Pages

Sunday, July 24, 2011

കളിത്തോഴന്‍




മുറ്റത്തെ പൈപ്പില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ടാണ് വസുന്ധരാമ്മ പുറത്തേക്ക് വന്നത്...

" പൈപ്പ്‌ തുറന്നിട്ട്‌ ഈ പെണ്ണിതെവിടെ പോയി...? "

" ആമീ.............!! ഒച്ചേം അനക്കോം ഒന്നും കേക്കിണില്ലല്ലോ ഭഗവാനേ ! നിറവയറും വെച്ച് ഈ കുട്ടിയിതെന്താ കാണിക്കണത് ....? "

വസുന്ധരാമ്മ പൈപ്പടച്ച് തിരിയുമ്പോള്‍ കിഴക്കേത്തൊടിയുടെ അറ്റത്ത് ഒരു നിഴലാട്ടം കണ്ടു...
നിറവയറും താങ്ങിപിടിച്ചു കറിയാച്ചന്‍റെ തൊടിയിലേക്ക് മിഴിനട്ടു നില്‍ക്കുകയായിരുന്നു അഭിരാമി...

" എന്താ ആമീ ഇത് !! പല്ലും തേയ്ക്കാതെ പൈപ്പും തുറന്നിട്ട്‌ തൊടിയില് എന്തെടുക്ക്വാ..? , പുറത്തു മഞ്ഞുണ്ട് ട്ടോ....!!
നനഞ്ഞുകിടക്കണ ഉണക്കിക്കിലയില്‍ നല്ല മൂത്തപാമ്പുണ്ടാവും...., വേഗം ഇങ്ങോട്ടു പോരൂ കുട്ടീ ......!!
പെറ്റെണീറ്റു പോവുമ്പോഴേക്കും എന്തൊക്കെ ഉണ്ടാക്കിതീര്‍ക്ക്വോ എന്തോ.....!! "

" നോക്കമ്മേ ! ഞാനും ശരത്തേട്ടനും കൂടിനട്ട ആ ഗോമാവില്ലേ.. ദാ..! അത് കായ്ച്ചിരിക്കുണൂ...!! എന്ത്രയാ മാങ്ങോള്!! മാമ്പഴപുളിശ്ശേരി
കഴിക്കാന്‍ കൊതിയാവുണു.............!! " കറിയാച്ചന്‍റെ തൊടിയിലേക്ക് വിരല്‍ചൂണ്ടിയുള്ള ആമിയുടെ പറച്ചില്‍ കേട്ടപ്പോള്‍
വസുന്ധരാമ്മയുടെ ഉള്ളിലൊരു പുകച്ചില്‍ അനുഭവപ്പെട്ടു.......

" കൂടപ്പിറപ്പാണെന്നു പറഞ്ഞിട്ടെന്താകാര്യം ആവോളം പറഞ്ഞതാ അന്യജാതിക്കാര്‍ക്ക് തൊടികൊടുക്കണ്ടാന്ന്‍... !!
എന്തായിരുന്നു അന്നത്തെ വാശി.......!! , വില്‍ക്കല്ലേ എങ്കില്‍ ഞാനെടുത്തോളാന്ന്‍ അന്നേ വിശ്വേട്ടന്‍ പറഞ്ഞതാ....അതിലാ പിഴച്ചത്
അന്യര്‍ക്ക് വെറുതെ കൊടുത്താലും കൂടപ്പിറപ്പിന് കൊടുക്കില്ല്യാത്രേ......!! എന്നിട്ടിപ്പോ എന്തായീ തറവാട്ടുവകയില്‍ കണ്ണിക്കണ്ട ജാതികള്
കിടന്നു നെരങ്ങാനായി......"

അമ്മയുടെ ആത്മഗതം കേട്ടപ്പോള്‍ അഭിരാമിക്ക് ഒന്നും പറയേണ്ടിയിരുന്നില്ല എന്നുതോന്നി...

എല്ലാറ്റിനും അമ്മാമയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല..... ശരത്തേട്ടനു വേണ്ടി തന്നെ ഒരുപാട് ആഗ്രഹിച്ചതല്ലേ അമ്മാമേം അമ്മായീം ,
പഠിപ്പു പോരെന്നും പറഞ്ഞ് അച്ഛനും അമ്മേം  കൂടി ആ ആലോചന വേണ്ടെന്നു വെയ്ക്കുമ്പോള്‍ വിളറിമങ്ങിയ അവരുടെ
മുഖങ്ങള്‍ ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല....! കുട്ടിക്കാലം മുതല്‍ക്കെ പറഞ്ഞുവെച്ച ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അന്ന് അച്ഛനുമമ്മയ്ക്കും
ഏറെ ന്യായങ്ങളുണ്ടായിരുന്നു....... പണവും പ്രതാപവും കൊണ്ട് ബന്ധത്തെ അളക്കാന്‍ കഴിയില്ലെന്നു പറഞ്ഞിരുന്ന അച്ഛന്‍
ഒരവസരം വന്നപ്പോള്‍ എല്ലാം മറന്നു..... അച്ഛനെ എതിര്‍ക്കാനുള്ള ത്രാണി അന്ന് അമ്മാമയുടെ കുടുംബത്തിനുണ്ടായിരുന്നില്ല.....!!!

എല്ലാം വിറ്റ്പെറുക്കി യാത്രപോലും പറയാതെ പോകുമ്പോള്‍ ഒന്നു തിരിച്ചുവിളിക്കാനോ കൂടെപോവാനോ കഴിയാതെ വഴിവക്കില്‍
ഒരു കുറ്റവാളിയെപ്പോലെ തലകുമ്പിട്ടുനിന്ന തന്‍റെ നിസ്സഹായത ദൂരെനിന്നെങ്കിലും ഒരുപക്ഷെ ശരത്തേട്ടന്‍ കണ്ടിട്ടുണ്ടാവും...........
അന്നുമുതല്‍ ഇന്നോളം തന്‍റെ കണ്ണുനീര്‍ ഉണങ്ങിയിട്ടില്ല.... മറ്റൊരാളുടെ ഭാര്യയായിട്ടും അയാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടും
മനസ്സെന്നും ശരത്തേട്ടന്‍റെ ഓര്‍മ്മകളിലൂടെ മാത്രം സഞ്ചരിച്ചിരുന്നു.....

അഭിഷേക് - അഭിരാമി, പേരില്‍ എന്താ ഒരു ചേര്‍ച്ച....!! , രണ്ടുപേരും എഞ്ചിനീയര്‍മാര്‍....ഇതില്‍പരം വേറെന്തു പൊരുത്തം വേണം.....
ലണ്ടനില്‍നിന്നുമുള്ള എഞ്ചിനീയര്‍ ചെറുക്കന്‍ എന്നുകൂടി കേട്ടപ്പോള്‍ അച്ഛനില്‍ നിന്നും മറുത്തൊരു തീരുമാനം ഉണ്ടായില്ല.......
അഭിഷേകും താനും തമ്മിലുള്ള വിവാഹം പെട്ടെന്നുതന്നെ നിശ്ചയിക്കപ്പെട്ടു.....

കുട്ടിക്കാലം മുതല്‍ക്കെ ഭയത്തോടു കൂടി മാത്രം കണ്ടിരുന്ന സ്നേഹമായിരുന്നു അച്ഛന്‍... ! "
വിശ്വനാഥമേനോന്‍ " എന്ന അദ്ദേഹത്തിന്‍റെ താന്‍പോരിമയ്ക്ക് എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കുടുംബത്തിലാര്‍ക്കും കഴിയുമായിരുന്നില്ല.....
ആരും കാണാതെ, ഒന്നും പുറത്തു കേള്‍പ്പിക്കാതെ പുതപ്പിനടിയില്‍ എത്ര ദിനങ്ങള്‍ താന്‍ കരഞ്ഞുതീര്‍ത്തിരിക്കുന്നു................
ഇന്നും ആ നോവിന്‍റെ വലുപ്പം കൂടിയിട്ടുണ്ടെന്നല്ലാതെ ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല......അതിലെല്ലാം ഉപരിയായി അഭിഷേകിനും തനിക്കും
പരസ്പരം പൊരുത്തപ്പെടാന്‍പോലും ഇതുവരെ  കഴിഞ്ഞിട്ടില്ല..........

