Pages

Saturday, December 24, 2011

ഇസബെല്ല - 2

                                                             
                                                                   ഭാഗം-രണ്ട്

കുന്നിന്‍ചെരുവിലൂടെ വളഞ്ഞുപുളഞ്ഞോഴുകുന്ന ഒറ്റയടിപാത..പാതയ്ക്കിരുവശവും പൈന്‍മരങ്ങള്‍ ഇടതിങ്ങി
നില്‍ക്കുന്നുണ്ട്....കുന്നിന്മുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ്മേരീസ് കത്തീഡ്രല്‍ ,ലോഹനിര്‍മ്മിതമായ കുരിശുരൂപം മൂടല്‍മഞ്ഞിനാല്‍ അവ്യക്തമാണ്...

കുഞ്ഞിനേയും അടക്കിപിടിച്ച് മുകളിലേക്ക് നടക്കുമ്പോള്‍
എമിലി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.....മനസ്സ്‌ പ്രക്ഷുബ്ധമാണ് , തങ്ങളുടെ ഇടവകയിലെ  പള്ളിവികാരിയായ ക്ലെമെന്റ് ലിയോയുടെ വാക്കുകളിലാണ് തന്‍റെയും ആബേലിന്‍റെയും ഇനിയുള്ള ജീവിതം....
അര്‍ത്ഥമില്ലാതായ തങ്ങളുടെ ജീവിതത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഈ കുരുന്നിന്റെ വരവ്...വളര്‍ത്താനുള്ള അനുമതി ലഭ്യമായില്ലെങ്കില്‍ വീണ്ടും തങ്ങളുടെ ജീവിതം ഏകാന്തതയുടെ പടുകുഴിയിലേക്ക്
പതിയ്ക്കും.......

ആബേല്‍ കപ്പ്യാര്പണി തുടങ്ങിയിട്ട് നീണ്ട പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.... പിതാവായ വിക്ടര്‍ മാര്‍ക്കസിന്റെ മരണത്തോടെ ആബേല്‍ മാര്‍ക്കസിനെ പള്ളിവികാരി നേരിട്ട് നിയമിക്കുകയായിരുന്നു...
കുടുംബത്തിന്‍റെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടാണ് അദ്ദേഹത്തെക്കൊണ്ട് കരുണാര്‍ദ്രമായ ഇങ്ങിനെയൊരു നിലപാട് എടുപ്പിച്ചത്..... പേരുപോലെതന്നെ കരുണയുള്ളവനും അതേസമയം കര്‍ക്കശക്കാരനുമായിരുന്നു ക്ലെമെന്റ് ലിയോ അച്ഛന്‍.......

ഓരോന്നും ചിന്തിച്ച് പള്ളിമുറ്റത്തെത്തിയത് എമിലി അറിഞ്ഞില്ല.... കുര്‍ബാന കഴിഞ്ഞ് ആളുകള്‍
പിരിഞ്ഞു പോയിരുന്നു....ആബേലിന്‍റെ നിര്‍ദേശപ്രകാരമാണ് അവള്‍ വൈകിയെത്തിയത്....കുഞ്ഞിനെ
കാണുമ്പോള്‍ പലര്‍ക്കും പലസംശയങ്ങളും ഉണ്ടാവും അവയ്ക്കൊക്കെ മറുപടി കൊടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രഹേളികയായി ആബേലിന് തോന്നിയിരുന്നു........

എമിലിയുടെ നില്‍പ്പ് കണ്ടുകൊണ്ടാണ് ആബേല്‍ പള്ളിമേടയില്‍ നിന്നും പുറത്തേയ്ക്ക് എത്തിയത് ......
ആബേലിനൊപ്പം ക്ലെമെന്റച്ചന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ അച്ഛനെന്തെങ്കിലും സൂചന നല്‍കിയിട്ടുണ്ടോ എന്ന് രഹസ്യമായി അന്വേഷിക്കാതിരുന്നില്ല..... ആബേല്‍ വെറുതെ മൂളുകമാത്രം ചെയ്തു....
എമിലിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.....

മുറിയിലേക്ക് പ്രവേശിച്ചതും ക്ലെമെന്റച്ഛന്‍റെ സൂക്ഷ്മമായ നോട്ടം എമിലിയിലേക്കും കൈകളില്‍ അടക്കിപ്പിടിച്ച
കുഞ്ഞുതുണിക്കെട്ടിലേക്കും പാറിവീണു........

" ദാ ! കുഞ്ഞിനെ ഇവിടെകൊണ്ടുവന്നു കിടത്തു..." മൂലയ്ക്ക് ചേര്‍ത്തുവെച്ച മേശയിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം ആജ്ഞാപിച്ചു.........

