Pages

Friday, May 6, 2011

ഒരു കൈക്കുടന്ന പൂക്കള്‍...കറുപ്പില്‍ നീലക്കല്ലുകള്‍ പതിച്ച ഷിഫോണ്‍ സാരി കയ്യിലെടുത്തപ്പോള്‍
മനസ്സ് എന്തെന്നില്ലാതെ തുടിച്ചു...സതീഷ്‌ ഒന്നാമത്തെ വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ചത്...അന്നാ സാരി ചുറ്റി കണ്ണാടിയ്ക്ക് മുന്‍പില്‍ നിന്നപ്പോള്‍ സതീഷ്‌ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്...

" നീ ഒരുപാട് സുന്ദരിയാണ്..നിന്‍റെ അളവുകള്‍ക്ക് കൃത്യതയുണ്ട്.." 
 എന്‍റെ പൊട്ടിച്ചിരിയില്‍ സതീഷിന്‍റെ വാക്കുകള്‍ കുതിര്‍ന്നു...ഒരു നനഞ്ഞ പക്ഷിയെ പോലെ അവനെന്നെ ചേര്‍ത്തുപിടിച്ചു..
" നിനക്ക് ചെമ്പകത്തിന്‍റെ മണമാണ് അതെന്നെ മത്തുപിടിപ്പിക്കുന്നു മീരാ.... " 
" സത്യാ നിനക്കിതെന്തു പറ്റി..? ഇന്ന് വല്ലാത്ത മൂടിലാണല്ലോ..."
സ്നേഹം കൂടുമ്പോള്‍ എനിക്കവന്‍ സത്യയായിരുന്നു....എന്‍റെ ചോദ്യങ്ങള്‍ പിന്നീടവന്‍ കേട്ടില്ല..എന്നിലേക്ക് ആവേശത്തോടെ പെയ്തിറങ്ങാനുള്ള വെമ്പലിലായിരുന്നു.... ശക്തമായി പെയ്തിറങ്ങിയ മഴയില്‍ അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു..
 " നീ സുന്ദരിയാണ്..." 

സതീഷ്‌ അങ്ങിനെയായിരുന്നു ഞാനെന്നും അവന്‍റെ പ്രണയിനിയായിരുന്നു.. സതീഷുമൊത്തുള്ള ഒരു വര്‍ഷത്തെ വിവാഹജീവിതം ആഹ്ലാദത്തിന്‍റെ പൂക്കാലമായിരുന്നു...അന്നവന്‍ എന്നില്‍ നിന്ന് ഇറങ്ങിപ്പോയത് ആ സ്നേഹവസന്തവും കൊണ്ടാണ്.... വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ഞെരുങ്ങുമ്പോഴും ആ ചുണ്ടുകള്‍ തിരക്കിയിരുന്നു.....
 " മീരാ !! നിനക്കൊന്നും പറ്റിയില്ലല്ലോ.."

ഒന്നലറിക്കരയാന്‍പോലുമാവാതെ പകച്ചുപോയ നിമിഷങ്ങള്‍...സതീഷ്‌ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു...ഒരിക്കല്‍ പോലും അവന്‍റെ ഓര്‍മ്മകളില്‍ നിന്ന് തനിക്ക് ഓടിയൊളിക്കാന്‍ കഴിഞ്ഞിട്ടില്ല...
ഓര്‍മ്മകള്‍ക്ക് ഉയരം വെച്ചുതുടങ്ങിയിരിക്കുന്നു....അവ അംബരചുംബികളെ നിഷ്പ്രഭമാക്കി വാനോളം ഉയര്‍ന്നു പൊങ്ങി...മേഘങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി....തണുത്ത കൂട്ടില്‍ നനുത്തരോമത്തൂവലുകള്‍ ചേര്‍ത്ത് ചൂടുപകരുന്ന ഇണക്കുരുവികള്‍...ശൂന്യതയില്‍ നിന്നും ലക്ഷ്യം തെറ്റി വന്ന ഒരമ്പ് ഹൃദയത്തെ വിണ്ടുകീറി കടന്നുപോയി...അങ്ങുദൂരെ ഇണക്കുരുവിയുടെ തേങ്ങലുകള്‍ ഓര്‍മ്മകളെ തകര്‍ത്തുകൊണ്ട് ഉച്ചത്തില്‍ ചിലച്ചുകൊണ്ടിരുന്നു...ഊര്‍ന്നു വീണ സാരി മാറോടടുക്കി മൊബൈല്‍ കയ്യിലെടുത്തപ്പോള്‍ അമീനിന്‍റെ ചിരിക്കുന്ന മുഖം ഡിസ്പ്ലേയില്‍ തെളിഞ്ഞു.....


" എന്താ അമീ..? "  അമിയുടെ നിശബ്ദതയുടെ അര്‍ത്ഥം അറിയാമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചു......
 "എന്താ അമീ ഒന്നും മിണ്ടാതെ..?"
 "നീ പോകാന്‍ തീരുമാനിച്ചോ...? "   അമിയുടെ മൌനത്തില്‍ നിന്നും അടര്‍ന്നു വീണ വാക്കുകളില്‍ സംശയം നിഴലിച്ചിരുന്നു...
 "നിന്നോട് ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ..പോണം...!! ഈ ദിവസം എനിക്ക് മറക്കാന്‍ കഴിയ്യോ അമീ...?" പുറത്തേക്ക് വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതവന്‍റെ മുന്‍പില്‍ വിലപോവില്ലെന്നു അറിയാമായിരുന്നു.....
"നിനക്ക് പോവാതിരുന്നൂടെ മീരാ...? "
" ഇല്ലാ അമീ ഇന്നെനിക്ക് ജീവിക്കണം...സത്യയ്ക്കു വേണ്ടി...ഇന്നുമാത്രം !!.." 
മറുപടിയ്ക്ക് കാക്കാതെ ഫോണ്‍ ബെഡ്ഡിലേക്ക് എറിയുമ്പോള്‍ ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.....

ഷവറിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു ശാന്തത എനിക്കു ചുറ്റും നിറഞ്ഞുനിന്നു... ഓര്‍മ്മപ്പെടുത്തലുകളുടെ അലസോരമില്ലാതെ നന്നായി ഒരുങ്ങി കണ്ണാടിക്കു മുന്‍പില്‍ നിന്നപ്പോള്‍ എവിടെന്നോ ഒരുന്മേഷം ശരീരത്തിലേക്ക് പ്രവഹിച്ചു...പതിവിലും സുന്ദരിയായിരിക്കുന്നു..
സ്വയം മറന്ന നാളുകളില്‍ അലസമായ മുടിയിഴകളില്‍ മറഞ്ഞ സൗന്ദര്യം കണ്ണാടിയില്‍ ജ്വലിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒരു കൊളുത്തിപ്പിടിത്തം....

ധൃതിയില്‍‍ പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയെ പൂമുഖപ്പടിയില്‍ പ്രതീക്ഷിച്ചിരുന്നില്ല...അമ്മയുടെ അമ്പരപ്പിക്കുന്ന നോട്ടം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല...സാരിയിലേക്കും മുഖത്തേക്കും പാറിവീണ മിഴികള്‍ ഒരു ചോദ്യത്തില്‍ അവസാനിച്ചു..

"നീയിത് എവിടേക്കാ..?" 
മറുപടിയ്ക്കു വേണ്ടി പരതികൊണ്ട് ഞാന്‍ പതുക്കെ പറഞ്ഞു.. 
 "അമ്മെ ഞാനിപ്പോള്‍ വരാം.." സമ്മതത്തിന് വേണ്ടി ഏറെ കാക്കേണ്ടി വന്നില്ല അച്ഛന്‍റെ ഗംഭീരശബ്ദം ഹാളില്‍ മുഴങ്ങി.. 
"പോയിട്ട് വാ മോളെ.." തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍റെ പ്രകാശിക്കുന്ന മുഖം എന്നെ നോക്കി പുഞ്ചിരിച്ചു... 
"ഇതാ ചാവി..കാറെടുത്തൊ നീ...."  അച്ഛന്‍  'കീ' നീട്ടിയപ്പോള്‍ എന്റെ ഹൃദയം വീണ്ടും നോവാല്‍ വിണ്ടുകീറി.... 
"വേണ്ടച്ഛാ ബസ്സില്‍ പോയ്ക്കോളാം ഞാന്‍.."
" എന്നാ അച്ഛനും കൂടി പോരട്ടെ നിന്‍റെ കൂടെ.." അമ്മയുടെ ശബ്ദത്തില്‍ ഭയം നിറഞ്ഞിരുന്നു....എന്‍റെ മനസ്സ് വായിച്ചിട്ടെന്നോണം അച്ഛനത് നിരസിച്ചു....
"അവള്‍ പൊയ്ക്കോട്ടേ സുമേ!!..എത്രകാലായി എന്‍റെ കുട്ടി ഇങ്ങനെ അടച്ചിരിക്കുന്നു..അവള്‍ക്ക് ഒരാശ്വസാവാണേല്‍ ആയിക്കോട്ടെ.. എന്തിനാ തടയിണത്..." 