ആമിയുടെ ഇതുവരെയുള്ള ജീവിതം ആര്‍ക്കൊക്കെയോ വേണ്ടിയായിരുന്നു...സ്വന്തമെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്ത ഒരു പെണ്ണ്...
അഭിരാമിക്ക് കടുത്ത ആത്മനിന്ദ തോന്നിത്തുടങ്ങി......... " ഒന്നും വേണ്ടിയിരുന്നില്ല ആര്‍ക്കുവേണ്ടി....!
തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ട ഒരു പ്രാണി..!! കത്തിതീരാന്‍ അധികസമയം വേണ്ട...!!, അവള്‍ ചെറുതായൊന്നു നിശ്വസിച്ചു....

കവിളിലേക്ക് പാറിവീണ പൊടിമഴ അവളുടെ ചിന്തകളെ ഉണര്‍ത്തി.........ശരീരം കുളിരാന്‍ തുടങ്ങിയിരുന്നു.... ഇറയത്തേക്ക് കയറുമ്പോള്‍
അച്ഛന്‍റെ ഉച്ചത്തിലുള്ള ശകാരവും അമ്മയുടെ അടക്കിപ്പിടിച്ച സംസാരവും അഭിരാമി കേട്ടില്ലാന്നു നടിച്ചു...........
-----------------------------------------------------------------------------------


" ദേ ! ആമീ ... ഇതുകണ്ടോ ഒരു വെറ്റിലതുമ്പി........!! "

" എവിടെ ശരത്തേട്ടാ കാണട്ടെ.......!! "

" നോക്ക് ദാ! അതെന്റെ കൈയ്യിലുണ്ട്............"

" ഇങ്ങനെ അമര്‍ത്തിപ്പിടിച്ചാല്‍ അത് ചത്തുപോവില്ല്യെ..? തുറന്നുവിടൂ കാണട്ടെ...! "

" അങ്ങനെയിപ്പോ വേണ്ട...എന്നിട്ട് നിനക്ക് പിടിക്കാനല്ലേ....? "

" ഇല്ല ഞാനതിനെ തൊടില്ല്യാ...ഒന്നുകണ്ടാ മാത്രം മതി... പ്ലീസ്....... !! "

" ശരി ശരി സമ്മതിച്ചു ! പക്ഷെ ഒരു കാര്യോണ്ട്.... "

" എന്താ.............?? "

" നിനക്ക് ഞാനൊരൂട്ടം തരാം... അമ്മായിയോട് പറഞ്ഞുകൊടുക്കരുത്...."

" ഇല്ല....ഞാന്‍ പറയില്യാ ട്ടോ..........!! "

" സത്യം ...? "

" ഉം ! സത്യം !! "

" എങ്കിലെന്റെ അടുത്തുവാ..."

" അതെന്തിനാ ...? "

" വാ...പറയാം...! "

" ഉം....!! "

" കുറച്ചുകൂടി അടുത്ത്....! "

" അയ്യേ !! ഇങ്ങിനെയല്ല..... കുറച്ചുകൂടി അടുത്തേക്ക്‌ വാ..........! " അവന്‍ കൊഞ്ചി................
ആമിയുടെ മുഖം അടുത്തെത്തിയപ്പോള്‍ ശരത്തിന്‍റെ ചുണ്ടുകള്‍ പെട്ടെന്നവളുടെ കുഞ്ഞുകവിളില്‍ അമര്‍ന്നു.....................!!

" ആമിയോപ്പൂ..............! ദെ..! അച്ഛന്‍ വിളിക്കുണൂ........ " ഗോപികയുടെ ശബ്ദംകേട്ട് അഭിരാമി ഞെട്ടിത്തിരിഞ്ഞു........
കവിളില്‍ കൈകള്‍ചേര്‍ത്ത് നിറകണ്ണുകളോടെ നില്‍ക്കുന്ന ചേച്ചിയെ കണ്ടപ്പോള്‍ അവള്‍ക്കെന്തോ പന്തികേട് തോന്നി.........

" ഈ ഓപ്പുവിനിതെന്താ പറ്റിയത്...! വന്നമുതല്‍ ഞാന്‍ ശ്രദ്ധിക്കണതാ ഒന്നിനും ഒരുഷാറില്ല....,
എപ്പൊഴും തൊടീലും പാടത്തും ഒറ്റയ്ക്ക് നടക്ക്വാ......!! ആരോടും ശരിക്ക് മിണ്ടണപോലൂല്യാ... ലണ്ടനില്‍ പോയിവന്നപ്പോ ഞങ്ങളെയൊന്നും
പിടിക്കാതായോ...?? ഗോപികയുടെ പരിഭവം കേട്ടുകഴിഞ്ഞപ്പോള്‍ അഭിരാമി അവളുടെ കവിളില്‍ പതിയെ നുള്ളി.......

" ഒന്ന് പോടീ...! ലണ്ടനില്‍ ഞാന്‍ ഡയാനാ രാജകുമാരി ആയിരുന്നൂല്ലോ നിന്നോടൊക്കെ കെറുവിക്കാന്‍...... എന്‍റെ മോള്‍ക്ക്‌ പഠിക്കാനൊന്നൂല്യെ..!!
ഇവിടിങ്ങിനെ വായ്നോക്കി നില്‍ക്കാതെ പോയിരുന്നു പഠിക്കെടീ................! "

" ഓ പിന്നെ ! നട്ടുച്ച നേരത്തല്ലേ പഠിക്കണത്‌.......!! " പിണങ്ങിത്തിരിഞ്ഞ് അമര്‍ത്തിച്ചവിട്ടി നടന്നുനീങ്ങിയ ഗോപിക കുറച്ചുദൂരംചെന്നു
തിരിഞ്ഞുനിന്ന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു...... " പിന്നെ....! അച്ഛന്‍ അവിടെ അന്വേഷിക്കുണുണ്ട് ട്ടോ...വേഗം വരൂ...."
-----------------------------------------------------------------------------------


 ആറേഴുതവണയായി വിളിക്കുന്നു... റിംഗ് പോവുന്നുണ്ട് എടുക്കുന്നില്ല അതല്ലെങ്കില്‍ കാള്‍ മുറിക്കുന്നു... അഭിരാമി ഈര്‍ഷ്യയോടെ മൊബൈല്‍
ടേബിളിലേക്കിട്ടു...............................

" എന്താ മോളെ അഭിയെ വിളിച്ചിട്ട് കിട്ടിണില്ല്യെ...? നീയാ മുറ്റത്തേയ്ക്കിറങ്ങി വിളിക്ക് ഉള്ളില് റേഞ്ച് ഇണ്ടാവില്ല്യാ.........!! "

അഭിരാമി അശ്രദ്ധയോടെ ഇരിക്കുന്നതു കണ്ടപ്പോള്‍ വസുന്ധരാമ്മയ്ക്ക് ദേഷ്യംപിടിച്ചു........

" എന്തായാലും പറയാതിരിക്കാന്‍ കഴിയിണില്ല.....! അന്നുനിന്നെ കൊണ്ട്വന്നാക്കിയ ശേഷം പോയതല്ലേ എല്ലാരും....,
എന്നിട്ട് ഇത്രേം ദിവസായിട്ടും എന്തെങ്കിലും ഒരന്വേഷണം ഉണ്ടായോ....? അവന്‍ തിരിച്ചുപോണതിനു മുന്‍പ് ഇത്രേടം വരെ ഒന്നുവരേണ്ടതല്ലേ..!
അതുണ്ടായില്ല...!! ,അതുപോട്ടെ വിളിച്ചൊന്നു യാത്രപോലും പറഞ്ഞില്ല്യാന്നുവെച്ചാ എന്താ അതിന്‍റെയൊക്കെ അര്‍ത്ഥം..? "

" അമ്മേം അച്ഛനും കൂടി കണ്ടുപിടിച്ചുതന്ന ബന്ധല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി...... " അഭിരാമി പൊട്ടിച്ചിരിച്ചു...........
നടുമുറ്റത്തേയ്ക്ക് കയറിയ വിശ്വനാഥമേനോന്‍ തെല്ല് നിശ്ചലനായി.....അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്ക് നോക്കിയ വസുന്ധരാമ്മയ്ക്ക് വല്ലായ്മ തോന്നി....