എമിലി ഭവ്യതയോടെ പാതിരിയുടെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട്
മേശയ്ക്കരികിലേക്ക് ഒതുങ്ങിനിന്നു......

ക്ലെമെന്റച്ഛന്‍ പുതപ്പുമാറ്റി ആ കുഞ്ഞുസുന്ദരിയുടെ മുഖത്തേക്ക് ഉറ്റുനോക്കി........ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍
ഒരു വേലിയേറ്റമുണ്ടായി.., ആ വികാരവിചാരങ്ങളെ അറിഞ്ഞപോലെ അവള്‍ മനോഹരമായി പുഞ്ചിരിച്ചു.... അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി........ ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ക്ലെമെന്റച്ഛന്‍ പതിയെ മുരടനക്കി.....

എമിലിക്കും ആബേലിനും അഭിമുഖമായി നിന്നുകൊണ്ട് ക്ലെമെന്റ്ലിയോ പാതിരി ഉച്ചത്തില്‍ ചോദിച്ചു...

" പറയൂ !! എന്താണ് നിങ്ങളുടെ ആഗ്രഹം.........? "

ആബേലും എമിലിയും ഒരുമയോടെ ശബ്ദിച്ചു...
" ഞങ്ങള്‍ വളര്‍ത്തിക്കോളാം പിതാവേ..!! "

" ശരി ! എങ്കില്‍ അങ്ങിനെയാവട്ടെ... !! പക്ഷെ ഒരു വ്യവസ്ഥയുണ്ട്... നാളെ ഇവള്‍ക്ക് അവകാശികള്‍ ഉണ്ടാവാം...
അവര്‍ വന്ന് തിരികെ ആവശ്യപ്പെട്ടാല്‍ യാതൊരു ഉപേക്ഷയും കൂടാതെ നിങ്ങളിവളെ തിരികെ നല്‍കണം.. അതിനു
നിങ്ങള്‍ക്ക് സമ്മതമാണോ അതാണ്‌ നമുക്കറിയേണ്ടത്..............? "

ആബേലും എമിലിയും മുഖത്തോടുമുഖം നോക്കി...എന്തു വ്യവസ്ഥകളും അവര്‍ക്ക് സ്വീകാര്യമായിരുന്നു കാരണം
ഒറ്റദിവസംകൊണ്ട്തന്നെ അവള്‍ അവരുടെ ഹൃദയങ്ങള്‍ കയ്യടക്കിയിരുന്നു..........

" സമ്മതം !! " ആബേലും എമിലിയും ഇപ്രാവശ്യവും ഒന്നിച്ചു.............
ഈ ഒത്തൊരുമയില്‍ ക്ലെമെന്റച്ഛന് അത്ഭുതം തോന്നാതിരുന്നില്ല എങ്കിലും അതദ്ദേഹം പ്രകടിപ്പിച്ചില്ല........

" എങ്കില്‍ മാമോദിസയ്ക്കുള്ള തിയ്യതി കുറിച്ച് എന്നെ സമീപിക്കൂ......ശേഷം തീരുമാനിക്കാം വേണ്ടാതെന്താണെന്ന്...........ഇപ്പോള്‍ പൊയ്ക്കോളൂ......!! "

എമിലിയുടെയും ആബേലിന്‍റെയും സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല......... അവര്‍ ക്ലെമെന്റച്ഛനോട്
തികഞ്ഞ നന്ദി അറിയിച്ചു........ കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ ക്ലെമെന്റച്ഛന്‍ വീണ്ടുമൊരു കാര്യം കൂടി അവരോട് ഉണര്‍ത്തിച്ചു........  അവരത് കാതുകള്‍ കൊണ്ടല്ല ഹൃദയം ചേര്‍ത്താണ് കേട്ടത്.....

" ആബേല്‍ ! ഇവള്‍ക്ക് ഇസബെല്ല എന്ന് നാമധേയം ചെയ്യൂ.........ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കപ്പെട്ട
കുഞ്ഞാണിവള്‍.. ഇവള്‍ക്ക് അച്ഛനും അമ്മയുമാകുക..! വേണ്ടത് ചെയ്യുക... നിങ്ങള്‍ക്ക് നല്ലത് വരും...."

ക്ലെമെന്റ്ലിയോ പാതിരിയുടെ അനുഗ്രഹം ചൊരിഞ്ഞ വാക്കുകളില്‍ ആബേലും എമിലിയും സ്വര്‍ഗ്ഗതുല്യമായ ഒരാനന്ദം അനുഭവിച്ചറിഞ്ഞു........
_____________________________________________________________

                                                                                                             തുടരും...............................

