Pages

Friday, May 6, 2011

ഒരു കൈക്കുടന്ന പൂക്കള്‍...



കറുപ്പില്‍ നീലക്കല്ലുകള്‍ പതിച്ച ഷിഫോണ്‍ സാരി കയ്യിലെടുത്തപ്പോള്‍
മനസ്സ് എന്തെന്നില്ലാതെ തുടിച്ചു...സതീഷ്‌ ഒന്നാമത്തെ വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ചത്...അന്നാ സാരി ചുറ്റി കണ്ണാടിയ്ക്ക് മുന്‍പില്‍ നിന്നപ്പോള്‍ സതീഷ്‌ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്...

" നീ ഒരുപാട് സുന്ദരിയാണ്..നിന്‍റെ അളവുകള്‍ക്ക് കൃത്യതയുണ്ട്.." 
 എന്‍റെ പൊട്ടിച്ചിരിയില്‍ സതീഷിന്‍റെ വാക്കുകള്‍ കുതിര്‍ന്നു...ഒരു നനഞ്ഞ പക്ഷിയെ പോലെ അവനെന്നെ ചേര്‍ത്തുപിടിച്ചു..
" നിനക്ക് ചെമ്പകത്തിന്‍റെ മണമാണ് അതെന്നെ മത്തുപിടിപ്പിക്കുന്നു മീരാ.... " 
" സത്യാ നിനക്കിതെന്തു പറ്റി..? ഇന്ന് വല്ലാത്ത മൂടിലാണല്ലോ..."
സ്നേഹം കൂടുമ്പോള്‍ എനിക്കവന്‍ സത്യയായിരുന്നു....എന്‍റെ ചോദ്യങ്ങള്‍ പിന്നീടവന്‍ കേട്ടില്ല..എന്നിലേക്ക് ആവേശത്തോടെ പെയ്തിറങ്ങാനുള്ള വെമ്പലിലായിരുന്നു.... ശക്തമായി പെയ്തിറങ്ങിയ മഴയില്‍ അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു..
 " നീ സുന്ദരിയാണ്..." 

സതീഷ്‌ അങ്ങിനെയായിരുന്നു ഞാനെന്നും അവന്‍റെ പ്രണയിനിയായിരുന്നു.. സതീഷുമൊത്തുള്ള ഒരു വര്‍ഷത്തെ വിവാഹജീവിതം ആഹ്ലാദത്തിന്‍റെ പൂക്കാലമായിരുന്നു...അന്നവന്‍ എന്നില്‍ നിന്ന് ഇറങ്ങിപ്പോയത് ആ സ്നേഹവസന്തവും കൊണ്ടാണ്.... വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ഞെരുങ്ങുമ്പോഴും ആ ചുണ്ടുകള്‍ തിരക്കിയിരുന്നു.....
 " മീരാ !! നിനക്കൊന്നും പറ്റിയില്ലല്ലോ.."

ഒന്നലറിക്കരയാന്‍പോലുമാവാതെ പകച്ചുപോയ നിമിഷങ്ങള്‍...സതീഷ്‌ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു...ഒരിക്കല്‍ പോലും അവന്‍റെ ഓര്‍മ്മകളില്‍ നിന്ന് തനിക്ക് ഓടിയൊളിക്കാന്‍ കഴിഞ്ഞിട്ടില്ല...
ഓര്‍മ്മകള്‍ക്ക് ഉയരം വെച്ചുതുടങ്ങിയിരിക്കുന്നു....അവ അംബരചുംബികളെ നിഷ്പ്രഭമാക്കി വാനോളം ഉയര്‍ന്നു പൊങ്ങി...മേഘങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി....തണുത്ത കൂട്ടില്‍ നനുത്തരോമത്തൂവലുകള്‍ ചേര്‍ത്ത് ചൂടുപകരുന്ന ഇണക്കുരുവികള്‍...ശൂന്യതയില്‍ നിന്നും ലക്ഷ്യം തെറ്റി വന്ന ഒരമ്പ് ഹൃദയത്തെ വിണ്ടുകീറി കടന്നുപോയി...അങ്ങുദൂരെ ഇണക്കുരുവിയുടെ തേങ്ങലുകള്‍ ഓര്‍മ്മകളെ തകര്‍ത്തുകൊണ്ട് ഉച്ചത്തില്‍ ചിലച്ചുകൊണ്ടിരുന്നു...ഊര്‍ന്നു വീണ സാരി മാറോടടുക്കി മൊബൈല്‍ കയ്യിലെടുത്തപ്പോള്‍ അമീനിന്‍റെ ചിരിക്കുന്ന മുഖം ഡിസ്പ്ലേയില്‍ തെളിഞ്ഞു.....