" ഉം ..ഉം ..അഹഹാ ....അഹഹാ .....
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം.........
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ.....
താനെ വന്നു നിറയുന്നതോ..
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ..
സ്നേഹമെന്തെന്നു തേടി നാം എന്നുമേ...................
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ.............."

മനോഹരമായ മൊബൈല്‍ സംഗീതത്തിനൊടുവില്‍ അഭിരാമി "ഹലോ" പറഞ്ഞു...... അവള്‍ക്ക് ഏറെയൊന്നും പറയാനോ കേള്‍ക്കാനോ
ഉണ്ടായിരുന്നില്ല.....എല്ലാറ്റിന്‍റെയും അവസാനം ഒരുപക്ഷെ ഇങ്ങിനെയൊക്കെ ആയിരിക്കാം..... കോള്‍ അവസാനിപ്പിച്ച് അഭിരാമി
ദീര്‍ഘമായൊന്നു നിശ്വസിച്ച് സോഫയിലേക്ക് ചാരിക്കിടന്നു പതുക്കെ കണ്ണുകളടച്ചു...... അമ്മയുടെ വിരലുകള്‍ നെറ്റിയില്‍ തൊട്ടപ്പോള്‍
ഹൃദയത്തിനുള്ളില്‍ ഒരു തണുപ്പ് പടരുന്നത് അവളറിഞ്ഞു.........................

" അഭിയാണോ വിളിച്ചത്...? "

" അല്ല.....! "

" പിന്നെ................ ?? "

" സ്വരൂപ്‌ ! അഭിയേട്ടന്‍റെ ഫ്രണ്ട്...."

" എന്താ കാര്യം...? "

" അമ്മേ....!  ഇന്നലെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ വെച്ച്  അഭിയേട്ടന്‍റെ വക കൂട്ടുകാര്‍ക്കെല്ലാം  ഗംഭീരപാര്‍ട്ടിയുണ്ടായിരുന്നു.........!! "

" അതിനെന്തിനാ നിന്‍റെ മുഖം വാടിയിരിക്കണത്..............??? "

അഭിരാമി എഴുന്നേറ്റിരുന്ന്‍ അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി...എന്നിട്ട്  ഒരു  കടംകഥ പറയുന്ന ലാഘവത്തോടെ തുടര്‍ന്നു...........

" അവിടെവെച്ച് അമ്മയുടെ മരുമോന്‍ അഭിഷേക് മേനോന്‍ കൂട്ടുകാരിയായ വെറോണിക്ക പേളിന്‍റെ കഴുത്തില്‍ താലികെട്ടിയിരിക്കുണൂ‍....!!
പിന്നെ വേറൊരു കാര്യം കൂടി അറിഞ്ഞു... അവരിപ്പോ എട്ടുമാസം ഗര്‍ഭിണി കൂടിയാണത്രേ........"

തലയ്ക്ക് ഇരുമ്പ്കുടം കൊണ്ട് അടിയേറ്റതുപോലെ വസുന്ധരാമ്മ പുളഞ്ഞു........
കട്ടിളപ്പടിയില്‍ പിടിച്ച അവരുടെ കൈകള്‍ തളര്‍ന്നുതൂങ്ങി........ഉടലോടെ ഊര്‍ന്ന് അവര്‍ വെറുംനിലത്തേയ്ക്ക് ചെരിഞ്ഞുവീണു................!!
----------------------------------------------------------------------------------------



 ശ്മശാനതുല്യമായ മൂകത അവിടെയെങ്ങും തളംകെട്ടിനിന്നു....... കൊടുംപേമാരി ഏറെക്കുറെ അവസാനിച്ചിരുന്നെങ്കിലും അന്തരീക്ഷത്തില്‍
അനിര്‍വചിനീയമായ ഒരു പിരിമുറുക്കം തങ്ങിനിന്നു..... വാക്കുകള്‍ മറന്നതുപോലെ ആരും പരസ്പരം സംസാരിച്ചില്ല... മുഖാമുഖസംഗമങ്ങള്‍
കഴിവതും ഒഴിവാക്കി അവര്‍ കൂടുതല്‍സമയവും സ്വന്തം മുറികളില്‍ അഭയം തേടി.... അഭിരാമി മാത്രം തന്‍റെ ചിന്തകളെ ഭൂതകാലത്തില്‍ തളച്ചിട്ടു....
അവള്‍ ഏറെ നേരവും ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി...................................................

ഒരു സന്ധ്യ , മൂടിക്കെട്ടിയ മാനം പിണക്കം മറന്ന് പെയ്യാന്‍ തുടങ്ങിയിരുന്നു.....മഴനൂലുകള്‍ മണ്ണില്‍ പൂക്കള്‍ നെയ്യുന്നതും നോക്കി ആമി ഉമ്മറത്തെ
ചാരുപടിയില്‍ ഇരുന്നു...... ക്ലാസ്സ്‌ കഴിഞ്ഞ് ഗോപിക കൂട്ടുകാരികളുമൊത്ത് ഗെയിറ്റിനടുത്തെത്തിയിരുന്നു...പെരുമഴയത്തുള്ള സ്വകാര്യവും
യാത്രപറച്ചിലും കഴിഞ്ഞ് അവള്‍ ഗെയിറ്റ് കടന്ന് പൂമുഖത്തെത്തി....

" എന്താ മോളെ താമസിച്ചത് ..? "

" മഴ തോര്‍ന്നിട്ട് ഇറങ്ങാന്നും കരുതി ഞങ്ങളെല്ലാരും കൂടി സ്കൂളില്‍ തന്നെ നില്‍ക്കായിരുന്നു......"

" മേല് കഴുകീട്ടു വാ... ടേബിളില്‍ ചായേം പലഹാരോം എടുത്തുവെച്ചിട്ടുണ്ട്.........."

" ആമിയോപ്പൂ.... !! അമ്മയെവിടെ ? "

" അമ്മയ്ക്ക് വയ്യാതെ കിടക്കാ...! നീ പോയി ശല്യം ചെയ്യണ്ടാ..............!! "

മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു....മുറ്റത്ത് കുറേശ്ശെയായി വെള്ളം പൊങ്ങിത്തുടങ്ങി.........
" പുറത്തേയ്ക്കുള്ള ഓവുകളൊക്കെ അടഞ്ഞൂന്ന്‍ തോന്നുന്നു... വെള്ളം ഒഴുകിപോണില്ല്യല്ലോ..........!! " ആഭിരാമി ആരോടെന്നില്ലാതെ പറഞ്ഞു........

" ഓപ്പൂ.... ഈ ആണുങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലല്ലേ......? "

" നീ പലഹാരം കഴിച്ചില്ല്യെ....? "

" കഴിച്ചു....!! പക്ഷെ..ഞാന്‍ ചോദിച്ചതിനു ഉത്തരം കിട്ടിയില്ല്യാ ട്ടോ.......... "

" എന്തേ നിനക്കിപ്പോ ഇങ്ങിനെ തോന്നാന്‍....? "

" ഒന്നൂല്ല്യാ.... നമ്മുടെ ശരത്തേട്ടനില്ലേ....! കല്യാണം കഴിക്കാന്‍ പോണൂന്ന്‍..... നിങ്ങള് ഭയങ്കര ഇഷ്ടായിരുന്നില്ല്യെ........!! "

" ഗോപൂ........ അമ്മ കേള്‍ക്കണ്ട..........!! " അഭിരാമിയ്ക്ക് അരിശം വന്നു.............
" ആഹ്....! ശരത്തേട്ടന്റെ കാര്യം അതെങ്ങിനെ നിനക്കറിയാം....? അവരിപ്പൊ ശേഖരീപുരത്താണല്ലോ താമസം....!! "

" ഓപ്പൂ...ഞാനൊരു കാര്യം പറയാം....അമ്മ അറിയണ്ട ട്ടോ...!! "

" എന്താ മോളൂ.... ? "

" ശരത്തേട്ടന്‍ ഇപ്പൊ ഞങ്ങടെ സ്കൂളില് പഠിപ്പിക്കുണുണ്ട്.... ഹയര്‍സെക്കന്‍ഡറിയിലാ....!! "
അഭിരാമിയുടെ മുഖം വിടര്‍ന്നു..... അവളുടെ മിഴികളില്‍ മുന്‍പെങ്ങും ഇല്ലാതിരുന്ന തിളക്കം ദൃശ്യമായി.............