സ്നേഹം സ്ഫുരിക്കുന്ന അച്ഛന്‍റെ വാക്കുകള്‍ക്ക് മുന്‍പില്‍ കുനിഞ്ഞ ശിരസ്സുമായി നില്‍ക്കുമ്പോള്‍ ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
" നോക്ക് സുമേ എന്‍റെ കുട്ടി കരയ്ണത്..ഇപ്പോ നിനക്ക് സമാധാനായോ..? " 
 അതുവരെ തറഞ്ഞു നിന്ന അമ്മ ജീവന്‍ കിട്ടിയ പോലെ എന്നെ ചേര്‍ത്തുപിടിച്ചു...." നോക്കൂ ചന്ദ്രേട്ടാ !! എന്‍റെ കുട്ട്യേ ഇത്ര ചന്തത്തില്‍ കണ്ടാ ആളുകള് എന്തെങ്കിലും പറയില്ലേ..? പോരാത്തതിന് ഇന്ന് അവന്‍റെ ഓര്‍മ്മദിനല്ലേ..? " 

അതിനുള്ള അച്ഛന്‍റെ മറുപടി പതിവിലും ഉച്ചത്തിലായിരുന്നു......
" എന്‍റെ കുട്ട്യെ ഇന്നാ മനുഷ്യകോലത്തില്‍ കാണുന്നത്..അതും നീ ഇല്ലാണ്ടാക്കോ സുമേ...ആളുകള് പറയണത് പോലെ ജീവിക്കാന്‍ പറ്റ്വോ..? അവള്‍ക്ക് ചെറുപ്പല്ലേ മുറിയില് അടച്ചിടാന്‍ പറ്റ്വോ..? നീയിനി ഓരോന്നും പറഞ്ഞു അതിനെ വിഷമിപ്പിക്കണ്ട...എന്‍റെ കുട്ടി പൊയ്ക്കോ.."
 പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അച്ഛന്‍റെ വാക്കുകള്‍ വേദനയാല്‍ ചിലമ്പിച്ചിരുന്നു... അമ്മയുടെ മുഖത്ത് ദൈന്യതയും ഭയവും നിറഞ്ഞിരുന്നു.... യാത്രചോദിക്കാന്‍ പോലും ത്രാണിയില്ലാതെ ഞാനോടി പുറത്തിറങ്ങി..ഓട്ടോയ്ക്ക് കൈനീട്ടുമ്പോള്‍ വിദൂരതയില്‍ അമ്മയുടെ തേങ്ങല്‍ കേട്ടു..... 


 ബസ്സിലിരിക്കുമ്പോള്‍ നേരിയ
ചാറ്റല്‍മഴ യുണ്ടായിരുന്നു.... 
തണുത്ത കാറ്റ് മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തി...പുറകോട്ടു പായുന്ന കാഴ്ചകള്‍ മുന്നിലേക്കുള്ള വഴിയൊരുക്കി..അവ ഓര്‍മ്മകളെ വിളിച്ചുണര്‍ത്താതെ പതിയെ കടന്നുപോയി...ചിന്തകള്‍ ശൂന്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു...മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് അത് സ്വിച്ച്ഓഫ്‌ ചെയ്യാന്‍ മറന്ന കാര്യം ഓര്‍ത്തത്.... അമീന്‍ !! അവന്‍റെ ആധിയ്ക്ക്‌ എന്‍റെ കൈയ്യില്‍ ഉത്തരമില്ലായിരുന്നു...ലൈന്‍ കട്ടുചെയ്ത് സ്വിച്ച്ഓഫ്‌ ചെയ്യുമ്പോള്‍ എനിക്കങ്ങിനെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ....പിന്നീടുള്ള ചിന്തകള്‍ അവനെക്കുറിച്ചായിരുന്നു.....

സതീഷ്‌ പോയശേഷമുള്ള വിരസമായ പകലുകളോന്നില്‍ അമീനിനെ കണ്ടുമുട്ടിയത്‌..ആശ്വാസമായിരുന്നു അവന്‍റെ സാമീപ്യം...ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത അവനോട് സങ്കടങ്ങളും പിണക്കങ്ങളും പരിഭവങ്ങളും പങ്കുവെക്കുമ്പോള്‍ ആ സൗഹാര്‍ദം അങ്ങേയറ്റം ആസ്വദിച്ചിരുന്നു... അമീനിന്‍റെ അളവില്‍ കവിഞ്ഞ സ്നേഹം,ശ്രദ്ധ എല്ലാം അറിഞ്ഞില്ലെന്ന് ഭാവിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചു..പിന്നീട് അകലാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു...സൗഹാര്‍ദ്ദമെന്ന മേലാപ്പ് ചീന്തിയെറിയാന്‍ ഒരിക്കലും അവസരം നല്‍കിയില്ല..എന്‍റെ കടുംപിടുത്തങ്ങളെല്ലാം മൂകമായ്‌ സഹിച്ച് അവന്‍ ഇതുവരെ കൂടെനിന്നു....പക്ഷെ ഇക്കാര്യത്തില്‍ അവനെന്തൊക്കെയോ സംശയങ്ങള്‍ , ഒരു ഉള്‍ഭയം അവനെ വല്ലാതെ അലട്ടുന്നുണ്ട്... പലപ്പോഴും എന്‍റെ മനസ്സ്‌ വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞിട്ടുണ്ട്...പക്ഷെ ഇപ്പോള്‍ എനിക്ക് ആരുടേയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല...


 
                                                        
                                          കന്യാകുമാരിയുടെ മനോഹാരിതയിലേക്ക് നടക്കുമ്പോള്‍ പാദങ്ങള്‍ വായുവില്‍ നീന്തുകയാണെന്ന് തോന്നി.... കടല്‍ക്കാറ്റില്‍ അലസമായി ഒഴുകുന്ന സാരിയെ പറക്കാന്‍ വിട്ടിട്ട് തിരകള്‍ക്ക് അഭിമുഖമായ്‌ നടന്നു....അലസമായ്‌ നീന്തുന്ന തിരകള്‍ എനിക്കുമുന്‍പില്‍ സന്തോഷത്താല്‍ ഉയര്‍ന്നുപൊങ്ങി പാദങ്ങളെ നനച്ച് അകന്നുപോയി...വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ....തീരത്തെ സാധാരണയില്‍ കവിഞ്ഞ തിരക്ക് മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കി...ആര്‍പ്പുവിളികളും കച്ചവടം പൊടിപ്പൊടിക്കുന്ന തിരക്കുമെല്ലാം ചേര്‍ന്ന് കാതുകള്‍ കൊട്ടിയടച്ചു...ഇരുകൈകളും കാതുകളില്‍ ചേര്‍ത്തു ഉച്ചത്തില്‍ നിലവിളിക്കണമെന്നു തോന്നി....

തമിഴന്‍ ചെക്കന്‍റെ കൂര്‍പ്പിച്ച നോട്ടവും ചൂളംവിളികളും വിസ്മരിച്ച് പാറകൂട്ടങ്ങള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ഉള്ളുവെന്ത ഉഷ്ണം ഉപ്പുകാറ്റില്‍ ലയിച്ച് ഉയരങ്ങളിലേക്ക് ഉയര്‍ന്നു.... പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരമ്പിയാര്‍ക്കുന്ന കടലിനെ നോക്കിയിരിക്കുമ്പോള്‍ ഹൃദയത്തിലെ മുറിവില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങാന്‍ തുടങ്ങി....പാഞ്ഞടുക്കുന്ന ഓരോ തിരയും ഹൃദയത്തില്‍ ആഞ്ഞുതല്ലി കടന്നുപോയി... 
"ആരുംകാണാതെ നിനക്കു മുന്‍പില്‍ ഞാനൊന്നു പൊട്ടിക്കരഞ്ഞോട്ടെ...? " 
" വേദന കാര്‍ന്നുതിന്നുന്ന ഈ ഹൃദയം നിനക്കു മുന്‍പില്‍ പറിച്ചെറിയട്ടെ..? "
" സഹനത്തിന് അതിര്‍വരമ്പുകളുണ്ട് സത്യാ..!! അത് നിന്‍റെ ഓര്‍മ്മകളില്‍ പൂക്കുന്നുണ്ട്.....എനിക്കിപ്പോള്‍ പ്രത്യാശകളില്ല....നിന്‍റെ കൂടെ എനിക്കും കൂടി ഒരിടം...അതുവേണം സത്യാ.." തൊണ്ടയില്‍ കുരുങ്ങിയ ഒരേങ്ങല്‍ ശബ്ദം നഷ്ടപ്പെട്ടവളുടെ ഓളങ്ങളായി....

താഴെ ഉയര്‍ന്നുപൊങ്ങുന്ന തിരകള്‍ ആയിരം കൈകള്‍ നീട്ടി മാടിവിളിക്കുന്നുണ്ട്..... ഓങ്കാരാരവം കാതുകളില്‍ മുഴങ്ങി..ആത്മനിര്‍വൃതിയുടെ പാരമ്യതയില്‍ പാദങ്ങള്‍ ഒഴുകി.... അപ്പൂപ്പന്‍താടിയായ്‌ പറന്നിറങ്ങാന്‍ കൊതിച്ച് അവ ശൂന്യതയിലേക്ക് ചുവടുകള്‍ വെച്ചു..... മുങ്ങാംകുഴിയിട്ട പ്രജ്ഞയെ മുടിയിഴകളില്‍ പിടിച്ച് ഉയര്‍ത്തുന്നത് പോലെ എവിടെനിന്നോ ഒരജ്ഞാതസ്വരം എന്നെ വലയം ചെയ്തു...അത് തട്ടി വിളിക്കുന്നുണ്ട്....പേരുചൊല്ലി വിളിക്കുന്നു...ആ ശബ്ദം അടുത്തു വരുന്നുണ്ട്..ഇപ്പോഴത് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‍...വീണ്ടും വീണ്ടും അത് തന്നെ വിളിക്കുന്നു....കണ്ണുകള്‍ തുറന്നിരിക്കുന്നുണ്ട് പക്ഷെ തലയൊന്നു ചെരിക്കാനാവാതെ..എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു...തണുത്ത എന്തോ ഒന്ന് കൈകളില്‍ തൊട്ടപ്പോള്‍ ആഴങ്ങളില്‍ നിന്നും വലിച്ചെടുത്ത് കരയ്ക്കിട്ട  പോലെ ഞാനൊന്നു പിടഞ്ഞു... തിരകള്‍ പാറക്കെട്ടുകളില്‍ ആഞ്ഞാഞ്ഞു പതിക്കുന്നുണ്ട്.....ഞെട്ടലോടെ പുറകോട്ടാഞ്ഞപ്പോള്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അലിവോടെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു..... 

