുമൊത്തുള്ള സ്വകാര്യനിമിഷങ്ങളില്‍ ഒരിക്കലെങ്കിലും ഒരു തന്മയീഭാവത്തോടെ അവള്‍ കടന്നുവരില്ലെന്ന് ഉറപ്പുപറയാന്‍ നിനക്കാവുമോ.....!!!

കാലഹരണപ്പെട്ട പ്രണയത്തിന് ഒരിക്കലും വിലയിടാറില്ല അതെപ്പോഴും അവന്‍റെയോ അവളുടെയോ വീരചരിത്രത്തിന്‍റെ സ്മാരകങ്ങളാവും.... ഒരുവിധത്തില്‍ നിന്‍റെ പൂര്‍വ്വപ്രണയവും അങ്ങിനെയാണ്....

വീണ്ടും ഒരു മഴക്കോള് പോലെ... ഇരുണ്ടുതുടങ്ങിയ ആകാശം എന്‍റെ മനസ്സുപോലെ....  ആര്‍ത്തലച്ചുപെയ്യാതെ അതുവെറുതെ വിതുമ്പിനിന്നു.... 

രണ്ടുദിവസമായി എന്‍റെ മൌനത്തിന്‍റെ കാരണങ്ങള്‍ അവന്‍ തിരയുന്നു..... എന്തുപറയും എന്ന അങ്കലാപ്പ്... എന്‍റെ സ്ത്രീത്വം അതിലുപരി ഈ ബുജി പ്രതിച്ഛായ..... അബലയും ചപലയുമാണ്‌ ഞാനെന്ന് അവനുതോന്നരുതല്ലോ... 

പുറത്ത് അവന്‍റെ സ്കോടയുടെ നിലയ്ക്കാതെയുള്ള ഹോണ്‍, ചിന്തകള്‍ക്ക് വിരാമമിട്ട് ഞാന്‍ ഗെയ്റ്റിനടുത്തേയ്ക്ക് ഓടി.... 
മഴക്കാറുമൂടിയ മുഖവുമായി ഞാന്‍ ചായക്കപ്പു നീട്ടുമ്പോള്‍ അവനെന്‍റെ തുറന്നുവെച്ച ലാപ്പിലൂടെ എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു....  പെയ്തൊഴിഞ്ഞ മാനം പോലെ അവന്‍ വെളുക്കെചിരിച്ചു....

" എന്താമോളെ..... !! " 

എന്നെചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചപ്പോള്‍.. അവന്‍റെ ചൂടുനിശ്വാസങ്ങള്‍ എന്‍റെ കവിള്‍ത്തടത്തില്‍ പാറിനടന്നപ്പോള്‍.. എന്‍റെ സീമന്തരേഖയില്‍ ചാര്‍ത്തിയ കുങ്കുമം അവന്‍റെ ചുണ്ടുകളെ ചുവപ്പിച്ചപ്പോഴെല്ലാം ഞാന്‍ പെയ്യുകയായിരുന്നു.... !!

അതേസമയം അതേതാളത്തോടെ ശക്തമായി അവന്‍റെ ഹൃദയത്തില്‍ ഒരായിരം പെരുമ്പറകള്‍ മുഴങ്ങിക്കൊണ്ടിരുന്നു..... സത്യത്തിന്‍റെ നിര്‍വചനം അവന്‍റെ ഹൃദയത്തിലേക്ക് പുതിയവെര്‍ഷനില്‍ അപ്ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.....

അറിഞ്ഞിട്ടും അറിയാതെ അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഞാന്‍ പുഞ്ചിരിച്ചു.... പിന്നെ പതിയെ മന്ത്രിച്ചു... " നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ  നുണകളോടാണ്....!! "

______________________________________________________________________


 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.