" എന്നിട്ട്.... ശരത്തേട്ടന്‍ നിന്നെ കണ്ട്വാ..? എന്തുചോദിച്ചു....? അവിടെല്ലാര്‍ക്കും സുഖാണോ ......? "

" ഉം...!! എന്നോട് ഇന്നാ മിണ്ടിയത്.... ഓപ്പൂന്‍റെ കാര്യം അറിഞ്ഞു അതില് വിഷമമുണ്ടെന്നും പറഞ്ഞു....."

അഭിരാമിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി........... അവളുടെ മുഖത്തേയ്ക്ക് നോക്കിയ ഗോപികയ്ക്ക് അതിശയം തോന്നി....
സ്വന്തം ജീവിതം തകര്‍ന്നടിഞ്ഞിട്ടും ആ കണ്ണുകള്‍ നനഞ്ഞു കണ്ടിട്ടില്ല.... എല്ലാ വിഷമങ്ങളെയും പുറത്തറിയിക്കാതെ മറച്ചുപിടിച്ച്
മനോഹരമായി പുഞ്ചിരിക്കാനുള്ള കഴിവ് ആമിയോപ്പുവിനുണ്ട്.... പക്ഷെ ഇപ്പോള്‍ അറിയാതെയാണെങ്കിലും ആ സങ്കടം പുറത്തേയ്ക്കൊഴുകുന്നു....
ശരത്തിനോടുള്ള അഭിരാമിയ്ക്കുള്ള വികാരം എത്ര ശക്തമാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു..............

" ഓപ്പൂ...........................!! "

" ഉം............!! " അഭിരാമി പെട്ടന്ന് മിഴികള്‍ അമര്‍ത്തിത്തുടച്ചു...." ആഹ്....നീയെന്താ ആദ്യം പറഞ്ഞത്...ശരത്തേട്ടന്‍റെ വിവാഹമാണെന്നോ...? "

" ഉം...... നിശ്ചയം അടുത്തുണ്ടാവുമെന്നു കേള്‍ക്കുണുണ്ട്‌....! സ്കൂള്‍ മുഴുവനും പാട്ടായി.......പുതുതായി വന്ന ടീച്ചറാ......" നന്ദിനി ടീച്ചര്‍.....!! "   "
പിന്നീട് ആ വിഷയത്തെക്കുറിച്ച് അഭിരാമിയ്ക്ക് കൂടുതലായൊന്നും 

ചോദിക്കാന്‍ തോന്നിയില്ല...............

" ഗോപൂ...... ഓപ്പൂനൊരു സഹായം ചെയ്യോ....? "

"  ഉം................. " യാന്ത്രികമായി ഗോപിക മൂളി..........

" എനിക്ക് ശരത്തേട്ടനെ ഒന്ന് കാണണന്ന് നീ ചെന്നു പറയണം..... വേങ്ങേരിയപ്പന്‍റെ നടയില് വന്നാമതി.... സൌകര്യപ്പെടുമ്പോള്‍ ഈ
അപേക്ഷയൊന്നു പരിഗണിക്കാന്‍ പറയൂ....... "

" ഉം......!! അറിയിക്കാം...... പക്ഷെ അമ്മ അറിഞ്ഞാ കിട്ടണ തല്ലും കൂടി ഓപ്പു വാങ്ങിച്ചോണം.........!! "

" മ്...മ്..........!!! "
അവര്‍ രണ്ടുപേരും ഉറക്കെ പൊട്ടിച്ചിരിച്ചു........................

----------------------------------------------------------------------


വേങ്ങേരി ശിവക്ഷേത്രമാണെങ്കിലും പുലര്‍ച്ചയ്ക്ക് അവിടെനിന്നും ഉയര്‍ന്നുകേള്‍ക്കുന്ന കീര്‍ത്തനങ്ങളില്‍ ഏറെയും ദേവിസുപ്രഭാതമായിരുന്നു......
കാമാക്ഷി സുപ്രഭാതത്തിന്‍റെ ഹൃദയഹാരിയായ ശീലുകള്‍ അവിടെയെങ്ങും ഭക്തിയുടെ തെളിഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു.....................

ഗര്‍ഭം എട്ടുമാസം പൂര്‍ത്തിയായതിനാല്‍ അഭിരാമി ക്ഷേത്രത്തില്‍ പ്രവേശിച്ചില്ല... പുറത്തുനിന്നും പിന്‍വിളക്കുതൊഴുത് ദേവനുള്ള
പ്രദക്ഷിണം പൂര്‍ത്തിയാക്കി അവള്‍ കുളപ്പടവിലേക്ക് നടന്നു....

സാമാന്യവലുപ്പമുണ്ടായിരുന്നു അമ്പലക്കുളത്തിന്.......ആമ്പലിലകള്‍ ജലോപരിതലത്തില്‍ മനോഹരമായൊരു പ്രതലം സൃഷ്ടിച്ചിരുന്നു....
സ്ഥിരമായി പൂജയ്ക്ക് പൂഷ്പങ്ങള്‍ ഇറുക്കുന്നതുകൊണ്ട് അവിടവിടെയായി കുറച്ചുപൂക്കള്‍ മാത്രമായിരുന്നു കുളത്തിലുണ്ടായിരുന്നത്.....
കല്‍പ്പടവില്‍ നല്ലവഴുക്കല്‍ ഉണ്ടായിരുന്നതിനാല്‍ അഭിരാമി അവിടെനിന്നും മാറി അരമതിലിനോട് ചേര്‍ന്നുനിന്ന അരളിചുവട്ടിലേക്കു നീങ്ങിനിന്നു......
അനുനിമിഷം അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു..... മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ശരത്തേട്ടന്‍റെ മുന്‍പില്‍.....
അഭിരാമിയ്ക്ക് കൈകാലുകള്‍ തണുത്തുറഞ്ഞു പോകുന്നതുപോലെ തോന്നി....

അതേസമയം ദര്‍ശനംകഴിഞ്ഞു പുറത്തേയ്ക്ക് വന്ന ശരത്ത് ദൂരെനിന്നുതന്നെ അഭിരാമിയെ ശ്രദ്ധിച്ചു......
മെറൂണ്‍ കളറില്‍ ആഷ് ഷെയിടുള്ള മനോഹരമായ സില്‍ക്ക്‌സാരിയായിരുന്നു അവള്‍ ഉടുത്തിരുന്നത്.............
ഒരൊറ്റലയറില്‍ ഞൊറിഞ്ഞുകുത്തിയ മുന്താണി ഉയര്‍ന്നുനിന്ന ഉദരത്തെ പൂര്‍ണ്ണമായും മറച്ചിരുന്നു..................
ലൈറ്റ്‌ബ്രൌണ്‍ നിറംപുരണ്ട പട്ടുപോലുള്ള മുടി ആധുനീക രീതിയില്‍ വിടര്‍ത്തിയിട്ടിരുന്നു....മുന്‍പുള്ളതിലും ചുവന്നുതുടുത്തിരുന്നു കവിളുകള്‍...
ലണ്ടന്‍നഗരം അവളുടെ രൂപത്തില്‍ ആവശ്യമായഅളവില്‍ വശ്യമായ പാശ്ചാത്യസൌന്ദര്യം ചാര്‍ത്തിക്കൊടുത്തതായി ശരത്തിനു തോന്നി.........

" ആമീ...........................!! "

ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അഭിരാമിയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല......... ഒരിക്കലും കാണാനിടയില്ലാത്ത
പ്രിയസ്വപ്നം കണ്മുന്നില്‍ നില്‍ക്കുമ്പോള്‍ അവള്‍ ശബ്ദം വീണ്ടെടുക്കാന്‍ അല്‍പം പ്രയാസപ്പെട്ടു.................

" ശരത്തേട്ടന്‍....!! കാവില്‍ കയറിയിട്ടാണോ വരുന്നത്.................? "

" അതെ...............!! ഇതാ പ്രസാദം....... "
ശരത്ത് നീട്ടിയ ഇലക്കീറില്‍ നിന്നും ചന്ദനം തൊട്ട് നെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ അഭിരാമി ഒളികണ്ണിട്ട് ആ മുഖത്തേയ്ക്ക് നോക്കി............

