Pages

Tuesday, December 13, 2011

ഇസബെല്ല

                                                        
                                                                  ഭാഗം-ഒന്ന്

ദക്ഷിണയൂറോപ്പിലെ സ്കാന്ടിനെവിയന്‍ രാജ്യങ്ങളില്‍ ഒട്ടനവധി ദ്വീപുകള്‍ ചേര്‍ന്ന മനോഹരമായ രാജ്യമാണ് ഡെന്മാര്‍ക്ക്‌...
ഡെന്മാര്‍ക്ക് ദ്വീപസമൂഹങ്ങളില്‍പ്പെട്ട ഫിന്‍ഐലന്‍ഡിലെ സാമാന്യവലുപ്പമുള്ള ഒരു
പട്ടണമാണ് ഒടെന്‍സ് , സമൃദ്ധമായ ഗോതമ്പുപാടങ്ങളും മള്‍ബറി കാടുകളും ആപ്പിള്‍,സ്ട്രോബെറി
തോട്ടങ്ങളുമുള്‍പ്പെട്ട ഒടെന്‍സ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു പട്ടണമായിരുന്നു..............


                                      ഡിസംബറിലെ ഒരു ക്രിസ്മസ് സായാഹ്നം , ശൈത്യം പൊഴിയുന്ന കുന്നിന്‍ചെരുവുകളും  സൈപ്രസ്മരക്കാടുകളുമുള്ള ഒടെന്‍സിലെ ഒരു സുന്ദരഗ്രാമം.... മഞ്ഞുവീഴ്ച പതിവിലും കഠിനമായതിനാല്‍
ഗ്രാമവാസികള്‍ പുറത്തിറങ്ങാന്‍ പോലും മടിച്ചു... നെരിപ്പോടിനു ചുറ്റുമിരുന്ന് കുശലംപറഞ്ഞും തിന്നും
കുടിച്ചും അവര്‍ സമയം തള്ളിനീക്കി....കരോള്‍ഗാനങ്ങള്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതായി.....ആര്‍ക്കും
അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല , പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തുടരെതുടരെയുള്ള മഞ്ഞുവീഴ്ച
അവരുടെ മനംമടുപ്പിച്ചു... എങ്കിലും വിഭവസമൃദ്ധമായ ആഹാരം പാകം ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി...
തീപ്പട്ടികൂടുകള്‍ പോലുള്ള വീടുകളില്‍ നിന്ന് വറുത്ത ഇറച്ചിയുടെയും മധുരവീഞ്ഞിന്‍റെയും കൊതിപ്പിക്കുന്ന
ഗന്ധം പരന്നൊഴുകി.....തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും ഇല്ലാതിരുന്ന ആ രാത്രിയെ വരവേല്‍ക്കാന്‍ ഭൂമിയിലെ
നക്ഷത്രകൂടുകള്‍ അണിനിരന്നു....പലവര്‍ണ്ണങ്ങളിലുമുള്ള നക്ഷത്രവിളക്കുകള്‍ ആ ഗ്രാമത്തെ പ്രശോഭിതമാക്കി.....
ഗ്രാമപാതയ്ക്ക് എതിര്‍വശത്ത്‌ കുറച്ചുദൂരം പിന്നിടുമ്പോള്‍ മരവേലിയോട് കൂടിയ ഒരു ഒറ്റപ്പെട്ട വീടുണ്ട്..........
മനോഹരമായ സ്വാഭാവികപുല്‍ത്തകിടിക്ക് മുകളിലായി മരപാളികള്‍ ചേര്‍ത്തു നിര്‍മ്മിച്ച ഒരു കൊച്ചുവീട്...
മേല്‍ക്കുരയുടെ പകുതിയോളം മഞ്ഞുമൂടിയിരുന്നു...വീടിനോട് ചേര്‍ന്നുനിന്നിരുന്ന വില്ലോമരത്തിന്‍റെ ചില്ലകള്‍
മഞ്ഞുപാളികളുടെ കനത്തഭാരംമൂലം മേല്‍ക്കുരയിലേക്ക് പാതിചാഞ്ഞിട്ടുണ്ട്...
ഈ കൊച്ചുവീട്ടിന്‍റെ ഏകാന്തതളങ്ങളില്‍ വീട്ടുകാരായ ആബേലും എമിലിയും കയ്പ്പുള്ളഓര്‍മ്മകളുടെ
കനത്തഭാരവും പേറി രണ്ടാത്മാക്കളായി ജീവിക്കുന്നു............