തൊണ്ടവരണ്ട് ശബ്ദിക്കാനാവാതെ ആ കണ്ണുകള്‍ക്കായ് ഓര്‍മ്മയില്‍ പരതി....അമീനിന്‍റെ ചിരിക്കുന്ന മുഖം കണ്മുന്‍പില്‍ തെളിഞ്ഞപ്പോള്‍ എന്‍റെ വാക്കുകള്‍ക്ക് ജീവന്‍ വെച്ചു.... 
"അമീ‍...!! നീ....നീയെന്തിന് ഇവിടെ....?"  
ആദ്യമായ്‌ കാണുന്ന അവന്‍റെ കണ്ണുകളില്‍ അതിശയവും സ്നേഹവും സന്തോഷവുമെല്ലാം സമാധാനവുമെല്ലാം മിന്നിമറഞ്ഞു.... 
"അമീ..!! നീയെന്തിനിവിടെ വന്നു...? എനിക്കിതൊന്നും ഇഷ്ടമല്ല..ഇന്ന് എന്‍റെ സത്യയുടെ ദിവസമാണ്..എനിക്ക് തനിച്ചിരിക്കണം...നീ പൊയ്ക്കോളൂ..." 
എന്‍റെ വാക്കുകളില്‍ ദേഷ്യം കലര്‍ന്നിരുന്നു....

അമീനിന്‍റെ കൂസലില്ലായ്മ എന്നെ ചൊടിപ്പിച്ചു.. 
"നീയെനിക്ക് സമാധാനം തരില്ലല്ലേ..? എനിക്ക് നിന്നെ കാണേണ്ടാ..പോവനല്ലേ പറഞ്ഞത്..."  ഭ്രാന്തമായി അലറുമ്പോള്‍ അമീനെന്‍റെ കണ്ണുകളില്‍ ആജന്മശത്രുവായി..... 
" മീരാ !! എന്തായിത്..? എനിക്ക് വേണം നിന്നെ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
എല്ലാറ്റിലും ഉപരിയായി..പ്ലീസ് മീരാ പുറകോട്ടു പോവരുത്.."  
ഞൊടിയിടയില്‍ പുറംതിരിഞ്ഞ് തിരകളിലേക്ക് കുതിക്കാനൊരുങ്ങിയ എന്‍റെ ശരീരം അമീനിന്‍റെ കരവലയത്തില്‍ കിടന്നുപിടഞ്ഞു.... 
പിന്നീട് പതുക്കെ പതുക്കെ നിശ്ചലമായി...

ശക്തമായി  വീശിയടിച്ച കാറ്റ് അനുസരണയുള്ള കുട്ടിയെ പോലെ ഒതുങ്ങി നിന്നു.....അമീനിന്‍റെ മാറില്‍ തലചായ്ച്ചു മയങ്ങുമ്പോള്‍ മാലാഖക്കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെട്ട് സതീഷിന്‍റെ സുന്ദരമായ രൂപം തെളിഞ്ഞു വന്നു...ആ കൈക്കുടന്നയില്‍  വെളുത്ത പവിഴമല്ലി പൂക്കള്‍ നിറച്ചു വെച്ചിരുന്നു... അതെന്നിലേക്ക് മഴയായ് വര്‍ഷിച്ചു കൊണ്ട് സതീഷ്‌ പുഞ്ചിരിച്ചു......
തികഞ്ഞ സംതൃപ്തിയോടെ.....
____________________________________________________
   

68 comments:

- സോണി - said...

ആശയം : ഞാനൊന്നും പറയുന്നില്ല. എനിക്കൊന്നും പറയാനില്ല. പറയുന്നത് ശരിയല്ല. ആര്‍ക്കും എന്തും എങ്ങനെയും സംശയിക്കാവുന്ന കാലം, ആരെയും.

പിന്നെ, എഴുത്തിനെപ്പറ്റി, ഭാഷ നന്നാവുന്നുണ്ട്. ചില കൊച്ചുകൊച്ചുകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം, ഉദാ: "എന്‍റെ പൊട്ടിച്ചിരിയില്‍ സതീഷിന്‍റെ വാക്കുകള്‍ കുതിര്‍ന്നു...ഒരു നനഞ്ഞ പക്ഷിയെ പോലെ അവനെന്നെ ചേര്‍ത്തുപിടിച്ചു.." ഇരുവരും സന്തോഷത്തോടെ നില്‍ക്കുന്ന അവിടെ നനഞ്ഞ പക്ഷി വന്നത് സാഹചര്യവുമായി യോജിക്കുന്നില്ല. അങ്ങനെ ചിലത്.

പൊതുവില്‍, ഒരു ഒഴുക്കുണ്ട്, എങ്കിലും പെട്ടെന്ന് കന്യാകുമാരി കടന്നുവന്നത് മുഴച്ചുനില്‍ക്കുന്നതായി തോന്നി. ചിലതൊക്കെ ആകസ്മികവും. അതിശയോക്തി മനപൂര്‍വം ആണെന്ന് കരുതുന്നു.

എഴുതുക, ഇനി ജീവിച്ചാലും, മരിച്ചാലും.

F A R I Z said...

സ്വപ്‌നങ്ങള്‍ നുണഞ്ഞു തീരും മുന്‍പേ, കാലത്തിന്റെ കൈവിരല്‍ ജീവിതത്തെ മറച്ചുകൊണ്ട് എല്ലാം വിട്ടേച്ചുപോയ സത്യേട്ടെന്റെ ഓര്‍മദിനം. മോഹവും, ദാഹവും,
പ്രതീക്ഷകളും, എല്ലാമെല്ലാം സത്യെട്ടനിലര്‍പ്പിച്ചുകൊണ്ടു നാല് ചുവരുകളിലോതുങ്ങിയുള്ള ജീവിതം..........നമ്മെ എന്നെന്നേക്കു വിട്ടുപിരിഞ്ഞവര്‍ക്കൊപ്പം, ജീവിതം സ്വയം ഹോമിക്കപ്പെടുന്നത് അവരുടെ ആത്മശാന്തിക്ക് ഭംഗം വരുത്തലാകില്ലേ?.

സ്വപ്നത്തിലെന്നപോലെ പറന്നുവന്നണയുന്ന ജീവിത സുഗന്ധം, യുവത്വത്തിന്‍റെ
പരിമളതയില്‍ ലയിച്ചു വേര്‍തിരിക്കാന്‍ കഴിയാതാവുന്ന പോലെ മീരയുടെ ജീവിതത്തിലേക്ക് സ്വപ്നം പോലെ വന്നു ചേര്‍ന്ന അമീന്‍.
പക്ഷെ അമീനെ നിരാകരിക്കുന്ന മീര.

"മീരാ !! എന്തായിത്..? എനിക്ക് വേണം നിന്നെ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
എല്ലാറ്റിലും ഉപരിയായി..പ്ലീസ് മീരാ പുറകോട്ടു പോവരുത്.."
ഞൊടിയിടയില്‍ പുറംതിരിഞ്ഞ് തിരകളിലേക്ക് കുതിക്കാനൊരുങ്ങിയ എന്‍റെ ശരീരം അമീനിന്‍റെ കരവലയത്തില്‍ കിടന്നുപിടഞ്ഞു.... "

ഇവിടെ മീര അമീന്‍ നു അര്‍പ്പിതമാകുമ്പോള്‍ (?) സത്യന്‍റെ ആനന്ദാശ്രുക്കള്‍.!!
അതെ ഒരാത്മാക്കളും, ജീവിച്ചിരിക്കുന്ന അവരുടെ സ്നേഹഭാജനങ്ങളെ, വേദനയിലും, ദുഖത്തിലും നീറി കഴിയണ മെന്നാഗ്രഹിക്കുന്നില്ല. അവരുടെ സന്തോഷത്തിലെ ആത്മാവിനു ശാന്തി ലഭിക്കൂ.
ഒളിവില്ലാതെ ഒരു പുതു സന്ദേശം നല്‍കുന്നു. അനുവാചകന്റെ മനസ്സില്‍ തട്ടുംവിധംപ്രയോഗക്കസര്‍ത്തു നടത്താതെ ലളിതമായി എഴുതിയിരിക്കുന്നൂ.. കഴിവുള്ള ഒരെഴുത്തുകാരിയുടെ ജീവനുള്ള ഒരു കഥ.

ഇനിയും ഈ എഴ്തുകാരിയില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നു.

ഭാവുകങ്ങളോടെ,
---- ഫാരിസ്‌

Lipi Ranju said...

കൊള്ളാംട്ടോ മഞ്ഞുതുള്ളി...
ആ പാവത്തിന്‍റെ ആത്മഹത്യയിലാണോ
കഥ അവസാനിക്കുക എന്നൊന്ന് പേടിച്ചു.
എന്തായാലും Happily Ever After... അല്ലെ ...
അങ്ങിനെ കഥ തീരുമ്പോള്‍ ഒരു സന്തോഷം തന്നെയാണ് ...

ചെകുത്താന്‍ said...

അമീനിനെയും കെട്ടി ശിഷ്ട്ടകാലം അവള് സുഖമായി ജീവിച്ചു !!അല്ലേ :) അല്ലേ ... അങ്ങനെ അല്ലേ

ജയിംസ് സണ്ണി പാറ്റൂര്‍ said...