" പഴയതിലും തടിച്ചിട്ടുണ്ട് ശരത്തേട്ടന്‍..........!! "
അവളുടെ കണ്ണുകളില്‍ തെളിഞ്ഞ കുസൃതി കണ്ടപ്പോള്‍ ശരത്തിന്‍റെ ഹൃദയം തരളമായി....................................

അവര്‍ തമ്മിലുള്ള വര്‍ഷങ്ങളുടെ ഇഴയകലം നിമിഷങ്ങള്‍ കൊണ്ട് അലിഞ്ഞില്ലാതായി..............
അല്പനേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ശരത്ത് തന്‍റെ ഉത്കണ്ഠ വെളിപ്പെടുത്തി....................

" ആമീ... ! ഞാനൊന്ന് ചോദിക്കുന്നതുകൊണ്ട് നിനക്ക് വിഷമമൊന്നും തോന്നരുത്..... സത്യത്തില്‍ എന്താ നിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്........?
അഭിഷേകിന് എന്താ പറ്റിയത്....?? "

അഭിരാമിയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന പ്രസരിപ്പ് നഷ്ടമായി.... എങ്കിലും അതൊട്ടും പുറമെക്കാട്ടാതെ പ്രസന്നത വരുത്തി അവള്‍
ശരത്തിനെ നോക്കി പുഞ്ചിരിച്ചു.........

" അഭിയേട്ടന്‍ ഒരു തെറ്റും ചെയ്തിട്ടില്ല്യ...!! എല്ലാറ്റിനും കാരണം ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബങ്ങളാണ്.......
വെറോണിക്കയുമായി അഭിയേട്ടനുള്ള സ്നേഹബന്ധം ശക്തമായിരുന്നു........അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് നീങ്ങിയപ്പോഴാണ്
അഭിയേട്ടന്‍റെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത്.....ഒരു ക്രിസ്ത്യാനിയെ തറവാട്ടില്‍ കയറ്റിയാലുള്ള അവസ്ഥ അറിയാല്ലോ...!!
ആഭിജാത്യത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് ഒരു വിലയും നല്‍കാത്ത യാഥാസ്ഥിതികസമൂഹല്ലേ......, ഇവരുടെയൊക്കെ പ്രതിനിധികളായിരുന്നൂല്ലോ
നമ്മുടെയൊക്കെ കുടുംബങ്ങളുടെ സിരാകേന്ദ്രം....അവരുടെ പിടിവാശി ജയിച്ചു.... ആത്മഹത്യാഭീഷണിക്കുമുന്‍പില്‍ അഭിയേട്ടന്‍ തളര്‍ന്നു.....
അപ്പോഴും ഒന്നും അറിയാതെ പുറംമോടിയില്‍ മയങ്ങി മകളുടെ ജീവിതത്തെ ഭദ്രമാക്കാന്‍ പെടാപ്പാടുപെട്ടത് എന്‍റെ പാവം അച്ഛനാണ്...........
പക്ഷെ അവിടെയെല്ലാം വല്ല്യവില നല്‍കേണ്ടി വന്നത് ഞാനായിരുന്നു....... പാപത്തിന്‍റെ പങ്കുള്ളതുകൊണ്ട് എന്‍റെ അച്ഛനുമമ്മയും ഇവിടെ
യാതൊരു സഹതാപവും അര്‍ഹിക്കിണില്ല്യന്ന് എനിക്കറിയാം..... വിവാഹശേഷം ആദ്യരാത്രിയില്‍ത്തന്നെ അഭിയേട്ടന്‍ കാര്യങ്ങള്‍
വ്യക്തമാക്കിയതായിരുന്നു.........ഒരു ജീവിതം പ്രതീക്ഷിക്കണ്ടാന്നു തുറന്നുപറഞ്ഞു.... !!! "

" അപ്പോള്‍ത്തന്നെ നിനക്ക് തിരിച്ചുവരാമായിരുന്നില്ലേ......!! എന്തിനായിരുന്നു ഈ ത്യാഗം...?? "

" ത്യാഗമായിരുന്നില്ല.... ഒരുതരം വാശി.... ശരത്തേട്ടനെ നഷ്ടപ്പെട്ടപ്പോള്‍ത്തന്നെ ആമി പാതിശവമായിത്തീര്‍ന്നിരുന്നു...."

ശരത്തിന്‍റെ ഹൃദയത്തില്‍ ആ വാക്കുകള്‍ ഒരു മുള്ളായി തറഞ്ഞുകേറി.... അവളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ശരത്ത് മുഖംതിരിച്ചു........

" എങ്കിലും എനിക്കവിടെ ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല്യ.... ആനയെ എഴുന്നള്ളിക്കുംപോലെ വേഷംകെട്ടിച്ച് എല്ലായിടത്തും കൊണ്ടുനടന്നു....
പക്ഷെ ഫ്ലാറ്റിനുള്ളില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും അന്യരായിരുന്നു...... പതുക്കെപതുക്കെ അഭിയേട്ടനില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി... എന്‍റെ ജീവിതം
പൂര്‍ണ്ണമായും തകര്‍ന്നത്‌ അവിടെനിന്നാണ്.......കിടപ്പറയില്‍ മാത്രം ഭാര്യയായി കാണാന്‍തുടങ്ങിയപ്പോള്‍ അതുവരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന
വിലക്കുകളെല്ലാം അപ്രസക്തമായി.....ആ നിമിഷം അഭിരാമി മരിച്ചുകഴിഞ്ഞിരുന്നു.... "

അവളുടെ മിഴികള്‍ പിടഞ്ഞു.......നീര്‍ക്കണങ്ങള്‍ പൊഴിയാതിരിക്കാന്‍ അഭിരാമി അലസമായി ക്ഷേത്രത്തിലെ സുവര്‍ണ്ണക്കൊടിമരത്തിലേക്ക്
നോക്കിനിന്നു........പതിവില്‍ക്കവിഞ്ഞ കുറുകലോടെ പറന്നുവന്ന നാലോളം അരിപ്രാവുകള്‍ കൊടിമരത്തിന്‍റെ ഉച്ചിയില്‍ ഇരിപ്പുറപ്പിച്ചു.....
അവയുടെ ചുവന്ന കണ്ണുകള്‍ക്ക് അവളുടെ വിഷാദത്തിന്‍റെ നിറമാണെന്ന് ശരത്തിന് തോന്നി.............

" ശരത്തേട്ടന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് ഗോപു പറഞ്ഞു............. !! " അഭിരാമി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു.......

" ഉം......... ഉറപ്പിച്ചിട്ടില്ല...!! തീയതി അടുത്തുതന്നെ നിശ്ചയിക്കും.........."

" എന്നെയും ക്ഷണിക്കുമോ.....?? "

" എന്തേ ആമീ നീ കുട്ടികളെപ്പോലെ.........!!! "

" നന്ദിനി ടീച്ചറല്ലെ....? സുന്ദരിയാണോ...?? "

" ചമയങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ഒരു പെണ്‍കുട്ടി........ !! "

" പിന്നെ പ്രണയമായിരുന്നോ.........?? "

" അല്ല.... നിന്നെയല്ലാതെ ഞാനാരേയും ഇതുവരെ പ്രണയിച്ചിട്ടില്ല..........!! "

അഭിരാമിയുടെ ഹൃദയത്തില്‍ ഒരു വേനല്‍മഴ കുളിരായ്‌ പെയ്തിറങ്ങി...............

" നന്ദിനിയും ഞാനും വെറും സഹപ്രവര്‍ത്തകര്‍ എന്നതിലുപരി വളരെ നല്ല സുഹൃത്തുക്കളാണ് ‍.... അവള്‍ക്കെന്നെ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്...
ജാതകദോഷത്തിന്‍റെ പേരില്‍ ആ കുട്ടിയുടെ ജീവിതം മുരടിച്ചുപോകുന്നതുകണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.... എന്‍റെ ജാതകം നന്ദിനിയെ
ഏല്‍പ്പിക്കുമ്പോഴും വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല...ഒരു പരീക്ഷണം എന്നുമാത്രമേ ചിന്തിച്ചുള്ളൂ....... അവിടെ എല്ലാ പൊരുത്തവും
തെളിഞ്ഞപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ലാ............. !! " ഇത്രയും പറഞ്ഞ് ശരത്ത് ഒന്നുനിര്‍ത്തി..........

