Pages

Saturday, March 5, 2011

മുത്തശ്ശിക്ക് അറ്യാത്തതാ !!
ഉച്ചമയങ്ങി തുടങ്ങീരിക്കുണു എല്ലാരും മയക്കത്തിലാ..നിയ്ക്ക്‌ ഈയിടെയായി
ഉറക്കല്യാ...മോന്തിയായാലും ണീച്ചിരിക്യാ..
വയ്യായ്ക പിടികൂടിയിരിക്കുണു..കാലെത്രയായി വെളീലിറങ്ങീട്ട്..ഒരു അന്തിക്ക്
മീനൂട്ടീടെ  മൂത്രത്തില്
ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ  അതെന്‍റെ  കൊഴപ്പാ  ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്  കിടപ്പിലായിട്ട്  വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ  ന്‍റെ  യശോദേം ഉണ്ണീം 
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ..
നിയ്ക്കിനി എന്തേലും പറ്റ്യാ നോക്കാന്‍

വയ്യാത്രേ....ന്‍റെ മകളാ യശോദ അവളുടെ ഒറ്റമോനാ ഉണ്ണി..നല്ല കുട്ട്യോളാ.....ന്നോട് സ്നേഹല്യാഞ്ഞിട്ടല്ല ചികിത്സക്ക് പണൊരുപാട് ചെലവായ്യെ...ന്‍റെ ഉണ്ണിക്കാച്ചാ കൃഷിപ്പണ്യാ..അതീന്ന്  കിട്ടീട്ട് വേണ്ടേ...പഠിക്കാന്‍ വിട്ടപ്പം ഓടിപ്പോന്നു....ഇന്നത്തെ കാലല്ലാല്ലോ അത്...ആഹ്..!!  ന്‍റെ കാലോം
തീരാറായി...തീരുണതിനു മുമ്പ് നിയ്ക്കീ  നാടോന്നു കാണണം...ഒരു മോഹം.....നടക്കട്ടെ  ശ്ശി
ദൂരം...എത്രകാലായീ ഇങ്ങനെ.....ന്താത്‌ ഇലയനക്കൊന്നൂല്യാല്ലോ...കാറ്റ് വഴി മറന്ന്വോ ആവോ.... ഇത്തീം  ആഞ്ഞിലും മുരിക്ക്വോക്കെ എത്രെണ്ടായിരുന്നതായീ തൊടീല് ഒന്നൂല്യാ ഇപ്പോ...ഉണ്ണി അതൊക്കെ മുറിച്ച്  കപ്പ
നട്ടിരിക്കുണു.....വയറെന്ന്യാ വലുത്...നടന്നിട്ടിശ്ശ്യായി ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം !  സാരല്ല്യാ....എല്ലാം പോയീ.....കാലോം..

താഴേവരമ്പിലെത്തീപ്പോ  ദാ ! പൂക്കാതെ
തളിര്‍ത്തുനിക്കുണു  ന്‍റെ  സിന്ദൂരം ,നെന്നെക്കണ്ടപ്പോ നിയ്ക്ക് ചിരിവരുണൂ....."നെനക്കിത്തവണേം കുളി തെറ്റീല്യാല്ലേ!...,ഉണ്ണികള്‍ക്കായ് കൊതിച്ചതല്ലേ നീയ്യ്..."കാലം തെറ്റ്യാലും മാവ് പൂക്കില്യാച്ചാല്
എന്താ ചെയ്യാ...! കലികാലം തന്നെ...
മേലേത്തൊടീല് മണ്ടപോയ തെങ്ങ്വോളെത്രയാ !
വായാടിയോള്‍ക്ക് സന്തോഷം കൂടുണ്ടാക്കാലോ
നിയ്ക്കോ രണ്ടുനേരോം കഞ്ഞി കുടിക്കേണ്ട

ഗത്യേട്... തോട്ടുവക്കത്തെത്തിയില്ല്യ
കൈതക്കാടൊക്കെ വെട്ടി
വെടിപ്പാക്കിയിരിക്കുണ്വല്ലോ...മറയില്ലാതെ ഈ
പെണ്ണുങ്ങളൊക്കെ എങ്ങിനെയാണാവോ കുളിക്കണേ.. ന്തായീ കിടക്ക്ണ് ! പഴയ കുപ്പിം പ്ലാസ്റ്റിക്കും  പാട്ടേമൊക്ക്യല്ലേ....ഇതാപ്പോ

അസ്സലായത് കാല്‍നനയ്ക്കാന്‍ വന്നാ ഇതാ സ്ഥിതി !!
ഇത്യേ വെള്ളെത്ര ഒഴുകിപ്പോയതാ...സങ്കടം തന്നെ...
വഴിയേറെ നടന്നില്യാല്ലോ കാലുനോവുണു..
ന്താ ! വെയിലിനു ചൂട്...?
ഇത്തിരി തണലു നോക്കീട്ട് കാണുണില്യാ..
ഇവിടെങ്ങും ഒരു പുല്‍ക്കൊടി പോലൂല്യാ..
ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു 
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌

പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്...ഇപ്പോ അതിന്‍റെ ക്ഷാമോം തീര്‍ന്നു..തൊടിയായ തൊടിയൊക്കെ കോണ്‍ക്രീറ്റ് ആയിരിക്ക്യാ..ഉണ്ണി പറഞ്ഞതു നേരുതന്ന്യാ അമ്മമ്മ കണ്ട നാടല്ലാത്...
നിയ്ക്കറിയാം ഇതിപ്പെന്‍റെ നാടല്യാന്ന്‍...
കൃഷ്ണാ!! നാടോടുമ്പോ നടുവേ ഓട്വാ....
ആരാ ന്നെപ്പോ മുത്തശ്ശീന്ന്‍ വിളിക്കണ്..
മീനൂട്ടിയല്ലേ ! എന്താ കുട്ട്യേ ഇങ്ങനെ ഒച്ച വെക്ക്യാ പെങ്കുട്ട്യോള്....?
" മുത്തശ്ശി എന്തായീ കാട്ട്യേ..?
അച്ഛ ! അവിടെ നെലോളിക്ക്യാ..,
അച്ഛമ്മേം വഴക്കുപറഞ്ഞു..,
ആരുംകാണാതെ വടീം കുത്തിപ്പിടിച്ച്
നാടുകാണാനിറങ്ങിയിരിക്യാ..."
" നിയ്ക്ക്‌ അത്രയ്ക്ക് വയസ്സായിട്ടില്യാന്ന്  നെന്‍റെ അച്ഛയോട് പോയി പറയ്യ്..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!! 
____________________________________________
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.