കഥ നന്നായിട്ടുണ്ടു്.പിന്നെ ആ കൊളുത്തിപ്പിടുത്തം
യോജിക്കുന്നില്ല. അതു പോലെ അവസാന വരി
ആവശ്യമില്ല. ആ മന്ദഹാസത്തില്‍ എല്ലാമുണ്ടല്ലോ
അളവുകളുടെ ക്യത്യതയെക്കുറിച്ചു പോക്കുവെയിലില്‍
സ്ട്രക്ച്ചറലിഞ്ചിനീയര്‍ എന്ന കവിതയിലുണ്ടു്.

ചക്രൂ said...

നല്ല കഥ......... ഇഷ്ടമായി
സ്നേഹത്തെ നഷ്ടപെടുത്തുവാനാകില്ല.

the man to walk with said...

ഇഷ്ടായി കഥ ..

ente lokam said...

നന്നായി കഥ.കുറച്ചു കൂടി ചുരുക്കി ഇരുന്നെങ്കില്‍
ഭാവങ്ങള്‍ അല്പം കൂടി തീവ്രം ആകാമായിരുന്നു .
ഒരു തണല്‍ തേടി ജീവിതം എപ്പോഴും അലയുന്നു .പുതിയ
സുഹൃത്തുക്കളില്‍ അത്മ നൊമ്പരം ഒളിപ്പിക്കുന്ന കഥാ രചന
പുതുമ അല്ലെങ്കിലും നന്നായി എഴുതി .അഭിനന്ദനങ്ങള്‍ .

അമിന്‍ വിളിച്ചതിന് ശേഷം മൊബൈല്‍ ഫോണ്‍ കിടക്കയിലേക്ക് എറിഞ്ഞു .പിന്നെ അത് എപ്പോള്‍ എടുത്തു എന്ന് സംശയം തോന്നുന്നു വീണ്ടും ആ ഫോണ്‍ വിളി ബസില്‍ വെച്ചു എത്തുമ്പോള്‍ ...!!

കെ.എം. റഷീദ് said...

നന്നായി നല്ല ഒഴുക്കുള്ള ശൈലി

മുകിൽ said...

നന്നായി. കഥാപാത്രത്തിനു കഠിനവിധിയിൽ നിന്നു കരകയറാനായെങ്കിൽ.

കൊള്ളാം ട്ടോ. ഒഴുക്കുണ്ട്. ഇത്തരം വിഷയങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നു പുറത്തു വരാൻ ശ്രമിക്കണം. വിഷയം മോശമാണ് എന്നല്ല. ഒരുപാടുപേർ എഴുതിക്കഴിഞ്ഞ കാര്യമാണ്. അതിനെ സ്വന്തം നിലയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതു അഭിനന്ദനീയം തന്നെ. എങ്കിലും ഉള്ളിൽ നന്നായി തട്ടുന്ന വിഷയങ്ങളെ ധ്യാനിച്ചെഴുതു. എഴുത്തു സൂപ്പർ ആവും. സ്നേഹാശംസകൾ.

മഹേഷ്‌ വിജയന്‍ said...

പ്രിയ മഞ്ഞുതുള്ളി.....

കഥക്ക് ജീവനും ഓജസ്സും ഉണ്ടു..
ആദ്യം മുതല്‍ അവസാനം മുതല്‍ ഓരോ രംഗവും ഭാവനയില്‍ കാണാന്‍ സാധിക്കും വിധം ഉള്ള എഴുത്ത്...
ഇപ്പോള്‍ മീരയുടെ നൊമ്പരങ്ങള്‍ എന്നിലും ചേക്കേറിയിരിക്കുന്നു...
എപ്പോഴോ ഒരു നിമിഷം എന്റെയും കണ്ണുകള്‍ ഈറനണിഞ്ഞുവോ? ഉവ്വ്; 'എന്‍റെ കുട്ടി പൊയ്ക്കോ' എന്ന് പറഞ്ഞു അച്ഛന്‍ അവളെ യാത്രയാക്കുമ്പോള്‍...

പവിഴമുത്തുകള്‍ കോര്‍ത്ത മനോഹരമായ മാല പോലെ, താഴെ പറയുന്ന വരികളുടെ ഭംഗി ഹൃദയത്തില്‍ തട്ടി..
"ഓര്‍മ്മകള്‍ക്ക് ഉയരം വെച്ചുതുടങ്ങിയിരിക്കുന്നു....അവ അംബരചുംബികളെ നിഷ്പ്രഭമാക്കി വാനോളം ഉയര്‍ന്നു പൊങ്ങി...മേഘങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി....തണുത്ത കൂട്ടില്‍ നനുത്തരോമത്തൂവലുകള്‍ ചേര്‍ത്ത് ചൂടുപകരുന്ന ഇണക്കുരുവികള്‍...ശൂന്യതയില്‍ നിന്നും ലക്ഷ്യം തെറ്റി വന്ന ഒരമ്പ് ഹൃദയത്തെ വിണ്ടുകീറി കടന്നുപോയി...അങ്ങുദൂരെ ഇണക്കുരുവിയുടെ തേങ്ങലുകള്‍ ഓര്‍മ്മകളെ തകര്‍ത്തുകൊണ്ട് ഉച്ചത്തില്‍ ചിലച്ചുകൊണ്ടിരുന്നു..." (ഇവിടെ 'ചിലച്ചുകൊണ്ടിരുന്നു' എന്ന വാക്ക് ചേരുമോ എന്നറിയില്ല, കാരണം തേങ്ങലും ചിലക്കലും രണ്ടല്ലേ.. )

"അലസമായ്‌ നീന്തുന്ന തിരകള്‍ എനിക്കുമുന്‍പില്‍ സന്തോഷത്താല്‍ ഉയര്‍ന്നുപൊങ്ങി പാദങ്ങളെ നനച്ച് അകന്നുപോയി...വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ"

"തൊണ്ടയില്‍ കുരുങ്ങിയ ഒരേങ്ങല്‍ ശബ്ദം നഷ്ടപ്പെട്ടവളുടെ ഓളങ്ങളായി....താഴെ ഉയര്‍ന്നുപൊങ്ങുന്ന തിരകള്‍ ആയിരം കൈകള്‍ നീട്ടി മാടിവിളിക്കുന്നുണ്ട്..... ഓങ്കാരാരവം കാതുകളില്‍ മുഴങ്ങി..ആത്മനിര്‍വൃതിയുടെ പാരമ്യതയില്‍ പാദങ്ങള്‍ ഒഴുകി.... അപ്പൂപ്പന്‍താടിയായ്‌ പറന്നിറങ്ങാന്‍ കൊതിച്ച് അവ ശൂന്യതയിലേക്ക് ചുവടുകള്‍ വെച്ചു..... "

വാക്യങ്ങള്‍ക്കിടയില്‍ കടന്നു വന്ന ഒരുപാട് ഡോട്ട്(.)കള്‍ പലയിടത്തും ഒഴിവാക്കാം എന്ന് തോന്നി...
കഥയിലെ പ്രമേയത്തിന് പുതുമ കുറവാണ് എന്നതും പോരായ്മയായി തോന്നി..
നിനക്ക് എഴുതാനുള്ള നല്ല കഴിവുണ്ട്. . പ്രമേയങ്ങളില്‍ വിത്യസ്തത പുലര്‍ത്തി ഇനിയും ഒരുപാടു എഴുതുക...
എല്ലാവിധ ആശംസകളും നന്മകളും നേരുന്നു..

SHANAVAS said...

നല്ല ജീവിത ഗന്ധിയായ ഒരു പ്രമേയം വളരെ നല്ല ശൈലിയില്‍ പറഞ്ഞു.അന്ത്യം ശുഭ പര്യവസായി ആയപ്പോള്‍ ഇരട്ടി മധുരം ആയി.ഇനിയും ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.സ്നേഹാശംസകള്‍.

ചന്തു നായര്‍ said...

1,എന്‍റെ ചോദ്യങ്ങള്‍ പിന്നീടവന്‍ കേട്ടില്ല..എന്നിലേക്ക് ആവേശത്തോടെ പെയ്തിറങ്ങാനുള്ള വെമ്പലിലായിരുന്നു.... ശക്തമായി പെയ്തിറങ്ങിയ മഴയില്‍ അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു...2,ഓര്‍മ്മകള്‍ക്ക് ഉയരം വെച്ചുതുടങ്ങിയിരിക്കുന്നു....അവ അംബരചുംബികളെ നിഷ്പ്രഭമാക്കി വാനോളം ഉയര്‍ന്നു പൊങ്ങി...മേഘങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി....തണുത്ത കൂട്ടില്‍ നനുത്തരോമത്തൂവലുകള്‍ ചേര്‍ത്ത് ചൂടുപകരുന്ന ഇണക്കുരുവികള്‍...ശൂന്യതയില്‍ നിന്നും ലക്ഷ്യം തെറ്റി വന്ന ഒരമ്പ് ഹൃദയത്തെ വിണ്ടുകീറി കടന്നുപോയി...അങ്ങുദൂരെ ഇണക്കുരുവിയുടെ തേങ്ങലുകള്‍ ഓര്‍മ്മകളെ തകര്‍ത്തുകൊണ്ട് ഉച്ചത്തില്‍ ചിലച്ചുകൊണ്ടിരുന്നു,3,സ്വയം മറന്ന നാളുകളില്‍ അലസമായ മുടിയിഴകളില്‍ മറഞ്ഞ സൗന്ദര്യം കണ്ണാടിയില്‍ ജ്വലിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒരു കൊളുത്തിപ്പിടിത്തം.4,സൗഹാര്‍ദ്ദമെന്ന മേലാപ്പ് ചീന്തിയെറിയാന്‍ ഒരിക്കലും അവസരം നല്‍കിയില്ല..5,വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ.. തുടങ്ങിയ നല്ല വരികൾക്കപ്പുറം ഈ കഥയിൽ പുതുമയൊന്നും കാണാനായില്ല.നല്ലൊരു എഴുത്തുകാരിയുടെ കൈത്തഴക്കം വന്നിട്ടുണ്ട്...ഇനി പ്രമേയങ്ങളില്‍ വിത്യസ്തത പുലര്‍ത്തി..വീണ്ടൂം എഴുതുക..പെണ്ണെഴുത്തിൽ നിന്നും പുറത്ത് കടന്ന് ആമിയെപ്പോലെ എഴുതുക... നല്ലോരു കഥാകാരിയെ കാണുന്നൂ.. അതുകൊണ്ടാ..എല്ലാ ഭാവുകങ്ങളും

ഷബീര്‍ (തിരിച്ചിലാന്‍) said...