തെളിഞ്ഞആകാശത്തില്‍ അങ്ങിങ്ങായി മഴമേഘങ്ങള്‍ മൂടാന്‍ തുടങ്ങിയിരുന്നു.... അവ പ്രകാശത്തെ മറച്ച് പരസ്പരം കുശലം പറഞ്ഞ്
തൊട്ടുരുമ്മിക്കടന്നുപോയി..... പരസ്പരം പറയാന്‍ മറന്ന വാക്കുകള്‍ അവര്‍ക്കിടയില്‍ അല്പനേരത്തേയ്ക്കെങ്കിലും നിഗൂഡമായൊരു
മൌനം സൃഷ്ടിച്ചു........

" മഴ വരുന്നുണ്ട് ആമി പൊയ്ക്കോളൂ....................!! "

" ശരത്തേട്ടാ............. !!! "

തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ ശരത്തിനെ ആ ശബ്ദം പിടിച്ചുനിര്‍ത്തി....... ശരത്തിന്‍റെ അടുത്തേയ്ക്കു വന്ന അഭിരാമി ആ കൈകള്‍ കവര്‍ന്നു......

" എന്നോട് ദേഷ്യണ്ടോ ശരത്തേട്ടാ...............? "

ഒരുനിമിഷം പകച്ചുപോയ ശരത്ത് സ്ഥലകാലബോധം വീണ്ടെടുത്തു..... അവളുടെ മുറുകിയ കൈകള്‍ വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കതിന്
കഴിഞ്ഞില്ല.........

" എന്താ ആമീ ഇത്.... ? നിന്നോടെനിക്ക് ദേഷ്യോ...........!! എന്നും സ്നേഹം മാത്രമേ തോന്നീട്ടുള്ളൂ............!! "

" ശരത്തേട്ടാ..........!! ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നന്ദിനി ടീച്ചറാവണം.........!! "

അഭിരാമിയുടെ ഹൃദയം വിങ്ങിപ്പൊട്ടി... അവള്‍ പെട്ടെന്ന് ആ കൈകളിലുള്ള പിടിവിട്ട് നടപാതയിലേക്ക് ഇറങ്ങിനടന്നു............

അവള്‍ കാഴ്ചയില്‍നിന്നും മായുന്നതുവരെ ശരത് നിര്‍ന്നിമേഷനായി അവിടെനിന്നു....
ഉള്ളുനിറയെ കനലുമായ്‌ തൊട്ടടുത്തുനിന്നും പടിയിറങ്ങിപ്പോയത് ഓര്‍മ്മവെച്ചനാള്‍ മുതല്‍ തന്റേതുമാത്രമായിരുന്ന പെണ്ണാണ്.......
അവളുടെ ഇന്നത്തെ അവസ്ഥയ്ക്ക് താനുമൊരു കാരണമല്ലേ.....!!! ഇഷ്ടപ്പെട്ട പെണ്ണിനെ തന്റേടത്തോടെ വിളിച്ചിറക്കിക്കൊണ്ടുപോകാനുള്ള
ധൈര്യംപോലും അന്നുണ്ടായില്ല അങ്ങിനെ ചെയ്തിരുന്നെങ്കില്‍ തന്‍റെ ആമിക്കീ ദുര്‍ഗതി വരില്ലായിരുന്നു.........

വലിയൊരു ഭാരവും നെഞ്ചിലേറ്റിയാണ് അയാളന്ന്‍ സ്കൂളിലേക്കു നടന്നത്...........

--------------------------------------------------------------------------------


 " ആമിയോപ്പൂ................!! ആമിയോപ്പൂ...........!! "

ഗോപികയുടെ വെപ്രാളപ്പെട്ടുള്ള ശബ്ദംകേട്ട് അഭിരാമി കിടക്കയില്‍ കൈകുത്തി പെട്ടെന്നെണീറ്റു..........

" എന്താ ഗോപൂ.................?? "

" ഓപ്പൂ.......................!! " ഒരു നിലവിളിയോടെ ഗോപിക അഭിരാമിയെ കെട്ടിപ്പിടിച്ചു...........

" എന്താ.....! എന്താ മോളെ ....!! അമ്മയെവിടെ .........?? "

" ഓപ്പൂ.........!! നന്ദിനി ടീച്ചര്‍ വിഷം കഴിച്ചു....... ക്രിട്ടിക്കല്‍ കണ്ടീഷനാണന്നാ പറയണെ.....!! സ്കൂളിന്ന് അറിഞ്ഞതാ.. എല്ലാരും പോയിട്ടുണ്ട്.........
ചേച്ചിയാ കാരണംന്ന് എല്ലാരും പറയുണൂ...........!! "

ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ച് ഗോപിക ഉറക്കെ പൊട്ടിക്കരഞ്ഞു................

അഭിരാമിയുടെ ശരീരം ചുഴലിബാധിച്ചപ്പോലെ വിറച്ചു......... അവളുടെ അടിവയറ്റില്‍ നിന്നും ഒരു തീഗോളം നാലുപാടും ചിതറിയോടി.......
മുറിയ്ക്കുള്ളിലെ വസ്തുക്കളോരോന്നും അവളുടെ തലയ്ക്കുചുറ്റും ശക്തമായി കറങ്ങിക്കൊണ്ടിരുന്നു......... വല്ലത്തൊരലര്‍ച്ചയോടെ നിലത്തുവീണ
അഭിരാമി ശക്തമായി കൈകാലിട്ടടിച്ചു........ കറുത്തിരുണ്ട ചോരയും കൊഴുത്തദ്രാവകവും ചേര്‍ന്നമിശ്രിതം അവളുടെ കാലുകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങി........ അതൊരുനിമിഷംകൊണ്ട് മുറിക്കുള്ളില്‍ പരന്നൊഴുകി........ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ഗോപിക ആരൊക്കെയോ
മുറിക്കുള്ളിലേക്ക് പാഞ്ഞുവരുന്നതു മാത്രം കണ്ടു....... അവളുടെ മിഴികള്‍ കാഴ്ചയെ മറച്ചു.....അവള്‍ കിടക്കയിലേക്ക് തളര്‍ന്നുവീണു.......

----------------------------------------------------------------------------------



 " നിങ്ങള് പേഷ്യന്റിന് ആവശ്യമായ ബ്ലഡ്‌ അറേഞ്ച് ചെയ്തിട്ടില്ലേ....?? "

ലേബര്‍റൂമില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ കറുത്തുതടിച്ച നഴ്സ് പരുഷമായി ചോദിച്ചു...........

" ഉണ്ട് മാഡം............!! എന്‍റെ മോള്‍................................??? "  പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷ്ടിയും ധരിച്ച വസുന്ധരാമ്മയെ ഒന്നു രൂക്ഷമായി
നോക്കി അവര്‍ ലേബര്‍റൂമിലേക്കു തിരിച്ചുകയറി.............

" അഭിരാമിയുടെ ഗാര്‍ഡിയന്‍ ഒന്നെന്‍റെ റൂമിലേക്ക്‌ വരൂ..........."
അല്പസമയത്തിനുശേഷം പുറത്തുവന്ന ഡോക്ടര്‍ ഗീതാ ബാലന്‍ അവിടെകൂടിനിന്നവരോടായി പറഞ്ഞ് തന്‍റെ റൂമിലേക്ക്‌ നടന്നു......

വിശ്വനാഥമേനോന്‍ അരവാതില്‍ തുറന്ന് അകത്തേയ്ക്ക് കയറുമ്പോള്‍ ഡോക്ടര്‍ ഗീത അഭിരാമിയുടെ മെഡിക്കല്‍റിപ്പോര്‍ട്ട്‌ വിശദമായി
പരിശോധിക്കുകയായിരുന്നു........ ഇരിക്കാന്‍ കൈകാണിച്ച് അവര്‍ കഴുത്തിലെ സ്റ്റെതസ്കോപ്പ് ഒന്നുനേരെവലിച്ചിട്ടു നിവര്‍ന്നിരുന്നു......