Tuesday, December 13, 2011

ഇസബെല്ല

                                                        
                                                                  ഭാഗം-ഒന്ന്

ദക്ഷിണയൂറോപ്പിലെ സ്കാന്ടിനെവിയന്‍ രാജ്യങ്ങളില്‍ ഒട്ടനവധി ദ്വീപുകള്‍ ചേര്‍ന്ന മനോഹരമായ രാജ്യമാണ് ഡെന്മാര്‍ക്ക്‌...
ഡെന്മാര്‍ക്ക് ദ്വീപസമൂഹങ്ങളില്‍പ്പെട്ട ഫിന്‍ഐലന്‍ഡിലെ സാമാന്യവലുപ്പമുള്ള ഒരു
പട്ടണമാണ് ഒടെന്‍സ് , സമൃദ്ധമായ ഗോതമ്പുപാടങ്ങളും മള്‍ബറി കാടുകളും ആപ്പിള്‍,സ്ട്രോബെറി
തോട്ടങ്ങളുമുള്‍പ്പെട്ട ഒടെന്‍സ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു പട്ടണമായിരുന്നു..............


                                      ഡിസംബറിലെ ഒരു ക്രിസ്മസ് സായാഹ്നം , ശൈത്യം പൊഴിയുന്ന കുന്നിന്‍ചെരുവുകളും  സൈപ്രസ്മരക്കാടുകളുമുള്ള ഒടെന്‍സിലെ ഒരു സുന്ദരഗ്രാമം.... മഞ്ഞുവീഴ്ച പതിവിലും കഠിനമായതിനാല്‍
ഗ്രാമവാസികള്‍ പുറത്തിറങ്ങാന്‍ പോലും മടിച്ചു... നെരിപ്പോടിനു ചുറ്റുമിരുന്ന് കുശലംപറഞ്ഞും തിന്നും
കുടിച്ചും അവര്‍ സമയം തള്ളിനീക്കി....കരോള്‍ഗാനങ്ങള്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതായി.....ആര്‍ക്കും
അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല , പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തുടരെതുടരെയുള്ള മഞ്ഞുവീഴ്ച
അവരുടെ മനംമടുപ്പിച്ചു... എങ്കിലും വിഭവസമൃദ്ധമായ ആഹാരം പാകം ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി...
തീപ്പട്ടികൂടുകള്‍ പോലുള്ള വീടുകളില്‍ നിന്ന് വറുത്ത ഇറച്ചിയുടെയും മധുരവീഞ്ഞിന്‍റെയും കൊതിപ്പിക്കുന്ന
ഗന്ധം പരന്നൊഴുകി.....തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും ഇല്ലാതിരുന്ന ആ രാത്രിയെ വരവേല്‍ക്കാന്‍ ഭൂമിയിലെ
നക്ഷത്രകൂടുകള്‍ അണിനിരന്നു....പലവര്‍ണ്ണങ്ങളിലുമുള്ള നക്ഷത്രവിളക്കുകള്‍ ആ ഗ്രാമത്തെ പ്രശോഭിതമാക്കി.....
ഗ്രാമപാതയ്ക്ക് എതിര്‍വശത്ത്‌ കുറച്ചുദൂരം പിന്നിടുമ്പോള്‍ മരവേലിയോട് കൂടിയ ഒരു ഒറ്റപ്പെട്ട വീടുണ്ട്..........
മനോഹരമായ സ്വാഭാവികപുല്‍ത്തകിടിക്ക് മുകളിലായി മരപാളികള്‍ ചേര്‍ത്തു നിര്‍മ്മിച്ച ഒരു കൊച്ചുവീട്...
മേല്‍ക്കുരയുടെ പകുതിയോളം മഞ്ഞുമൂടിയിരുന്നു...വീടിനോട് ചേര്‍ന്നുനിന്നിരുന്ന വില്ലോമരത്തിന്‍റെ ചില്ലകള്‍
മഞ്ഞുപാളികളുടെ കനത്തഭാരംമൂലം മേല്‍ക്കുരയിലേക്ക് പാതിചാഞ്ഞിട്ടുണ്ട്...
ഈ കൊച്ചുവീട്ടിന്‍റെ ഏകാന്തതളങ്ങളില്‍ വീട്ടുകാരായ ആബേലും എമിലിയും കയ്പ്പുള്ളഓര്‍മ്മകളുടെ
കനത്തഭാരവും പേറി രണ്ടാത്മാക്കളായി ജീവിക്കുന്നു............