            
                         ഏകാന്തതയുടെ അഞ്ചുവര്‍ഷങ്ങള്‍ ഓടിയൊളിക്കാന്‍ കഴിയാത്തവിധം മുന്‍പില്‍ നില്‍ക്കുന്നു, ആബേലിന്‍റെ ഹൃദയം തേങ്ങി...... തന്‍റെയും എമിലിയുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുവര്‍ഷത്തോളം ആയിരിക്കുന്നു... ആദ്യവര്‍ഷങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നുപോയി..
പക്ഷെ ഒരു കുഞ്ഞിന്‍റെ കുറവ് കാലം കഴിയുംതോറും അവരെ ശക്തമായി അലട്ടിക്കൊണ്ടിരുന്നു......
ജീവിതത്തിനോട് നിരാശബാധിച്ച രണ്ടു പേക്കോലങ്ങള്‍,അവരെക്കുറിച്ച് അവര്‍തന്നെ വിശേഷിപ്പിക്കുന്നത്
ഇങ്ങിനെയാണ്..അതിശൈത്യമുള്ളയീ ക്രിസ്മസ് രാത്രിയില്‍ ചുരുണ്ടുകൂടി നെരിപ്പോടിനു മുന്‍പില്‍
കിടക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല തനിക്കും എമിലിക്കും ഇതുപോലൊരു ഭാഗ്യമുണ്ടാവുമെന്ന്.....
        

ദ്രവിച്ചുതുടങ്ങിയ മരവാതില്‍ ശക്തമായ ഇടിയേറ്റ് കുലുങ്ങി........

" നോക്കൂ ആബേല്‍ !! ആരോ നമ്മുടെ വാതിലില്‍ ശക്തിയായി ഇടിക്കുന്നു...എണീക്കൂ ..
കൊടുംശൈത്യത്തില്‍ ആരോ ബുദ്ധിമുട്ടുന്നുണ്ട്....."

കണ്ണുകള്‍ തിരുമ്മി എമിലിയെ നോക്കുമ്പോള്‍ ആബേലിനും തോന്നി പുറത്തു ആരോ സഹായത്തിനു വേണ്ടി കേഴുന്നതുപോലെ........ എഴുന്നേറ്റുച്ചെന്ന് മരവാതിലിന്‍റെ കൊളുത്തുനീക്കുമ്പോള്‍
ആബേലിന് തെല്ലും ഭയംതോന്നിയില്ല... ശൈത്യം അത്രയ്ക്ക് കഠിനമാണ് വഴിപോക്കരില്‍ ചിലര്‍ മരണത്തെ
മുഖാമുഖം കാണും.... തണുത്തുറഞ്ഞ രക്തധമനികളെ ചൂടുപിടിപ്പിക്കാന്‍ നെരിപ്പോട് തിരയും........
ഇന്നും അതുപോലെ ആരോ സഹായത്തിനായി തങ്ങളുടെ മുന്‍പില്‍ എത്തിയിരിക്കുന്നു....

വാതിലിന്‍റെ ഒരു പാളിതുറന്ന് ആബേല്‍ തലപുറത്തേയ്ക്കിട്ടു നോക്കി.....

" ഹേയ് എമിലീ !! പുറത്താരുമില്ലല്ലോ........"
" ഒന്നുകൂടിനോക്കൂ പിന്നെയാരാണ് വാതിലില്‍ ശക്തമായി മുട്ടിയത്‌.......? "

ആബേലിന്‍റെ കണ്ണുകള്‍ പുറത്തെ ഇരുട്ടിലേക്കും വെള്ളാരംകല്ലുകള്‍ പതിച്ച മുറ്റത്തേയ്ക്കും നീണ്ടു....
നക്ഷത്രവിളക്കിന്‍റെ ചുവന്നവെളിച്ചത്തില്‍ വില്ലോമരത്തിന്‍റെ ചുവട്ടിലായി ഒരു രോമപുതപ്പ്
ചുരുട്ടിവെച്ചിരിക്കുന്നത് ആബേല്‍ ശ്രദ്ധിച്ചു....അയാളതിലേക്ക് സൂക്ഷിച്ചുനോക്കി പതുക്കെ പറഞ്ഞു.....