" എന്താ അമീ..? "  അമിയുടെ നിശബ്ദതയുടെ അര്‍ത്ഥം അറിയാമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചു......
 "എന്താ അമീ ഒന്നും മിണ്ടാതെ..?"
 "നീ പോകാന്‍ തീരുമാനിച്ചോ...? "   അമിയുടെ മൌനത്തില്‍ നിന്നും അടര്‍ന്നു വീണ വാക്കുകളില്‍ സംശയം നിഴലിച്ചിരുന്നു...
 "നിന്നോട് ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ..പോണം...!! ഈ ദിവസം എനിക്ക് മറക്കാന്‍ കഴിയ്യോ അമീ...?" പുറത്തേക്ക് വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതവന്‍റെ മുന്‍പില്‍ വിലപോവില്ലെന്നു അറിയാമായിരുന്നു.....
"നിനക്ക് പോവാതിരുന്നൂടെ മീരാ...? "
" ഇല്ലാ അമീ ഇന്നെനിക്ക് ജീവിക്കണം...സത്യയ്ക്കു വേണ്ടി...ഇന്നുമാത്രം !!.." 
മറുപടിയ്ക്ക് കാക്കാതെ ഫോണ്‍ ബെഡ്ഡിലേക്ക് എറിയുമ്പോള്‍ ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.....

ഷവറിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു ശാന്തത എനിക്കു ചുറ്റും നിറഞ്ഞുനിന്നു... ഓര്‍മ്മപ്പെടുത്തലുകളുടെ അലസോരമില്ലാതെ നന്നായി ഒരുങ്ങി കണ്ണാടിക്കു മുന്‍പില്‍ നിന്നപ്പോള്‍ എവിടെന്നോ ഒരുന്മേഷം ശരീരത്തിലേക്ക് പ്രവഹിച്ചു...പതിവിലും സുന്ദരിയായിരിക്കുന്നു..
സ്വയം മറന്ന നാളുകളില്‍ അലസമായ മുടിയിഴകളില്‍ മറഞ്ഞ സൗന്ദര്യം കണ്ണാടിയില്‍ ജ്വലിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒരു കൊളുത്തിപ്പിടിത്തം....

ധൃതിയില്‍‍ പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയെ പൂമുഖപ്പടിയില്‍ പ്രതീക്ഷിച്ചിരുന്നില്ല...അമ്മയുടെ അമ്പരപ്പിക്കുന്ന നോട്ടം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല...സാരിയിലേക്കും മുഖത്തേക്കും പാറിവീണ മിഴികള്‍ ഒരു ചോദ്യത്തില്‍ അവസാനിച്ചു..

"നീയിത് എവിടേക്കാ..?" 
മറുപടിയ്ക്കു വേണ്ടി പരതികൊണ്ട് ഞാന്‍ പതുക്കെ പറഞ്ഞു.. 
 "അമ്മെ ഞാനിപ്പോള്‍ വരാം.." സമ്മതത്തിന് വേണ്ടി ഏറെ കാക്കേണ്ടി വന്നില്ല അച്ഛന്‍റെ ഗംഭീരശബ്ദം ഹാളില്‍ മുഴങ്ങി.. 
"പോയിട്ട് വാ മോളെ.." തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍റെ പ്രകാശിക്കുന്ന മുഖം എന്നെ നോക്കി പുഞ്ചിരിച്ചു... 
"ഇതാ ചാവി..കാറെടുത്തൊ നീ...."  അച്ഛന്‍  'കീ' നീട്ടിയപ്പോള്‍ എന്റെ ഹൃദയം വീണ്ടും നോവാല്‍ വിണ്ടുകീറി.... 
"വേണ്ടച്ഛാ ബസ്സില്‍ പോയ്ക്കോളാം ഞാന്‍.."
" എന്നാ അച്ഛനും കൂടി പോരട്ടെ നിന്‍റെ കൂടെ.." അമ്മയുടെ ശബ്ദത്തില്‍ ഭയം നിറഞ്ഞിരുന്നു....എന്‍റെ മനസ്സ് വായിച്ചിട്ടെന്നോണം അച്ഛനത് നിരസിച്ചു....
"അവള്‍ പൊയ്ക്കോട്ടേ സുമേ!!..എത്രകാലായി എന്‍റെ കുട്ടി ഇങ്ങനെ അടച്ചിരിക്കുന്നു..അവള്‍ക്ക് ഒരാശ്വസാവാണേല്‍ ആയിക്കോട്ടെ.. എന്തിനാ തടയിണത്..." 