നന്നായിട്ടുണ്ട്... ചില വരികള്‍ വളരെ നന്നായിട്ടുണ്ട്.. ഞാനതിവിടെ പറയുന്നില്ല. മുകളില്‍ പലരും പറഞ്ഞുകഴിഞ്ഞു... അച്ഛന്റെ ഡയലോഗുകള്‍ നല്ല രസമുണ്ടായിരുന്നു..

ആശംസകള്‍...

ആസാദ്‌ said...

ഒരു മഞ്ഞു തുള്ളി മനസ്സില്‍ വീണ പോലെ, മനസ്സിനു കുളിരേകുന്ന ഒരു കഥ. കഥയിലെ പുതുമയില്ലായിമ ഞാനെന്ന വായനക്കാരനെ അലോസരപ്പെടുത്തുന്നില്ല. ചിലയിടങ്ങള്‍ നേര്‍ത്തു നീണ്ട ചാലിലൂടേ ഒഴുകുന്ന നീരിനെ ചില കുണ്ടു കുഴികള്‍ തടസ്സപ്പെടുത്തിയെങ്കിലും ആ കുണ്ടു കുഴികള്‍ ഇന്നതൊക്കെയാണ്‌ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കവിതയില്‍ കവിയുടെ/കവയിത്രിയുടെ മനസ്സും, കഥകളില്‍ കഥാപാത്രത്തിന്റെ മനസ്സുമാണ്‌ വായനക്കാരിലേക്കെത്തേണ്ടത്‌. സതീഷിന്റെ സ്നേഹവും ആശയും അഭിനിവേശവും വായനക്കാരിലെത്തി. നായികയെ കുറിച്ച്‌ പറയേണ്ടതില്ലല്ലൊ. അച്ഛന്‍ കൊള്ളാം. പക്ക്വതയുള്ള മകളോട്‌ സ്നേഹമുള്ള ഒരച്ഛന്‍. അമ്മ ഒരു ടിപ്പിക്കല്‍ അമ്മയായി. അമ്മയുടെ സ്നേഹം ഇത്തിരി കൂടി കൂട്ടാമായിരുന്നു. പിന്നെ അമീന്‍. വായനക്കാര്‍ക്ക്‌ തീരെ അപരിചിതനായി പോയി കക്ഷി. പിഴവുകളല്ല ഈ പറയുന്നതൊനന്നും. തേങ്ങല്‍ ചിലക്കലായതില്‍ മാത്രം ഒരു അനൌചിത്യം കണ്ടു. സിദ്ധിയുടെ ഈ മലര്‍തോപിനു കണ്ണു തട്ടാതിരിക്കാനാവട്ടെ അത്‌. കഥ വലുതായി എന്നൊരു പരാതി ഇല്ലേ ഇല്ല. മനുഷ്യന്‍ ഒരല്‍പ്പം വലുതായി എന്നു പറഞ്ഞ്‌ കയ്യും കാലും വെട്ടിക്കളയാനൊക്കത്തില്ലല്ലൊ. കഥയുടെ പൂര്‍ണതക്കാണ്‌ പ്രാധാന്യം. അതിന്റെ വലിപ്പത്തിനല്ല. ഇനിയും എഴുതുക. ധാരാളം. ഈ കഥ ശരിക്കും മനസ്സിനെ തണുപ്പിക്കുന്നുണ്ട്‌.. കാറ്റ്‌ മഴമേഘങ്ങളെ തണുപ്പിക്കുന്ന പോലെ.. ശുഭാശംസകളോടെ..

MyDreams said...

തികഞ്ഞ സംതൃപ്തിയോടെ ഞാനും .....

വീ കെ said...

1) സതീഷ്‌ പോയശേഷമുള്ള വിരസമായ പകലുകളോന്നില്‍ അമീനിനെ കണ്ടുമുട്ടിയത്‌..
2) ആശ്വാസമായിരുന്നു അവന്‍റെ സാമീപ്യം...
3) ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത അവനോട് സങ്കടങ്ങളും പിണക്കങ്ങളും പരിഭവങ്ങളും പങ്കുവെക്കുമ്പോള്‍ ആ സൗഹാര്‍ദം അങ്ങേയറ്റം ആസ്വദിച്ചിരുന്നു... അമീനിന്‍റെ അളവില്‍ കവിഞ്ഞ

ഒനും രണ്ടും വാചകങ്ങൾ നേരിൽ കണ്ടിട്ടുള്ള ഒരാളുടെ സാമീപ്യമാണ് പറയുന്നത്. പക്ഷെ, മൂന്നാമത്തെ വാചകം അതുമായി പൊരുത്തപ്പെടുന്നില്ല....?
ഇത്രയും ആസ്വദിച്ചിരുന്ന ഒരു സൌഹൃദവും സ്നേഹശീലരായ അഛനമ്മമാരേയും വിട്ട് ആത്മഹത്യക്ക് ശ്രമിച്ചത് എന്തോ ഒരു പൊരുത്തക്കേട്......

കഥ കൊള്ളാം....
ആശംസകൾ....

Pampally said...

അനുഭവങ്ങളുടെ തീച്ചൂളകള്‍....
വാക്കുകളുടെ മൂര്‍ച്ഛ
തീവ്രത...
വിരസത...
സ്‌നേഹം...
നാളയുടെ കഥാകാരിയെ
കൂട്ടുകാരിയായി കിട്ടിയതില്‍
ഈ കൊച്ചുമനുഷ്യന്‍
സന്തോഷിക്കുന്നു....

''മീരയെ എനിക്കറിയാം....!
നന്നായറിയാം....!''

സ്‌നേഹത്തോടെ
സന്ദീപ് പാമ്പള്ളി

sreee said...

കഥാപാത്രങ്ങൾ നമ്മുടെ ഇഷ്ടത്തിനു പെരുമാറണം എന്നു വാശി പിടിക്കാൻ പറ്റില്ലല്ലോ.പ്രതീക്ഷയ്ക്കു വിപരീതമായാൽ പുതുമ,ഇല്ലെങ്കിലും കഥ തന്നെയല്ലേ. കഥയും പറഞ്ഞ രീതിയും നന്നായി.

പട്ടേപ്പാടം റാംജി said...

സൗഹാര്‍ദ്ദമെന്ന മേലാപ്പ് ചീന്തിയെറിയാന്‍ ഒരിക്കലും അവസരം നല്‍കിയില്ല

എനിക്കീ കഥയില്‍ അനുഭവപ്പെട്ടത്‌ സൗഹൃദം ഉരുത്തിരിഞ്ഞ് അത് ജീവിതത്തിന്റെ നേരെ വാഴിയിലെക്ക് യാത്ര തിരിക്കുന്നതാണ്.

ചെറുവാടി said...

നന്നായിട്ടുണ്ട്

Akbar said...

കഥ വായിച്ചു. എന്‍റെ വായന മാത്രം പറയാം. ആകര്‍ഷകമായ ഒരു ശൈലി കഥയ്ക്ക് ഉപയോഗിച്ചിട്ടുണ്. അതിനു അഭിനന്ദനം. പ്രമേയത്തില്‍ പക്ഷെ നാടകീയത ഒട്ടേറെ. ആത്മഹത്യ ചെയ്യാന്‍ പോകുന്നിടത്ത് കൃത്യമായി അമീന്‍ എത്തുന്നതും ഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ പെട്ടെന്ന് തിരിച്ചറിയുന്നതും, ആതാമാഹത്യക്ക്‌ ഓര്‍മ്മ ദിവസം വരെ കാത്തിരിക്കുന്നതുമൊക്കെ ഒട്ടേറെ അസ്വാഭാവിക തലത്തിലേക്ക് പോയി. കഥ ജീവിത ഗന്ധിയായില്ല എന്നര്‍ത്ഥം.

യാദൃശ്ചികതകളുടെത് കൂടിയാണല്ലോ ജീവിതം. അപ്പോള്‍ ഇങ്ങിനെയൊക്കെ സംഭവിക്കാമായിരിക്കാം. എന്നാല്‍ അതിനെ ഒരു റിയാലിറ്റി ആയി കഥയില്‍ സന്നിവേശിപ്പിക്കുന്നതില്‍ കഥാകാരി പരാചയപ്പെട്ടു എന്നു പറയുമ്പോള്‍ എന്നോട് ദേഷ്യം തോന്നരുത്.

എന്നാല്‍ മഞ്ഞു തുള്ളിയുടെ ഭാഷ അതീവ സുന്ദരവും നിലവാരമുള്ള തുമാണ്. കഥാ ആഖ്യാന രീതിയും സുന്ദരം. നല്ല രചനകള്‍ ഈ കഥാകാരിയില്‍ നിന്നും വരാനിരിക്കുന്നു . ഭാവുകങ്ങള്‍.

ajith said...

പൊതുവെ നന്നായി കഥ.