" എമിലി !! ഇതുകണ്ടോ ഒരു രോമപുതപ്പ് ,അതിനുള്ളില്‍ എന്തോ അനങ്ങുന്നുണ്ട്..വെളിച്ചം അടുത്തേക്ക്‌
കൊണ്ടുവരൂ...." മെഴുകുതിരിക്കുറ്റിയുടെ തെളിഞ്ഞപ്രകാശത്തില്‍ അവരാക്കാഴ്ച കണ്ടുനടുങ്ങി...
രോമപുതപ്പിനുള്ളില്‍ മാസംപോലുംതികയാത്ത ഒരു കൊച്ചുകുഞ്ഞു കൈകാലുകള്‍ ശ്രമകരമായി ചലിപ്പിക്കുന്നു...

" ആബേല്‍ !! ഇതൊരു പെണ്‍കുഞ്ഞാണ്‌..കൊച്ചുസുന്ദരി...ഇവളെ ഇവിടെ കൊണ്ടുവന്നു കിടത്തിയിട്ട്
അധികനേരമായിട്ടില്ല , നോക്കൂ തണുപ്പ് തട്ടിയപ്പോള്‍ അവളുടെ മുഖം ചുളിയുന്നു..."

കൊച്ചുസുന്ദരിയെ വാരിയെടുത്ത് മാറോടുചേര്‍ത്തപ്പോള്‍ അവളുടെ കുഞ്ഞുവിരലുകള്‍ എമിലിയുടെ മാറില്‍
പരതി,ചുവന്നുതുടുത്ത ചുണ്ടുകള്‍ നുണച്ചു നീലകണ്ണുകള്‍ കൂര്‍പ്പിച്ച് അവള്‍ എമിലിയെ ഉറ്റുനോക്കി..............
വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന എമിലിയുടെ മാതൃത്വം ഉണര്‍ന്നു.........

" ആബേല്‍ !! നമുക്ക് കര്‍ത്താവ്‌ നല്‍കിയ സമ്മാനമാണിവള്‍, നമുക്കിവളെ വളര്‍ത്താം......"

ഭയത്താല്‍ ആബേലിന്റെ ശരീരം വിറച്ചു , അന്നത്തെ നിയമങ്ങള്‍ കര്‍ശനമായിരുന്നു പ്രഭുക്കന്മാരുടെ
ഭരണത്തിന്‍ കീഴിലായിരുന്നു ഒരോ പ്രവിശ്യകളും.. സ്വേച്ഛാധിപതികളായ പ്രഭുക്കന്മാര്‍ തന്നിഷ്ടത്തിന് നിയമങ്ങള്‍
ഉണ്ടാക്കുകയും അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും  ചെയ്തിരുന്നു... ചെറിയകുറ്റങ്ങള്‍ക്ക് പോലും
വലിയ ശിക്ഷകള്‍ നടപ്പാക്കിയിരുന്നു...

" ആബേല്‍ !!...."  എമിലിയുടെ ശബ്ദം അയാളുടെ ചിന്തകളെ നിഷ്പ്രഭമാക്കി... വാക്കുകള്‍ക്കു വേണ്ടി പരതിയ
 ആബേല്‍ എമിലിയെ ഉറ്റുനോക്കി...അയാളുടെ വാക്കുകള്‍ ചിലമ്പിച്ചു...