            
                         ഏകാന്തതയുടെ അഞ്ചുവര്‍ഷങ്ങള്‍ ഓടിയൊളിക്കാന്‍ കഴിയാത്തവിധം മുന്‍പില്‍ നില്‍ക്കുന്നു, ആബേലിന്‍റെ ഹൃദയം തേങ്ങി...... തന്‍റെയും എമിലിയുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുവര്‍ഷത്തോളം ആയിരിക്കുന്നു... ആദ്യവര്‍ഷങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നുപോയി..
പക്ഷെ ഒരു കുഞ്ഞിന്‍റെ കുറവ് കാലം കഴിയുംതോറും അവരെ ശക്തമായി അലട്ടിക്കൊണ്ടിരുന്നു......
ജീവിതത്തിനോട് നിരാശബാധിച്ച രണ്ടു പേക്കോലങ്ങള്‍,അവരെക്കുറിച്ച് അവര്‍തന്നെ വിശേഷിപ്പിക്കുന്നത്
ഇങ്ങിനെയാണ്..അതിശൈത്യമുള്ളയീ ക്രിസ്മസ് രാത്രിയില്‍ ചുരുണ്ടുകൂടി നെരിപ്പോടിനു മുന്‍പില്‍
കിടക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല തനിക്കും എമിലിക്കും ഇതുപോലൊരു ഭാഗ്യമുണ്ടാവുമെന്ന്.....
        

ദ്രവിച്ചുതുടങ്ങിയ മരവാതില്‍ ശക്തമായ ഇടിയേറ്റ് കുലുങ്ങി........

" നോക്കൂ ആബേല്‍ !! ആരോ നമ്മുടെ വാതിലില്‍ ശക്തിയായി ഇടിക്കുന്നു...എണീക്കൂ ..
കൊടുംശൈത്യത്തില്‍ ആരോ ബുദ്ധിമുട്ടുന്നുണ്ട്....."

കണ്ണുകള്‍ തിരുമ്മി എമിലിയെ നോക്കുമ്പോള്‍ ആബേലിനും തോന്നി പുറത്തു ആരോ സഹായത്തിനു വേണ്ടി കേഴുന്നതുപോലെ........ എഴുന്നേറ്റുച്ചെന്ന് മരവാതിലിന്‍റെ കൊളുത്തുനീക്കുമ്പോള്‍
ആബേലിന് തെല്ലും ഭയംതോന്നിയില്ല... ശൈത്യം അത്രയ്ക്ക് കഠിനമാണ് വഴിപോക്കരില്‍ ചിലര്‍ മരണത്തെ
മുഖാമുഖം കാണും.... തണുത്തുറഞ്ഞ രക്തധമനികളെ ചൂടുപിടിപ്പിക്കാന്‍ നെരിപ്പോട് തിരയും........
ഇന്നും അതുപോലെ ആരോ സഹായത്തിനായി തങ്ങളുടെ മുന്‍പില്‍ എത്തിയിരിക്കുന്നു....

വാതിലിന്‍റെ ഒരു പാളിതുറന്ന് ആബേല്‍ തലപുറത്തേയ്ക്കിട്ടു നോക്കി.....

" ഹേയ് എമിലീ !! പുറത്താരുമില്ലല്ലോ........"
" ഒന്നുകൂടിനോക്കൂ പിന്നെയാരാണ് വാതിലില്‍ ശക്തമായി മുട്ടിയത്‌.......? "

ആബേലിന്‍റെ കണ്ണുകള്‍ പുറത്തെ ഇരുട്ടിലേക്കും വെള്ളാരംകല്ലുകള്‍ പതിച്ച മുറ്റത്തേയ്ക്കും നീണ്ടു....
നക്ഷത്രവിളക്കിന്‍റെ ചുവന്നവെളിച്ചത്തില്‍ വില്ലോമരത്തിന്‍റെ ചുവട്ടിലായി ഒരു രോമപുതപ്പ്
ചുരുട്ടിവെച്ചിരിക്കുന്നത് ആബേല്‍ ശ്രദ്ധിച്ചു....അയാളതിലേക്ക് സൂക്ഷിച്ചുനോക്കി പതുക്കെ പറഞ്ഞു.....

" എമിലി !! ഇതുകണ്ടോ ഒരു രോമപുതപ്പ് ,അതിനുള്ളില്‍ എന്തോ അനങ്ങുന്നുണ്ട്..വെളിച്ചം അടുത്തേക്ക്‌
കൊണ്ടുവരൂ...." മെഴുകുതിരിക്കുറ്റിയുടെ തെളിഞ്ഞപ്രകാശത്തില്‍ അവരാക്കാഴ്ച കണ്ടുനടുങ്ങി...
രോമപുതപ്പിനുള്ളില്‍ മാസംപോലുംതികയാത്ത ഒരു കൊച്ചുകുഞ്ഞു കൈകാലുകള്‍ ശ്രമകരമായി ചലിപ്പിക്കുന്നു...