" ഡോക്ടര്‍.... എന്‍റെ മോള്‍ക്ക്........?? "

" ഉം............! കുറച്ചു കോംബ്ലിക്കേറ്റഡ് ആണ്.... സിസേറിയന്‍ വേണ്ടിവരും.....!! അതിന് അഭിരാമിയുടെ ഹസ്ബന്റിന്‍റെ പെര്‍മിഷന്‍ വേണം....."

" ഡോക്ടര്‍... അവന്‍ വിദേശത്താ ഉള്ളത് .......!! ഞാനെവിടെയാ വേണ്ടെച്ചാ ഒപ്പിട്ടു തരാം.... ഇന്‍റെ കുട്ടിയെ രക്ഷപ്പെടുത്തിയാ മാത്രം മതി.......
ആ പേരില് ഓപ്പറേഷന്‍ വൈകിക്കാനിടവരരുത്.....!! "  ജീവിതത്തിന്‍റെ കണക്കുകൂട്ടലുകളെല്ലാം തകര്‍ന്ന ആ വൃദ്ധന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ
വിലപിച്ചു.........

" ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ട്.....!! അതുകൊണ്ടുതന്നെ ഇപ്പോള്‍ തീര്‍ച്ചയായി ഞങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ല......
എല്ലാറ്റിലും വലുത് ഈശ്വരനല്ലേ... നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ........!! എല്ലാം ശരിയാകും....... "

മേശപ്പുറത്തിരുന്ന കോട്ടെടുത്തു കൈകളിലേക്കിട്ടു അവര്‍ ധൃതിയില്‍ പുറത്തേയ്ക്കിറങ്ങി........

                       -------------------------------------------------------------------------------

അസുഖകരമായ ഒരു കുളിര്‍മ്മ ശരീരത്തിലേക്ക് പടര്‍ന്നുകയറുന്നത് അഭിരാമി അറിഞ്ഞു........ ചുറ്റുപാടുകളിലെ നിശബ്ദത അവളെ
ഭയചകിതയാക്കി......... കണ്ണുകളിലേക്ക് വെളുത്തപ്രകാശത്തിന്‍റെ നിഴലുകള്‍ പടരുന്നത് അവളുടെ കാഴ്ചയെ വികൃതമാക്കി................
കണ്‍പോളകള്‍ക്കുകീഴില്‍ പശപോലെ എന്തോഒന്ന് കനംവെച്ചിരുന്നു........ആയാസപ്പെട്ട് അവയെ പറിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു....
അത്യാധികം പ്രയാസപ്പെട്ടു തെന്നിനീങ്ങിയ കൃഷ്ണമണികള്‍ ഉറപ്പിച്ച് അവള്‍ പതുക്കെ കണ്ണുകള്‍ ചിമ്മി..... നേരിയ വിടവിലൂടെ
വെളുത്തരശ്മികള്‍ അവളുടെ റെറ്റിനയിലേക്ക് തുളഞ്ഞുകയറി.......ദൃഷ്ടികോണില്‍ എന്തോ ഒന്ന് ചലിച്ചുകൊണ്ടിരിക്കുന്നതായി അവള്‍ക്കു തോന്നി...
പതിയെ പതിയെ അവളുടെ കാഴ്ചകള്‍ക്ക് നിറം വന്നു.......... ഇപ്പോള്‍ അഭിരാമിക്ക് എല്ലാം കാണാം.....തൊട്ടടുത്ത സ്റ്റൂളില്‍ ഇരുന്ന മെലിഞ്ഞ സിസ്റ്റര്‍
അതിശയത്തോടുകൂടി അവളെയൊന്നു നോക്കി കര്‍ട്ടന്‍വിരി മാറ്റി പുറത്തേയ്ക്കുപോയി.... അഭിരാമി കഴിഞ്ഞതെല്ലാം ഒരു മൂടല്‍മഞ്ഞുപോലെ
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു........... അവളുടെ വിരലുകള്‍ പതിയെ ഉദരത്തില്‍ പരതി....... ശൂന്യമായൊരു പഴന്തുണിപോലെ അവള്‍ക്കതു തോന്നി...
ചുറ്റുപാടുകളിലെവിടെയെങ്കിലും ഒരു കുഞ്ഞിന്‍റെ അനക്കത്തിനു വേണ്ടി അവള്‍ കാതോര്‍ത്തുകിടന്നു.........

" ഹായ്‌ അഭിരാമി......... ഹൌ ആര്‍ യു നൌ.......??? " ഡോക്ടര്‍ ഗീതാ ബാലന്‍ മനോഹരമായി പുഞ്ചിരിച്ചു..........

" ഡോക്ടര്‍..... എന്‍റെ കുഞ്ഞ്.................?? "

" സോറി അഭിരാമീ......ഐ കാന്‍ണ്ട്.............!! "

അഭിരാമിയുടെ കൂര്‍ത്ത നോട്ടം ഡോക്ടറില്‍ പതിച്ചു........ അവളുടെ മുഖത്തെ അസാധാരണമായ ധൈര്യം ഡോക്ടറെ അമ്പരപ്പിച്ചു.......

" ഡോക്ടര്‍...........!! നന്ദിനി ടീച്ചര്‍ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട്...........? "

" ഇന്നലെരാവിലെ കൊണ്ടുവന്ന ആ സൂയിസൈഡ് കേസല്ലേ........... ?? " ഡോക്ടര്‍ കൂടെയുണ്ടായിരുന്ന ആ കറുത്തുതടിച്ച നഴ്സിനോട്‌ ആരാഞ്ഞു.....

" അതെ ഡോക്ടര്‍........!! അവര്‍ ഇപ്പോഴും ഐസിയുവിലാണ്..... ക്രിട്ടിക്കലാണ്........ ഹരിദാസ്‌ ഡോക്ടറുടെ പേഷ്യന്റാണ്...........!! "

" ഓക്കെ അഭിരാമി.........! യു ടേക്ക് റെസ്റ്റ്‌........!! "

" ഡോക്ടര്‍........! എനി-ക്ക് ശ..ര..ത്തേട്ട-നെ ഒന്നു കാണ..ണം...............!! " പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തില്‍ അഭിരാമിയുടെ വാക്കുകള്‍ മുറിഞ്ഞു....

" ഓക്കേ ഐ വില്‍ കോള്‍ ഹിം..............!! "
 
                   ----------------------------------------------------------------------------

ശരത്ത് നന്ദിനി കിടക്കുന്ന ഐസിയുവിനു മുന്‍പിലെ ചെയറില്‍ തലകുമ്പിട്ടിരിക്കുമ്പോഴാണ് വിശ്വനാഥമേനോന്‍ അവിടേക്കു കടന്നുവന്നത്.......

" ശരത്ത്...................... !! "

എവിടെയോ കേട്ടുപഴകിയ ശബ്ദംകേട്ട് അയാള്‍ മുഖമുയര്‍ത്തി........ മുന്‍പില്‍ നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വികസിച്ചുവന്നു...

" വല്യമ്മാമേ..................................!! "

സ്നേഹാദരങ്ങളോടെ വിനയാന്വിതനായി എഴുന്നേറ്റുനില്‍ക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ വിശ്വനാഥമേനോന്‍
ഉള്ളിന്‍റെയുള്ളില്‍ ചുരുങ്ങിച്ചെറുതായി ഒരു കടുകുമണിയോളം പോലും വലുപ്പമില്ലാതായി..........................
അദ്ദേഹം അവന്‍റെ കരങ്ങള്‍ കവര്‍ന്നു........ ആ മുഖത്തേയ്ക്ക് നോക്കി അയാള്‍ ശബ്ദമില്ലാതെ കരഞ്ഞു............!! ------------------------------------------------------------------------------



 അല്‍പം ഉയര്‍ത്തിവെച്ച ബെഡ്ഡില്‍ മലര്‍ന്നു കിടക്കുന്ന ആ രൂപത്തെക്കണ്ടപ്പോള്‍ രണ്ടുദിവസംമുമ്പ്‌ താന്‍കണ്ട ആമിയാണോ അതെന്നുപോലും
ശരത്ത് സംശയിച്ചു........ മുഖം നീരുവന്നു ചീര്‍ത്തിരുന്നു...... കണ്ണുകള്‍ക്കുചുറ്റും കറുപ്പ് വ്യാപിച്ചിരുന്നു.......
അവളുടെ രൂപം വീണ്ടും അവന്‍റെ മനസ്സില്‍ നീറ്റല്‍ പടര്‍ത്തി...

