Pages

Wednesday, April 6, 2011

" കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."ബ്ലോഗര്‍ നന്ദിനി ലാപ്പിലേക്ക് കണ്ണുനട്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി.....
ഒരെഴുത്തുകാരിയായതിന്‍റെ  കഷ്ടപ്പാടെ ! രണ്ടാഴ്ചയായി പുതിയ പോസ്റ്റ്‌ ഇട്ടിട്ട്.
അനുഭവകഥ എഴുതി വീണ്ടും വായനക്കാരെ പറ്റിക്കുന്നതെങ്ങിനെ...?
കഥയെഴുതിയാലെ മറ്റു ബ്ലോഗര്‍മാരുടെ ഇടയില്‍ വിലയുണ്ടാവു ഒപ്പം കമന്റ്‌ എഴുതാല്‍ ആളും..
ഇത് നന്ദിനിയുടെ മാത്രം ചിന്താകുഴപ്പമല്ല പൊതുവായിട്ടുള്ളതാണ്....
എഴുത്തിനിടയിലും ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ മെയില്‍ ബൊക്സില്‍ പതിയുന്നുണ്ട്..
നല്ല വാക്കുകളുമായി ആരെങ്കിലും ഇതുവഴി വന്നാലോ..?
ഒരു അഭിനന്ദനം കിട്ടിയിട്ട് നാളെത്രയായി...പ്രതീക്ഷകളാണല്ലോ ജീവിതത്തെ നയിക്കുന്നത്...
നോക്കി നോക്കി ഇരിക്കുമ്പോള്‍ അതാ വരുന്നു അവന്‍ , ഇന്‍ബോക്സില്‍ " ഒന്ന് " എന്നു കണ്ടപ്പോള്‍ത്തന്നെ
നന്ദിനി ഓര്‍ത്തു കാക്കപ്പൂവായിരിക്കും....
അവള്‍ മാത്രമാണല്ലൊ ലിങ്ക് അയച്ചിട്ടും ഇതുവരെ കമന്റ്‌ ഇടാത്തത്.
എന്തായിരിക്കും ഇനി അവള്‍ എഴുതി പിടിപ്പിച്ചിട്ടുണ്ടാവുക..ആര്‍ത്തിയോടെയാണ് ബ്ലോഗര്‍ നന്ദിനി
മെയില്‍ തുറന്നത്..പക്ഷെ ! അത് അവനായിരുന്നു പാളയന്‍കോടന്‍പഴം. പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നതാണ്.
ഉം ! നോക്കാം അവനില്‍ നിന്ന് പുതിയ വല്ല ത്രെഡും കിട്ടിയാലോ. ഇത്ര നേരമായിട്ടും തന്‍റെ കഥ പാതിവഴിയിലാണെന്ന്
അവള്‍ ചിന്തിച്ചു... 
പാളയംകോടന്‍പഴത്തിന്റെ ലിങ്കില്‍ ക്ലിക്കി നന്ദിനി കാത്തിരുന്നു.
അവള്‍ക്ക്  മുന്‍പില്‍  ലോകപരാധീനതകളെ  മുഴുവന്‍ കണ്ണുകളിലേക്ക് ആവാഹിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു ഒപ്പം ഒരു തലവാചകവും " കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."
ഉം ! തലവാചകം ഗംഭീരം !!! വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ നന്ദിനി ഓര്‍ത്തു...
ഒറ്റശ്വാസത്തിനു മുഴുവനും വായിച്ചു തീര്‍ത്തു.  ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ നിറഞ്ഞ് അരുവികളായി......
താടിക്കുഴിയിലെത്തിയപ്പോള്‍ രണ്ടരുവികളും ഒന്നായി കീഴ്പ്പോട്ടു ചാടി...
വെള്ളം വീണു നനഞ്ഞാല്‍ ലാപ്പ് കേടുവന്നാലോ എന്നു  കരുതി അവള്‍ ശ്രദ്ധയോടെ അരുവികളെ  ചുരിദാറിന്റെ ദുപ്പട്ടയില്‍ ഒതുക്കി...
വായിച്ചു കഴിഞ്ഞല്ലോ   ഇനിയുള്ള  ഭഗീരഥപ്രയത്നം  കമന്റ്‌ ഇടുക എന്നതാണ്.. വെറുതെ ഇട്ടാല്‍ മാത്രം പോര..