" ആബേല്‍ !! ഇതൊരു പെണ്‍കുഞ്ഞാണ്‌..കൊച്ചുസുന്ദരി...ഇവളെ ഇവിടെ കൊണ്ടുവന്നു കിടത്തിയിട്ട്
അധികനേരമായിട്ടില്ല , നോക്കൂ തണുപ്പ് തട്ടിയപ്പോള്‍ അവളുടെ മുഖം ചുളിയുന്നു..."

കൊച്ചുസുന്ദരിയെ വാരിയെടുത്ത് മാറോടുചേര്‍ത്തപ്പോള്‍ അവളുടെ കുഞ്ഞുവിരലുകള്‍ എമിലിയുടെ മാറില്‍
പരതി,ചുവന്നുതുടുത്ത ചുണ്ടുകള്‍ നുണച്ചു നീലകണ്ണുകള്‍ കൂര്‍പ്പിച്ച് അവള്‍ എമിലിയെ ഉറ്റുനോക്കി..............
വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന എമിലിയുടെ മാതൃത്വം ഉണര്‍ന്നു.........

" ആബേല്‍ !! നമുക്ക് കര്‍ത്താവ്‌ നല്‍കിയ സമ്മാനമാണിവള്‍, നമുക്കിവളെ വളര്‍ത്താം......"

ഭയത്താല്‍ ആബേലിന്റെ ശരീരം വിറച്ചു , അന്നത്തെ നിയമങ്ങള്‍ കര്‍ശനമായിരുന്നു പ്രഭുക്കന്മാരുടെ
ഭരണത്തിന്‍ കീഴിലായിരുന്നു ഒരോ പ്രവിശ്യകളും.. സ്വേച്ഛാധിപതികളായ പ്രഭുക്കന്മാര്‍ തന്നിഷ്ടത്തിന് നിയമങ്ങള്‍
ഉണ്ടാക്കുകയും അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും  ചെയ്തിരുന്നു... ചെറിയകുറ്റങ്ങള്‍ക്ക് പോലും
വലിയ ശിക്ഷകള്‍ നടപ്പാക്കിയിരുന്നു...

" ആബേല്‍ !!...."  എമിലിയുടെ ശബ്ദം അയാളുടെ ചിന്തകളെ നിഷ്പ്രഭമാക്കി... വാക്കുകള്‍ക്കു വേണ്ടി പരതിയ
 ആബേല്‍ എമിലിയെ ഉറ്റുനോക്കി...അയാളുടെ വാക്കുകള്‍ ചിലമ്പിച്ചു...

"നോക്കൂ ! നമ്മള്‍ വളരെ കഷ്ടിച്ചാണ് കഴിഞ്ഞുകൂടുന്നത്.അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നു,
അതിനിടയില്‍ ഈ കുഞ്ഞിന്‍റെ കാര്യം നമുക്കധികഭാരമാവും,ഒരു കാര്യംചെയ്യാം നമുക്കിവളെ ക്ലെമെന്റച്ഛനെ
ഏല്പിക്കാം.....പോരാത്തതിന് പ്രവിശ്യാനിയമം ഈ കുഞ്ഞിനെ വളര്‍ത്താന്‍ നമ്മെ അനുവദിക്കില്ല "

" ആബേല്‍ പറഞ്ഞത് വാസ്തവമാണ് പക്ഷെ നമുക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അതിനെ സംരക്ഷിക്കാന്‍ 
ബാധ്യതപ്പെട്ടവരാകില്ലേ നമ്മള്‍ , അന്നും ഇതുപോലെ ഒഴിഞ്ഞുമാറാന്‍ കഴിയുമോ....? നിയമപ്രശ്നങ്ങള്‍ നമുക്ക്
ക്ലെമെന്റച്ഛനുമായി സംസാരിക്കാം..അദ്ദേഹം തീരുമാനിക്കട്ടെ..." 

ആബേലിന് ഉത്തരമില്ലാതായി...
എമിലിയുടെ മടിയില്‍ക്കിടന്നു കൈകാലിട്ടടിക്കുന്ന കൊച്ചുസുന്ദരിയെ നോക്കിയിരിക്കുമ്പോള്‍
ആബേലിന്‍റെ ഹൃദയം തരളമായി......
__________________________________________________________________

                                                                                                               തുടരും....................
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.