"നോക്കൂ ! നമ്മള്‍ വളരെ കഷ്ടിച്ചാണ് കഴിഞ്ഞുകൂടുന്നത്.അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നു,
അതിനിടയില്‍ ഈ കുഞ്ഞിന്‍റെ കാര്യം നമുക്കധികഭാരമാവും,ഒരു കാര്യംചെയ്യാം നമുക്കിവളെ ക്ലെമെന്റച്ഛനെ
ഏല്പിക്കാം.....പോരാത്തതിന് പ്രവിശ്യാനിയമം ഈ കുഞ്ഞിനെ വളര്‍ത്താന്‍ നമ്മെ അനുവദിക്കില്ല "

" ആബേല്‍ പറഞ്ഞത് വാസ്തവമാണ് പക്ഷെ നമുക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അതിനെ സംരക്ഷിക്കാന്‍ 
ബാധ്യതപ്പെട്ടവരാകില്ലേ നമ്മള്‍ , അന്നും ഇതുപോലെ ഒഴിഞ്ഞുമാറാന്‍ കഴിയുമോ....? നിയമപ്രശ്നങ്ങള്‍ നമുക്ക്
ക്ലെമെന്റച്ഛനുമായി സംസാരിക്കാം..അദ്ദേഹം തീരുമാനിക്കട്ടെ..." 

ആബേലിന് ഉത്തരമില്ലാതായി...
എമിലിയുടെ മടിയില്‍ക്കിടന്നു കൈകാലിട്ടടിക്കുന്ന കൊച്ചുസുന്ദരിയെ നോക്കിയിരിക്കുമ്പോള്‍
ആബേലിന്‍റെ ഹൃദയം തരളമായി......
__________________________________________________________________

                                                                                                               തുടരും....................

28 comments:

Vp Ahmed said...

നല്ല ഒഴുക്കോടെ വായിച്ചു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
http://surumah.blogspot.com

Robinson said...

കൊതിപ്പിക്കുന്ന തുടക്കം.. തീര്‍ച്ചയായും ഇത് പൂര്‍ത്തിയാക്കണം പ്രിയാ...

ശിഖണ്ഡി said...

സമാധാനത്തോടെ വായിച്ചു... അടുത്ത വരികള്‍ക്കായി കാക്കുന്നു

SHANAVAS said...

അതി ഗംഭീരമായ തുടക്കം..തിരിച്ചു വരവ് അആഘോഷിക്കാം..അല്ലെ???ബാക്കിയും പോരട്ടെ..

khaadu.. said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... ആശംസകള്‍...

Ismail Chemmad said...

തുടക്കം വായിച്ചു..
നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?

പട്ടേപ്പാടം റാംജി said...

തുടക്കം നന്നായിരിക്കുന്നു.
അടുത്ത ഭാഗം കാണട്ടെ.

ente lokam said...

പ്രിയ അങ്ങനെ കഥാ ലോകത്തേക്ക് വീണ്ടും

xmas കാലത്ത് ഒരു റഷ്യന്‍ കഥ

വായിക്കുന്ന പ്രതീതി...നല്ല തുടക്കം..

അഭിനന്ദനങ്ങള്‍...

Elayoden said...

നന്നായിരിക്കുന്നു, നല്ല തുടക്കത്തോടെയുള്ള തരിച്ചു വരവിനു ആശംസകള്‍..തുടരുക....

ചെകുത്താന്‍ said...

ങാ ... ഒപ്പിക്കാം .. അല്ലെങ്കിലും എന്നെപോലെ എഴുതാന്‍ ബൂലോകത്ത് ഇതുവരെ ആരും ഇല്ല .. അതുകൊണ്ട് അത്ര കാര്യമൊന്നുമില്ല എന്നാലും കൊള്ളാം

grkaviyoor said...

വെത്സ്തത പുലര്‍ത്തുന്ന എഴുത്ത് തുടരട്ടെ അടുത്തതിനായി കാത്തിരിക്കുന്നു

Echmukutty said...

ആഹാ! പ്രിയ വന്നല്ലോ. ബാക്കിയും കൂടി എഴുതിക്കൊണ്ട് വരൂ...വേഗമാകട്ടെ.. പിന്നെ നല്ലൊരു ക്രിസ്തുമസ്സും നവ വത്സരവും ആവട്ടെ.....

Sureshkumar Punjhayil said...

:)

Kathirikkunnu... Manoharam, Ashamsakal...!!!

Sabu Hariharan said...

കൊള്ളാം.
ഇവിടന്ന് നേരെ ഡെന്മാർക്കിലേക്ക്‌ പോയോ (ബ്ലോഗ്ഗുകാരുടെ ശല്ല്യം കാരണം? ;))

ഈ ഡെന്മാർക്കില്ലല്ലേ എന്തോ ചീഞ്ഞു നാറുന്നത്‌ എന്നു പറയുന്നത്‌?