താഴെയുള്ള കമന്റ്സ് വായിച്ച്  തലനാരിഴകീറി പരിശോധിച്ചിട്ടു  വേണം ഇടാന്‍.....എങ്കിലേ നാലാള്‍ ശ്രദ്ധിക്കൂ....
പലരും മൂക്ക് പിഴിഞ്ഞും  രോഷം കൊണ്ടും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെ കുറിച്ച് പ്രസംഗിച്ചത് കണ്ടു.....
പെട്ടന്ന് ബ്ലോഗര്‍ നന്ദിനിയുടെ കുഞ്ഞുതലയില്‍ വലിയ ബുദ്ധി ഉദിച്ചു..ഇവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണ്ടേ....
ഒട്ടും അമാന്തിച്ചില്ല അവളിട്ടു ഒരുഗ്രന്‍ കമന്റ്‌  അല്ല  പ്രതിജ്ഞ  ഇന്നുമുതല്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനു വേണ്ടി തന്‍റെ  മനസ്സും  ശരീരവും  അര്‍പ്പിക്കുകയാണെന്ന്, ജീവിതാന്ത്യം വരെ  കര്‍മ്മനിരതയായിരിക്കുമെന്ന  വാഗ്ദാനവും.......
ഇനി ബ്ലോഗേര്‍സിന്‍റെ ചൂടേറിയ ചര്‍ച്ചാവിഷയം ബ്ലോഗര്‍ നന്ദിനിയുടെ വിശാലമനസ്കതയെക്കുറിച്ചായിരിക്കും, അവള്‍ ഊറിച്ചിരിച്ചു...
തികഞ്ഞ സംതൃപ്തിയോടെ ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന പ്രശംസകളെക്കുറിച്ചോര്‍ത്ത്  ബ്ലോഗര്‍ നന്ദിനി പുളകിതയായി.....
പുറത്ത്‌ ഗേറ്റിന്റെ വൃത്തികെട്ട ശബ്ദം അവളുടെ ഊഷ്മളചിന്തകളെ ഉണര്‍ത്തി..
ലാപ്പ് താഴെ വെച്ച് പുറത്തേക്ക് നടന്ന നന്ദിനി ഒരുനിമിഷം തറച്ചു നിന്നുപോയി..
അല്പം മുന്‍പ് പാളയന്‍കോടന്‍റെ ബ്ലോഗില്‍ കണ്ട അതേ ദൈന്യത നിറഞ്ഞ കണ്ണുകള്‍.....
അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം അവളുടെ  " അമ്മാ ! "  എന്ന നീട്ടിയ വിളിയില്‍ ബ്ലോഗര്‍ നന്ദിനി സമചിത്തത വീണ്ടെടുത്തു.....
ഉം.. എന്തു  വേണം ?
കുഞ്ഞുകൈയ്യിലെ  പ്ലാസ്റ്റിക്‌ കവറിട്ട  മഞ്ഞകാര്‍ഡ്‌ അവള്‍ നന്ദിനിയ്ക്ക് നേരെ നീട്ടി......
ബ്ലോഗര്‍ നന്ദിനിയുടെ മുഖം കറുത്തിരുണ്ടു .... കണ്ണുകള്‍ രണ്ട് അഗ്നിഗോളങ്ങളായി......
" സെക്ക്യൂരിറ്റീ..!!! " ഗുഹയ്ക്കകത്ത് നിന്നും വന്നപോലുള്ള ബ്ലോഗര്‍ നന്ദിനിയുടെ ശബ്ദം കേട്ട്  ആ കുഞ്ഞുകൈയ്യിലെ  മഞ്ഞകാര്‍ഡ്‌ താഴെ വീണു...ഓടിക്കിതച്ചെത്തിയ  സെക്യുരിറ്റി  പൂച്ചകുഞ്ഞിനെ എന്നപോലെ
അവളേയും തൂക്കിയെടുത്തു പുറത്തേക്ക് നടന്നു....
സമയനഷ്ടത്തെ ശപിച്ചുകൊണ്ട് ബ്ലോഗര്‍ നന്ദിനി തന്നെനോക്കി അക്ഷമയോടെ  കാത്തിരിക്കുന്ന ലാപ്പ് അരുമയോടെ  കൈയ്യിലെടുത്തു......
ആകാംക്ഷയോടെ വീണ്ടും മെയില്‍ബോക്സിലേക്ക്..,
അവിടേക്ക് പറന്നുവന്ന നൂറോളം ആശംസാമെയിലുകള്‍ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു....
ബ്ലോഗര്‍ നന്ദിനി ഒരിക്കല്‍ക്കൂടി ഹര്‍ഷപുളകിതയായി......

********************************************
 
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.