പ്രയാണ്‍ said...

ശുഭപര്യവസായി ആക്കിയത് നന്നായി.....:) എഴുത്ത് നന്നായിട്ടുണ്ട്.

khader patteppadam said...

അവതരണം കൊള്ളാം

ishaqh ഇസ്‌ഹാക് said...

നന്നായി കഥപറഞ്ഞു..

ലീല എം ചന്ദ്രന്‍.. said...

നന്നായി.ആശംസകൾ.

നികു കേച്ചേരി said...

നന്നായി എന്നു പറയാൻ കഴിയുന്നില്ല...എനിക്കിഷ്ട്ടപെട്ടില്ല അത്രതന്നെ...
ജീവിതം ഉണ്ടെന്നു വരുത്തിതീർക്കാൻ ചില ശ്രമങ്ങൾ....
ആശംസകൾ.

Salam said...

കഥ നന്നായി പറഞ്ഞു. ആശംസകള്‍

Vayady said...

ഒഴുക്കോടെ എഴുതിയെങ്കിലും കഥ അത്ര നന്നായില്ല. അക്ബറിന്റെ കമന്റ് ശ്രദ്ധിക്കുമല്ലോ?

nvvishnu said...

good.


All the best

അലി said...

നന്നായി.ആശംസകൾ.

Veejyots said...

ലളിത സുന്ദരമായ ഭാഷ ... കൂടുതല്‍ പറയാന്‍ വിവരം ഇല്ല ..

ഒരു ആനച്ചന്ദം ഉണ്ട് കേട്ടോ ..

ഭാവുകങ്ങള്‍

Shukoor said...

തടസ്സമില്ലാതെ വായിക്കാന്‍ പറ്റി. നല്ല അവതരണം. ഒരു തവണ വിധവയായെന്നു കരുതി അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തെയും വരച്ചു കാട്ടി. സ്ത്രീ എന്നാല്‍ ഒരു മനുഷ്യനാണ്. വൈധവ്യം ഒരിക്കലും അവളെ ഒരു മൃഗമാക്കുന്നില്ല. ഒരു ഭാര്യ മരിച്ചാല്‍ മറ്റൊരു സ്ത്രീയെ പുരുഷന്‍ വെള്‍ക്കുന്ന പോലെ സ്ത്രീക്കും മറ്റൊരു പുരുഷനെ സ്വീകരിക്കാനുള്ള അവകാശമുണ്ടാവണം.

കഥ നന്നായിട്ടുണ്ട്. ആശംസകള്‍.

ജുവൈരിയ സലാം said...

നന്നായി കഥ പരഞ്ഞു....

mad|മാഡ് said...

വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ഞെരുങ്ങുമ്പോഴും ആ ചുണ്ടുകള്‍ തിരക്കിയിരുന്നു..
" മീരാ !! നിനക്കൊന്നും പറ്റിയില്ലല്ലോ.."

ഇത് വളരെ ഇഷ്ട്ടം ആയി.. ആ സ്നേഹം കിട്ടി ...

കിങ്ങിണിക്കുട്ടി said...

"കന്യാകുമാരിയുടെ മനോഹാരിതയിലേക്ക് നടക്കുമ്പോള്‍ പാദങ്ങള്‍ വായുവില്‍ നീന്തുകയാണെന്ന് തോന്നി.... കടല്‍ക്കാറ്റില്‍ അലസമായി ഒഴുകുന്ന സാരിയെ പറക്കാന്‍ വിട്ടിട്ട് തിരകള്‍ക്ക് അഭിമുഖമായ്‌ നടന്നു....അലസമായ്‌ നീന്തുന്ന തിരകള്‍ എനിക്കുമുന്‍പില്‍ സന്തോഷത്താല്‍ ഉയര്‍ന്നുപൊങ്ങി പാദങ്ങളെ നനച്ച് അകന്നുപോയി...വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ...."

ഇതെനിക്കൊരുപാടിഷ്ടമായി.. ഇതു മാത്രമല്ല കഥ മുഴുവനും.. ജീവിതം ജീവിച്ചു തന്നെ തീർക്കണം.. കഥാപാത്രങ്ങളുടെ മനസ്സ് ശരിക്കും ഉൾക്കൊണ്ട് എഴുതിയത് പോലെ.. വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്.. അവസാനം വരെ ആകാംഷ നിലനിർത്താനും..

കണ്ണന്‍ | Kannan said...

നല്ല കഥ..
അവസാനം കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്നൊരു തോന്നൽ...

Giree said...

enthenkilum olinju kidakkunnundo ?

nisha jinesh said...

തീര്‍ത്തും സാധാരണമായ ഒരു വിഷയത്തെ ഭംഗിയായി അവതരിപ്പിച്ചു.ഇത് പ്രിയയുടെ ജീവിതമല്ലേ എന്നൊരു സംശയം തോന്നാം..എങ്കിലും കഥയുടെ അവസാനം ശുഭാമാണല്ലോ.അതില്‍ സന്തോഷം.നല്ല ഭാഷ ..ഇത് കഥ ആയാലും ജീവിതം ആയാലും ഏന്റെ ആശംസകള്‍

മഞ്ഞുതുള്ളി (priyadharsini) said...

ഇതിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പികം മാത്രമാണ്...

ബെഞ്ചാലി said...

വാക്കുകളെ നന്നായി ഉപയോഗിക്കാനറിയുന്ന എഴുത്തുകാരിയാണു മഞ്ഞു തുള്ളി. ഇമാജിനേഷനു കുറച്ചുകൂടി സമയം നൽകിയാൽ അക്‌ബറ് പറഞ്ഞത് പോലെ റിയാലിറ്റി വീണ്ടെടുക്കാമായിരുന്നു. എന്നിരുന്നാലും ഓരോ മഞ്ഞുതുള്ളികളും ഭംഗിയുള്ളതായി. :)

Aarzoo said...

നഷ്ടപ്പെട്ട സ്നേഹം, കരുതല്‍, എല്ലാം വീണ്ടും ലഭിക്കുക, അതും മറ്റൊരാളില്‍ നിന്ന്, അതേ തീവ്രതയോടെ, കഥ വളരെ നന്നായി, ഇനിയും എഴുതുക.

കുഞ്ഞൂസ് (Kunjuss) said...

വൈധവ്യം കടിഞ്ഞാണിടുന്ന സ്ത്രീയുടെ ചിന്തയും ജീവിതവും പകര്‍ത്തിയ കഥ . പ്രമേയമല്ല , അവതരണഭംഗി കൊണ്ട് വളരെ ശ്രദ്ധേയമായ കഥ.എങ്കിലും പലയിടത്തും അസ്വാഭാവികതയും മുഴച്ചു നില്‍ക്കുന്നല്ലോ പ്രിയാ...!


--

hafeez said...

നല്ല കഥ... ഓരോ അസ്തമയം കഴിഞ്ഞും ഒരു പ്രഭാതം വരിക തന്നെ ചെയ്യും

Sameer Thikkodi said...

നല്ല കഥ ... ഒരു ആന്റിക് ളൈമാക്സ് ആവാതിരുന്നതു നന്നായി .... വായന പുരോഗമിക്കുമ്പോഴും അങ്ങിനെ ഒരു സംശയം ഉണ്ടായിരുന്നു.

ഭാവുകങ്ങൾ.....

Sulfi Manalvayal said...

കഥ നന്നായി.പക്ഷേ വാക്കുകളുടെ അതി പ്രസരം കാണുന്നു.
വെറുതെ കുറെ വാക്കുകള്‍ ഉപയോഗിക്കുന്നതിനെക്കാള്‍ നല്ല കുറച്ചു വരികളില്‍ കഥ പറയുക എന്ന ശൈലി ആണ് നല്ലതെന്ന് തോന്നുന്നു.
ഒഴുക്കോടെ പറയാനുള്ള നല്ല കഴിവുണ്ട്.
തുടര്‍ന്നും ശ്രമങ്ങള്‍ നടക്കട്ടെ.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

എഴുത്തിന്റെ വശീകരണം ഉള്ളതുകൊണ്ട്
അവതരണം കൊള്ളാം ....
ആമിയെപ്പൊലെ എഴുതുക..

ശ്രീദേവി said...

മനോഹരമായ വരികള്‍..എങ്കിലും ചില അതിശയോക്തികള്‍ തോന്നാതെ ഇരുന്നില്ല..പക്ഷെ ജീവിതത്തില്‍ അങ്ങനെ ഒക്കെ സംഭവിക്കാം..മാര്‍കെസ് ഒരു ഇന്റര്‍വ്യൂ യില്‍ പറഞ്ഞിട്ടുണ്ട് കഥയെക്കാള്‍ അതിഭാവുകത്വവും അതിശയോക്തിയും ജീവിതത്തില്‍ സംഭവിക്കാം.അതൊന്നും ഒരു കഥയില്‍ പക്ഷെ ആളുകള്‍ അംഗീകരിച്ചു എന്ന് വരില്ല എന്ന്.

lekshmi. lachu said...

നല്ല കഥ.. ഇഷ്ടമായി

Echmukutty said...

മനോഹരമായ ഭാഷ മഞ്ഞുതുള്ളിയുടെ മൂലധനമാണ്. നല്ല ഒഴുക്കോടെ എഴുതുവാൻ കഴിയുന്നുണ്ട്. കൂടുതൽ എഴുതു.... ആരെപ്പോലെയാകണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട് വായനക്കാർ. ആ വലിയ ഉത്തരവാദിത്തം മനസ്സിലാക്കി മുന്നോട്ട് പോകൂ...
അഭിനന്ദനങ്ങൾ!

ജീ . ആര്‍ . കവിയൂര്‍ said...