അടുത്ത ഭാഗങ്ങൾ വരട്ടെ!

TPShukooR said...

അപ്പൊ നാട് കടന്നു അല്ലെ? ഒന്നാം ഭാഗം കുഴപ്പമില്ല. അടുത്ത ഭാഗങ്ങള്‍ നോക്കട്ടെ. കാതിര്‍ക്കുന്നു.

Manoraj said...

അടുത്ത ഭാഗങ്ങള്‍ പോരട്ടെ.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

തുടക്കം വളരെ നന്നായി ,ബാക്കി ഭാഗങ്ങള്‍ വരട്ടെ ,കാത്തിരിക്കുന്നു ,,

the man to walk with said...

Nice. waiting for the next part

Muralee Mukundan , ബിലാത്തിപട്ടണം said...

തുടരനാണ് അല്ലേ..
അല്ലാ ഡെന്മാർക്കിലെത്തിയോ..
ഇമ്മടെ അയലക്കത്ത്..!

ചന്തു നായർ said...

നന്നായി...........ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നൂ...

kARNOr(കാര്‍ന്നോര്) said...

വളരെ നല്ല ഒരു കഥയുടെ തുടക്കം... ഭാഗം 2 പോരട്ടേ.. :)

Anonymous said...

kollam

സിവില്‍ എഞ്ചിനീയര്‍ said...

ഇത് ഒരു വിവര്‍ത്തനം അല്ലല്ലോ?

നല്ല തുടക്കം. . വിവരണങ്ങള്‍ നന്നായി. . .

Anonymous said...

പാശ്ചാത്യ പരിസരം കൊള്ളാം. പക്ഷേ, ആരുടെയും ശൈലി കോപ്പിയടിക്കാന്‍ ശ്രമിക്കരുത്....

Anonymous said...

Nice start, waiting 4 d next part

ജിന്ന് said...

രാത്രി പതിനേഴാം കാറ്റ് വീശാന്‍ തുടങ്ങിയപ്പോള്‍ സ്നേഹിച്ച് മതിയാവാതെ താലോലിച്ചു മതിയാവാതെ ജീവിച്ചു മതിയാവാതെ ഏതോ ഒരു ശാപത്തിന്റെ ഊര കുടുക്കില്‍ പെട്ട് ഈ ഭുമിയെയും സമസ്ത ചരാചരങ്ങളെയും വിട്ട് പിരിയേണ്ടി വന്ന ഞാന്‍ ഗന്ധര്‍വന്‍ .... ബാക്കി വെച്ച പ്രണയത്തിനായി നഷ്ട്ടമായ പ്രണ യിനിക്കായുള്ള എന്റെ തിരിച്ചു വരവാണിത് പാടാന്‍ കൊതിച്ച ഗാനങ്ങളും പറയാന്‍ ബാക്കി വെച്ച പരിഭവങ്ങളും പങ്കിടാന്‍ കൊതിച്ച നിമിഷങ്ങളും ഹൃദയത്തില്‍ സൂക്ഷിച്ച് അവള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് ..... നീ തനിച്ചിരിക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ വരും പൂവിന്റെ ഗന്ധവും പേറി നിന്റെ മുടിയിഴകളെ തഴുകുന്ന കാറ്റായി ... പൂവിലെ തേന്‍ തേടിയെത്തുന്ന ശലഫമായി .. ഒഴികിയെതുന്ന പ്രണയ രാഗത്തിന്റെ ഈണമായ് ഞാന്‍ വരും നിനക്കായി നിന്റെ സ്നേഹത്തിനായി.... വേര്‍പിരിയലിന്റെ നൊമ്പരവും പ്രണയത്തിന്റെ മധുരവും ഹൃദയത്തിലെ റ്റിയ ഞാന്‍ ഗന്ധര്‍വ ന്‍

ജിന്ന് said...

വ്യത്യസ്തം

Unknown said...

not read all the writings. The romantic and colourful style of writing impressed me. Story line is more clear, but let me express the truth, both in poem and story, you succeded in expressing your Heart. All the best. (Anandan, Bhavan Alumni)

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.