Pages

Friday, August 19, 2011

അസ്തമയസൂര്യന്‍ എന്നോട് പറഞ്ഞത്..



ചക്രവാളസീമയ്ക്കപ്പുറം പ്രശാന്തമായ സന്ധ്യയ്ക്ക് ഓര്‍മ്മകളുടെ
ചിതല്‍തിന്ന മൂടുപടങ്ങളില്ല...വേദനയോടെ പറന്നുപോയ എന്‍റെ പറവയ്ക്ക് ആരോ നിഴല്‍ച്ചിറകുകള്‍ തുന്നിച്ചേര്‍ത്തിരുന്നു..ഇളംകാറ്റിന്റെ നനുത്ത തൂവലുകള്‍ മിഴികളെ പൊതിഞ്ഞപ്പോള്‍ വരണ്ട കവിള്‍ത്തടങ്ങളെ
നനച്ച് രണ്ടരുവികള്‍ പിറന്നു.... മേഘക്കീറുകള്‍ക്കിടയില്‍പ്പെട്ട് പിടയുന്ന
നക്ഷത്രക്കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ഹൃദയത്തില്‍ മൌനമായൊരു നൊമ്പരം വിങ്ങി...

" വിമല്‍.. നമുക്കീ മഴ നനയണം..."

" എന്താ വര്‍ഷാ നിനക്കു വട്ടായോ...മഴയെവിടെ...? "

" നോക്കൂ വിമല്‍ മഴയോടൊപ്പം ഈ മരുക്കളും പെയ്യുന്നുണ്ട്....

ദേ.. ! നീണ്ട ശിഖരങ്ങള്‍ നീട്ടിയാ വെള്ളമേഘങ്ങളില്‍ തൊട്ട് അവ കിന്നാരം പറയുന്നുണ്ട് ................ "

" മതി വര്‍ഷാ നിന്‍റെ വിഭ്രാന്തികള്‍.... "

" വിമല്‍.. നീയെന്നെ പ്രണയിക്കുന്നുണ്ടോ...? "

" നിന്‍റെ മിഴികള്‍ കോര്‍ത്ത് അധരത്തില്‍ നുകര്‍ന്ന് ഞാനെന്‍റെ പ്രണയം പങ്കുവെക്കാം....അതുമതിയോ...? "

" വിമല്‍... നിന്നില്‍ ഒരു മഴ പെയ്യുന്നുണ്ട്.... എനിക്കൊപ്പം നീയും............... "

കടലലകള്‍ കാറ്റിനൊപ്പം ഇളകിമറിഞ്ഞു....ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചത്തോടെ എന്നിലൂടെ പറന്നു നടന്നു........

" സന്ധ്യയുടെ ചുവപ്പില്‍ , വിമല്‍ നിന്‍റെ കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നുണ്ട്..."

" എനിക്കിപ്പോള്‍ പിതൃത്വം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് വര്‍ഷാ... "

" വിമല്‍ എനിക്കു പരിഭവമില്ല...  നിന്റെയീ നിഴല്‍ച്ചിറകുകള്‍ ഞാനവയ്ക്കു നല്‍കട്ടെ.... ? "

"  വര്‍ഷാ..... നീ പറയുന്നത്.....?  "

" അതെ വിമല്‍....!! അസ്തമയസൂര്യന്‍ എന്നോടു പറഞ്ഞതും അതായിരുന്നു......"

____________________________________________________________________
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.