നല്ല ഒതുക്കമുള്ള ശൈലി പിന്നെ എല്ലാവരും ശുഭ അവസനിയായി മാത്രമേ ചിന്തിക്കു അതല്ലല്ലോ ജീവിതം എന്ന് പറയുന്നത് നിമ്നോന്നതങ്ങളിലുടെ കടന്നു പോകുന്ന ഒരു പ്രഹേളികയല്ലോ ആര്‍ക്കും പിടി തരുകയില്ല തരക്കേടില്ല നല്ല കഥ ഇനിയും എഴുത്ത് തുടരട്ടെ ആശംസകള്‍

comiccola / കോമിക്കോള said...

നന്നായി..കഥ ഇഷ്ടമായി...

ആശംസകള്‍..

ശാലിനി said...

കഥ വായിച്ചു. പ്രമേയം പുതുമയുള്ളതല്ലെന്നു പലരും പറഞ്ഞു കേട്ടു. അതിനോടെനിക്ക്‌ യോജിപ്പില്ല. മനുഷ്യന്റെ ജീവിതം എന്നും ആവര്‍ത്തന വിരസം ആണല്ലോ. കഥ പറഞ്ഞ രീതി അത്ര ഇഷ്ടമായില്ല. ഇടയ്ക്കിടെ മനോഹരമായ പല വാചകങ്ങളും ഉണ്ട്. പക്ഷെ ആ consistency നിലനിര്‍ത്താന്‍ സാധിച്ചില്ല. കഥ കുറെ പ്രാവശ്യം വായിച്ചു തിരുത്തി, ആറ്റിക്കുറുക്കി എഴുതിയാല്‍ മേല്‍ പറഞ്ഞ പ്രശ്നം പരിഹരിക്കാം.
സംഭാഷണങ്ങളിലും വല്ലാതെ കൃത്രിമത്വം തോന്നി.

" എന്നാ ചന്ദ്രേട്ടനും കൂടി പോരട്ടെ നിന്‍റെ കൂടെ.."
അമ്മ മകളോട് അച്ഛനെപറ്റി പരാമര്‍ശിക്കുമ്പോള്‍ പേരുപയോഗിക്കുമോ? ചന്ദ്രേട്ടന്‍ എന്ന് അമ്മ വിളിക്കുന്നത്‌ മീരയുടെ അച്ഛനെ തന്നെയാണ് എന്ന് താഴത്തെ വരികളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്‌.
" നോക്കൂ ചന്ദ്രേട്ടാ !! എന്‍റെ കുട്ട്യേ ഇത്ര ചന്തത്തില്‍ കണ്ടാ ആളുകള് എന്തെങ്കിലും പറയില്ലേ..? പോരാത്തതിന് ഇന്ന് അവന്‍റെ ഓര്‍മ്മദിനല്ലേ..? " (വേറെ ആരും രംഗത്തില്‍ ഇല്ലല്ലോ!)

സംഭാഷങ്ങള്‍ എഴുതുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കുക. കാരണം സംഭാഷണങ്ങളില്‍ അച്ചടിഭാഷ വായിക്കാന്‍ അസുഖകരമാണ്.

വീണ്ടും എഴുതുക! ആശംസകള്‍.

അതിരുകള്‍/പുളിക്കല്‍ said...

ഒരു ആത്മഹത്യയില്‍ കഥ അവസാനിക്കുമെന്നു ഭയന്നു....പക്ഷെ അമീനിലേക്കുള്ള തിരിച്ചുവരവിലൂടെ അവസാനിപ്പിച്ചതില്‍ സന്തോഷായി....

മുല്ല said...

nannaayirikkunnu.aasamasakaL

V P Gangadharan, Sydney said...

കലയുടെ മാസ്മരികതയും കാല്‍പ്പനികത്ത്വത്തിന്റെ ലാവണ്യവും കുരുതിക്കളത്തില്‍ വെച്ചു പൂജിക്കുകയല്ല അനുവാചകരുടെ സാമാന്യസങ്കല്‍പ്പങ്ങളാല്‍ അലങ്കരിക്കപ്പെട്ട കുരുത്തോലപ്പന്തലില്‍ താരും തളിരും അര്‍പ്പിച്ച്‌ കാണിയ്ക്ക വെക്കുകയാണ്‌ വേണ്ടിയിരുന്നത്‌.

രചനാപാടവം എടുത്തുകാണിക്കുന്ന ആഖ്യാന രീതി മാത്രം പോരാ. പ്രമേയത്തില്‍ അസ്വാഭാവികത കൂട്ടി തികച്ചും വിചിത്രമായ ഒരു മനോരാജ്യം സൃഷ്ടിച്ചെടുക്കതെ, അസംഭവ്യ ഘടകങ്ങളെ യുക്തിയുക്തം, തന്ത്രപൂര്‍വ്വം, ഇണക്കി നിരത്തിക്കൊണ്ടാവണം കഥപറച്ചില്‍. കഥ പറയുന്ന രീതിയില്‍ ഇവിടെയാണ്‌ അമിതമായ പ്രാധാന്യം കല്‍പ്പിക്കേണ്ടത്‌. രചനയ്ക്ക്‌ കാല്‍പ്പനിക ഛായ നല്‍കുകയാണെങ്കില്‍ പോലും വായനക്കാരുടെ മനോസങ്കല്‍പ്പങ്ങളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാന്‍ ശ്രമിക്കാതെ, അവരുടെ പ്രകൃതി സിദ്ധമായ ധാരണയ്ക്ക്‌ അധീനമാക്കിത്തന്നെ ആവണം ചമല്‍ക്കാരം.
മനശ്ശാസ്‌ത്രപരമായി പറയുകയാണെങ്കില്‍, ഒരു വിശിഷ്ട പ്രണയത്തിന്റെ അമരത്വം, ഒരു യുവതിയുടെ മനസ്സു കീറിയെടുത്ത്‌ അവളിലെ മാനസിക സംഘട്ടനങ്ങളെ വിടര്‍ത്തിക്കാണിച്ചുകൊണ്ട്‌, ചിത്രീകരിക്കുകയാണ്‌ കഥാകാരി യഥാര്‍ത്ഥത്തില്‍ ചെയ്തിട്ടുള്ളത്‌. ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട പ്രണയത്തിടമ്പ്‌, അധിഷ്ടിതത്വം മൂലം, മറ്റൊരു കുമിതാവിലേയ്ക്ക്‌ കൈമാറാനുള്ള വൈഷമ്യം പ്രകടമാക്കാന്‍ കഥാനായികയെ കന്യാകുമാരി വരെ ഓടിച്ച്‌, ഒടുക്കം അവളുടെ കുമിതാവിനെ ആകാശത്തിലൂടെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച ഇന്ദ്രജാലക്കയര്‍ യഥാര്‍ത്ഥത്തില്‍ അനുവാചകന്റെ കഴുത്തില്‍ കുടുങ്ങുകയാണ്‌ ചെയ്തത്‌. ഇത്തരം ആകസ്മികതയിലൂടെ അനുവാചകരുടെ ഹൃദയഹാരിത്വം അമ്പേ ചോര്‍ത്തിക്കളയുന്നതിനു പകരം, അന്ധ്യഭാഗത്തിലെ സംഭവ വികാസങ്ങളെ, കഥാപാത്രത്തിന്റെ അമൂര്‍ത്തസ്വപ്നമാക്കി ചിത്രീകരിക്കപെട്ടിരുന്നുവെങ്കില്‍ സ്വാഭാവികതയ്ക്കു, ഒട്ടേറെ, ഭംഗം വരുത്താതെ സൂക്ഷിക്കാമായിരുന്നു.

എഴുതി പഠിക്കാന്‍ ധാരാളമുണ്ട്‌. ഈ പഠനം എല്ലാ എഴുത്തുകാര്‍ക്കും അവശ്യം ആവശ്യമണെന്നുള്ളതിനാല്‍ ഭഗ്നോല്‍സുകതയ്ക്ക്‌ സ്ഥാനമില്ലെന്ന്‌ ധരിച്ചാലും.
തൂലികയുടെ ആവേശം തുടരട്ടെ. ഭാവുകങ്ങള്‍!

Renjithkumar.R.Nair said...

സ്നേഹം കൂടുമ്പോള്‍ എനിക്കവന്‍ സത്യയായിരുന്നു....
എന്‍റെ ചോദ്യങ്ങള്‍ പിന്നീടവന്‍ കേട്ടില്ല..എന്നിലേക്ക് ആവേശത്തോടെ പെയ്തിറങ്ങാനുള്ള വെമ്പലിലായിരുന്നു...
ശക്തമായി പെയ്തിറങ്ങിയ മഴയില്‍ അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു.നീ സുന്ദരിയാണ്..
അന്നവന്‍ എന്നില്‍ നിന്ന് ഇറങ്ങിപ്പോയത് ആ സ്നേഹവസന്തവും കൊണ്ടാണ്....
വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ഞെരുങ്ങുമ്പോഴും ആ ചുണ്ടുകള്‍ തിരക്കിയിരുന്നു..മീരാ നിനക്കൊന്നും പറ്റിയില്ലല്ലോ.
.എനിക്കിപ്പോള്‍ പ്രത്യാശകളില്ല..നിന്‍റെ കൂടെ എനിക്കും കൂടി ഒരിടം...അതുവേണം സത്യാ.."തൊണ്ടയില്‍ കുരുങ്ങിയ ഒരേങ്ങല്‍ ശബ്ദം നഷ്ടപ്പെട്ടവളുടെ ഓളങ്ങളായി.
വരികള്‍ വളരെ നന്നായിട്ടുണ്ട്.. വീണ്ടും എഴുതുക! ആശംസകള്‍.

Sandeep.A.K said...