" ആമീ........................ !! "

ശാന്തമായി മയങ്ങുകയായിരുന്ന അഭിരാമി പെട്ടെന്നുതന്നെ കണ്ണുകള്‍ വലിച്ചു തുറന്നു...........
അവളുടെ മുഖത്ത് തീവ്രമായ വേദന പ്രകടമായിരുന്നു..........
എന്തോപറയാന്‍ ശ്രമിച്ച് വിഫലമായപ്പോള്‍ അവള്‍ കൈകള്‍ ഉയര്‍ത്തി അയാളെ അടുത്തേയ്ക്ക് ക്ഷണിച്ചു......
അവളുടെ അടുത്തേയ്ക്ക് ചെന്ന ശരത്ത് ആ കൈകളില്‍ പതിയെ തലോടി..........................
അവളുടെ കവിളുകളില്‍ കണ്ണീരിന്‍റെ നനവുപടരുന്നത് അയാളറിഞ്ഞു..............

" ന..ന്ദിനി ടീ...ച്ചര്......................?? "

" സുഖമായിരിക്കുന്നു........................!! "

" എന്തിനാ ഇങ്ങനെ ചെയ്തേ.........?  ഞാന്‍....ഞാനാണോ കാരണം.........? "

" അല്ല മോളൂ........ അത് ശരത്തിന് അവന്‍റെ ആമിയെ തിരിച്ചുകൊടുക്കാന്‍വേണ്ടി ടീച്ചര്‍ സ്വയം ഏറ്റെടുത്ത ഒരു ത്യാഗം.....
അത്ര കണക്കാക്കിയാല്‍ മതി......" ശരത്ത് കഠിനമായ വേദനയിലും പുഞ്ചിരി വരുത്തി...................

അഭിരാമി അവന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.......അവളുടെ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി....അവളുടെ മുഖം ചുവന്നു രക്തവര്‍ണ്ണമായി....
ശ്വാസോച്ഛ്വാസം ദ്രുതഗതിയിലായി....... ശരത്ത് ഭയപ്പാടോടെ അവളുടെ കൈകളില്‍ മുറുക്കെപ്പിടിച്ചു.................

" ആമീ...........!! എന്താപറ്റിയത്.....? ഞാന്‍ ഡോക്ടറെ വിളിക്കാം..........."  അവള്‍ കണ്ണുകള്‍കൊണ്ട് അയാളെ വിലക്കി..............

" ശരത്തേട്ടാ.......!! ടീച്ചര്‍ ശരത്തേട്ടനെ മനസ്സിലാക്കിയെന്ന് അന്നുപറഞ്ഞത് വെറുതെയാണല്ലേ.........!! ശരത്തേട്ടന്റെ മനസ്സില്‍ മുഴുവനും ഇപ്പോള്‍
ടീച്ചറാണെന്ന് എന്തേ ആ പാവത്തിനോട് പറഞ്ഞില്യാ........?? അന്ന് കാവില്‍ വെച്ച് ഈ കൈകളിലൊന്നു തൊട്ടപ്പോള്‍ എനിക്ക് മനസ്സിലായതാ
ഈ ശരത്തേട്ടന്‍ ആമിയുടെതല്ലെന്ന്......... "

അഭിരാമിയുടെ നോവിറ്റുന്ന വാക്കുകള്‍ക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ശരത്തിന്‍റെ മിഴികള്‍ നിറഞ്ഞുതൂവി..............

" ശരത്തേട്ടാ............!! ടീച്ചര്‍ക്ക് ഒന്നും വരില്യ......ആമിക്കുറപ്പുണ്ട്....ഇവിടെനില്‍ക്കണ്ട...പൊയ്ക്കോളൂ......വേഗം പൊയ്ക്കോളൂ.......!! "
അഭിരാമിയുടെ ശരീരം ശക്തമായി വിറയ്ക്കാന്‍ തുടങ്ങി...... ആ കൈകളില്‍ തണുപ്പ് പടരുന്നത് ശരത്ത് അറിഞ്ഞു........
കൈകള്‍കൂട്ടിപ്പിടിച്ചനിലയില്‍ അവള്‍ ശരത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി........

" ശര..ത്തേട്ടാ..........!! ഇനി..യൊരു......... ജന്മ...മു...ണ്ടെ..ങ്കി..ല്‍.... എ.നിക്ക്................ ന.ന്ദി..നി ടീച്ച..റാ...വണം.........!! "
അവളുടെ ചുണ്ടുകള്‍ക്കിടയില്‍ക്കിടന്ന്‍ വാക്കുകള്‍ മരവിച്ചു.........ആ കണ്ണുകള്‍ അവനിലേക്ക് മാത്രം ദൃഷ്ടിയൂന്നി അവ പതുക്കെ നിശ്ചലമായി.........

അവളുടെ കൈകളിലെ തണുപ്പ് പതിയെ അവനിലേക്ക് പടര്‍ന്നുകയറി....... ഒന്നുറക്കെ കരയുവാന്‍പോലുമാവാതെ വിഭ്രമം ബാധിച്ചവനെപ്പോലെ
ശരത്ത് കോറിഡോര്‍ കടന്ന് പുറത്തിറങ്ങി..... അകത്തേയ്ക്കു കയറിപ്പോയ അമ്മായിയുടെയും ഗോപികയുടെയും ഉച്ചത്തിലുള്ള വിലാപം അവന്‍റെ
ശിരോധമനികളില്‍ തട്ടി ചിതറിത്തെറിച്ചു.................. ഡോറിനോടുചേര്‍ന്ന ചുമരിലേക്ക് ചാരി അവന്‍ കണ്ണുകള്‍ ഇറുക്കെയടച്ചു...............
എത്രനേരം ആ നില്‍പ്പുനിന്നുവെന്ന് അവനറിഞ്ഞില്ല ശക്തമായി ആരോ തന്നെപ്പിടിച്ചു കുലുക്കിവിളിക്കുന്നതുപോലെ അവനു തോന്നി..........."

" ശരത്ത്.............. മോനെ......!! "

" നോക്കൂ മോനെ നന്ദിനി കണ്ണുതുറന്നു ട്ടോ......! ഇനി പേടിക്കാനൊന്നൂല്യാന്നു ഡോക്ടറ്‌ പറഞ്ഞു.........!!
അല്‍പംമുന്‍പ്‌ ഞങ്ങളെല്ലാരേം അവള് ശരിക്കും പേടിപ്പിച്ചതാ....!! പിന്നെല്ലാം നോര്‍മ്മലായി.......
ഭഗവതി കാത്തു...!! ദേ...കണ്ണുതുറന്നപ്പോ ആദ്യം തിരക്കിയത് നിന്നെയാ...........!! ഇപ്പൊ കൊണ്ടുവരാന്നുംപറഞ്ഞ് അമ്മ ഓടിവന്നതാ.....!! "

അതിയായ സന്തോഷത്തിലും അതിശയോക്തിയിലും ഇത്രയും പറഞ്ഞൊപ്പിച്ച നന്ദിനിയുടെ അമ്മ വിശാലം ശരത്തിന്‍റെ കൈകളില്‍പ്പിടിച്ചു വലിച്ചു.....

" വേഗം  പോവാം  മോനെ.............!! "

പെട്ടെന്നെവിടെനിന്നോ ഊര്‍ജ്ജം കിട്ടിയപോലെ ശരത്ത് യാന്ത്രികമായി വരാന്തയിലൂടെ ഐസിയുവിലേക്ക് പാഞ്ഞു.........................
അവന്‍റെ കര്‍ണ്ണപടത്തില്‍ മാറ്റൊലികളായി അഭിരാമിയുടെ ശബ്ദം അലയടിച്ചു.......,

" ശര..ത്തേട്ടാ..........!! ഇനി..യൊരു......... ജന്മ...മു...ണ്ടെ..ങ്കി..ല്‍.... എ.നിക്ക്................ ന.ന്ദി..നി ടീച്ച..റാ...വണം.........!! "
 
__________________________________________________ 
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.