"പുറകോട്ടു പായുന്ന കാഴ്ചകള്‍ മുന്നിലേക്കുള്ള വഴിയൊരുക്കി.."

ഈ വരി ഇഷ്ടമായി.. കഥയെ പറ്റി പറയുകയാണെങ്കില്‍ തികച്ചും നാടകീയം എന്നാണു എന്‍റെ അഭിപ്രായം..

ദീപുപ്രദീപ്‌ said...

മുന്‍പെവിടെയോ വായിച്ചതോര്‍ക്കുന്നു "ഒരാളുടെ ആയുസ്സ് അയാളുടെ വയസ്സല്ല , അയാളുടെ ഓര്‍മ്മകളെ താലോലിക്കുന്നവരുടെ കൂടെ വയസ്സുകൂടി ചേര്‍ന്നതാണ് "
ഇവിടെ മീര സത്യനെ ജീവിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട് .


വായിച്ചപ്പോള്‍ തോന്നിയ ഒരു കാര്യം പറയുന്നു, എന്റെ അഭിപ്രായമാണ് , മറ്റു പലരുടെത് നിന്നും വിഭിന്നമാവും. സത്യന്‍ എന്ന കഥാപാത്രത്തെ മീര 'സത്യേട്ടന്‍ ' എന്ന വിളിച്ചിരുന്നെങ്കില്‍ കഥയില്‍ അത് ഒന്നുകൂടി നന്നാവുമായിരുന്നേനെ എന്ന് തോന്നി. അമീന്‍ എന്നാ കഥാപാത്രത്തിലൂടെ രണ്ടു ഭാവങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട് ഈ കഥയില്‍ .നന്നായി എഴുതി. കഥയ്ക്കനുയോജ്യമായി വാക്കുകള്‍ വിന്യസിച്ചിരിക്കുന്നു .

priyag said...

എനിക്കിഷ്ട്ടമായി മീരയെ , സത്യയെ , അമീനിനെ . പിന്നെ അച്ചനെ അമ്മയെ എല്ലാം!
പിന്നെ കഥാ കാരിയെയും

അനശ്വര said...

കഥയിൽ പുതുമ വേണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല..മുകളിൽ പലരും പറഞ്ഞത് പോലെ ജീവിതം തന്നെ ആവർത്തന വിരസമല്ലെ? പക്ഷെ, കഥയിൽ ഒരുപാട് അസംഭവ്യതകൾ!!എങ്കിലും നല്ല ഭാഷ...ആദ്യവരവാണ്‌..എന്റെ നാട്ടുകാരിയാണ്‌ എന്ന് അറിഞ്ഞതിൽ സന്തോഷം തോന്നി...

പ്രിയദര്‍ശിനി said...

മഞ്ഞുതുള്ളി (priyadharsini) said...

കഥകള്‍ ഭാവനാസൃഷ്ടിയാണ്...വെറും കഥകള്‍...അതില്‍ കഥാകാരിയുടെ ജീവിതം തിരയാതിരിക്കൂ...
May 23, 2011 11:05 AM
ഷംസീര്‍ melparamba said...

ല്ല കഥാകാരിയുടെ ജീവിതം തിരയില്ല....കഥ ഭാവന ആയാലും സത്യം ആയാലും അവതരണവും കഥയില്‍ ഉപയോഗിച്ച വരികളും ചിന്തകളും നന്നായിട്ടുണ്ട്....ഭാവുകങ്ങള്‍...കഥ എഴുത്ത് രീതി എനിക്ക് നന്നായി ബോധിച്ചു...
May 26, 2011 5:34 AM
ponmalakkaran | പൊന്മളക്കാരന്‍ said...

ഉള്ളുവെന്ത ഉഷ്ണം ഉപ്പുകാറ്റില്‍ ലയിച്ച് ഉയരങ്ങളിലേക്ക് ഉയര്‍ന്നു....

തണുത്ത കാറ്റ് മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തട്ടെ..........

നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ..
May 29, 2011 5:02 AM
Jazmikkutty said...

ഈ ഭാവനാ സൃഷ്ട്ടിയില്‍ കരള്‍ പിളര്‍ത്തുന്ന നൊമ്പരം ഉണ്ട്..ഇനിയും മന്മറിയാത്ത സ്നേഹത്തിന്റെ സ്നിഗ്ദതയുണ്ട്.. കഥ വളരെ ഒതുക്കത്തോടെ മനോഹരമായി എഴുതി.എനിക്കിഷ്ട്ടമായി.
May 29, 2011 5:11 AM
തൂവലാൻ said...

നല്ല അവതരണം..അഛന്റെ സംസാരം ഇഷ്ടപ്പെട്ടു…അടച്ചിട്ട കൂട്ടിൽ നിന്നും സ്വതന്ത്രമാകാൻ നിശബ്ദമായി അതിൽ പറയുന്നുണ്ട്.അപ്പോൾ തന്നെ ഊഹിച്ചു ക്ലൈമാക്സ്…
May 31, 2011 10:40 AM
Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു
May 31, 2011 12:58 PM
sh@do/F/luv said...

എഴുതൂ...
ഇനിയുമിനിയും.
ആശംസകള്‍
June 3, 2011 9:53 AM
ചെറുത്* said...

ഒരു വര്‍ഷം പഴക്കമുള്ള മറ്റൊരു ബ്ലോഗ് കമന്‍‌റിലെ പരിചയമില്ലാത്ത ചിത്രം കണ്ടാണ് ഇവ്ടെ എത്തിയത്. കവിതയിലൂടെ കണ്ടിട്ടുണ്ടെങ്കിലും കഥ ആദ്യായാ കാണണത്. കവിതയേക്കാള്‍ കഥയാണ് ചേരുന്നതെന്ന് തോന്നുന്നു. ലളിതതീവ്രമായ ഭാഷയും അവതരണവും. അവസാനത്തെ വരികളില്‍ എത്തുന്നത് വരെ ഒരു ആകാംഷയും നൊമ്പരവും വായനയില്‍ ഫീല്‍ ചെയ്യുന്നു.

ആശംസകള്‍!
June 11, 2011 10:32 AM
മനോജ്‌ വെങ്ങോല said...

നല്ല എഴുത്ത്‌.
June 13, 2011 8:22 PM
സീത* said...

നല്ല കഥ..ഭാവന ശക്തം...ഇനിയും എഴുതുക...കഥയിൽ കഥാകാരിയെ കാണരുതെന്നു തന്നെയാണു എന്റെ അഭിപ്രായവും..
June 19, 2011 12:16 AM
sankalpangal said...

വായിച്ചു..സന്തോഷത്തില്‍ നിന്നു ദു:ഖത്തിലേക്കും മറവിയിലേക്കും എത്ര വേഗം..വായിച്ചു തുടങ്ങിയ സന്തോഷം വേഗം ദു:ഖത്തിന് വഴിമറി...
June 22, 2011 9:10 AM
Vp Ahmed said...

നല്ല കഥ. ഭാവുകങ്ങള്‍ .
June 30, 2011 10:23 PM
BIBIN N U said...

വായിച്ചു തുടഞ്ഞിയപ്പോള്‍ ഒരു നൊമ്പരം ഞാന്‍ അറിയാതെ എന്റെ മനസ്സില്‍ കടന്നു വന്നു ! പക്ഷെ വയനകഴിഞ്ഞപ്പോള്‍ മീരയെ ചെറുതായ വേരുത്തോ എന്നൊരു സംശയം അറിയില്ല വിഗുലമായ എന്‍റെ മാത്രം തോന്നലാണോ എന്ന്!ആശംസകള്‍
June 30, 2011 11:15 PM
ഏകലവ്യ said...

ഇ കഥയോട് എന്തോന്നില്ലാത്ത ഒരു അടുപ്പം തോന്നുന്നു.. സത്യത്തില്‍ എന്റെ സ്വസ്ഥത നഷ്ട്ടപ്പെട്ടു..നന്നായിരിക്കുന്നു എന്ന് മാത്രം എഴുതുന്നു..മറ്റൊന്നും എഴുതാന്‍ കരളുറപ്പിലാതെ..
July 2, 2011 1:16 AM
ജാനകി said...

കഥ നന്നായിരിക്കുന്നു മഞ്ഞുതുള്ളി.....
ഒരുപാ‍ടു വായിക്കു.....
മനോരാജിന്റെ ഒരു പോസ്റ്റിൽ നിന്നാണു മഞ്ഞുതുള്ളിയെ എനിക്കു പിടികിട്ടിയത്..
അന്നു കണ്ടിരുന്നു..തുഞ്ചൻ പറമ്പിൽ....
എല്ലാ ഭാവുകങ്ങളും നേരുന്നു
July 4, 2011 10:27 AM
ചേലേമ്പ്ര ഗിജി ശ്രീശൈലം said...

nannayirunu ishtappettu
July 13, 2011 3:15 AM
ചേലേമ്പ്ര ഗിജി ശ്രീശൈലം said...

nannayirunnu
.....ishatappettu
July 13, 2011 3:16 AM
അബി said...

മഞ്ഞുതുള്ളി കഥ നന്നായിരിക്കുന്നു.

എല്ലാ ഭാവുകങ്ങളും ...
July 15, 2011 2:23 AM

~ex-pravasini* said...

വളരെ നല്ലൊരു കഥ!
ആശംസകള്‍..

സതീഷ്‌ കുമാര്‍. എസ്‌ said...

ഇനിയും മികവുറ്റ കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്

Anonymous said...

കൊള്ളാം ..:)
100th comment

khadu said...

ഇനിയും മികവുറ്റ കഥകള്‍ പ്രതീക്ഷിച്ചു കൊണ്ട്...
ആശംസകള്‍..

Shefin said...

:-)

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.