സ്നേഹം സ്ഫുരിക്കുന്ന അച്ഛന്‍റെ വാക്കുകള്‍ക്ക് മുന്‍പില്‍ കുനിഞ്ഞ ശിരസ്സുമായി നില്‍ക്കുമ്പോള്‍ ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
" നോക്ക് സുമേ എന്‍റെ കുട്ടി കരയ്ണത്..ഇപ്പോ നിനക്ക് സമാധാനായോ..? " 
 അതുവരെ തറഞ്ഞു നിന്ന അമ്മ ജീവന്‍ കിട്ടിയ പോലെ എന്നെ ചേര്‍ത്തുപിടിച്ചു...." നോക്കൂ ചന്ദ്രേട്ടാ !! എന്‍റെ കുട്ട്യേ ഇത്ര ചന്തത്തില്‍ കണ്ടാ ആളുകള് എന്തെങ്കിലും പറയില്ലേ..? പോരാത്തതിന് ഇന്ന് അവന്‍റെ ഓര്‍മ്മദിനല്ലേ..? " 

അതിനുള്ള അച്ഛന്‍റെ മറുപടി പതിവിലും ഉച്ചത്തിലായിരുന്നു......
" എന്‍റെ കുട്ട്യെ ഇന്നാ മനുഷ്യകോലത്തില്‍ കാണുന്നത്..അതും നീ ഇല്ലാണ്ടാക്കോ സുമേ...ആളുകള് പറയണത് പോലെ ജീവിക്കാന്‍ പറ്റ്വോ..? അവള്‍ക്ക് ചെറുപ്പല്ലേ മുറിയില് അടച്ചിടാന്‍ പറ്റ്വോ..? നീയിനി ഓരോന്നും പറഞ്ഞു അതിനെ വിഷമിപ്പിക്കണ്ട...എന്‍റെ കുട്ടി പൊയ്ക്കോ.."
 പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അച്ഛന്‍റെ വാക്കുകള്‍ വേദനയാല്‍ ചിലമ്പിച്ചിരുന്നു... അമ്മയുടെ മുഖത്ത് ദൈന്യതയും ഭയവും നിറഞ്ഞിരുന്നു.... യാത്രചോദിക്കാന്‍ പോലും ത്രാണിയില്ലാതെ ഞാനോടി പുറത്തിറങ്ങി..ഓട്ടോയ്ക്ക് കൈനീട്ടുമ്പോള്‍ വിദൂരതയില്‍ അമ്മയുടെ തേങ്ങല്‍ കേട്ടു.....



 


 ബസ്സിലിരിക്കുമ്പോള്‍ നേരിയ
ചാറ്റല്‍മഴ യുണ്ടായിരുന്നു.... 
തണുത്ത കാറ്റ് മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തി...പുറകോട്ടു പായുന്ന കാഴ്ചകള്‍ മുന്നിലേക്കുള്ള വഴിയൊരുക്കി..അവ ഓര്‍മ്മകളെ വിളിച്ചുണര്‍ത്താതെ പതിയെ കടന്നുപോയി...ചിന്തകള്‍ ശൂന്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു...മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് അത് സ്വിച്ച്ഓഫ്‌ ചെയ്യാന്‍ മറന്ന കാര്യം ഓര്‍ത്തത്.... അമീന്‍ !! അവന്‍റെ ആധിയ്ക്ക്‌ എന്‍റെ കൈയ്യില്‍ ഉത്തരമില്ലായിരുന്നു...ലൈന്‍ കട്ടുചെയ്ത് സ്വിച്ച്ഓഫ്‌ ചെയ്യുമ്പോള്‍ എനിക്കങ്ങിനെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ....പിന്നീടുള്ള ചിന്തകള്‍ അവനെക്കുറിച്ചായിരുന്നു.....

സതീഷ്‌ പോയശേഷമുള്ള വിരസമായ പകലുകളോന്നില്‍ അമീനിനെ കണ്ടുമുട്ടിയത്‌..ആശ്വാസമായിരുന്നു അവന്‍റെ സാമീപ്യം...ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത അവനോട് സങ്കടങ്ങളും പിണക്കങ്ങളും പരിഭവങ്ങളും പങ്കുവെക്കുമ്പോള്‍ ആ സൗഹാര്‍ദം അങ്ങേയറ്റം ആസ്വദിച്ചിരുന്നു... അമീനിന്‍റെ അളവില്‍ കവിഞ്ഞ സ്നേഹം,ശ്രദ്ധ എല്ലാം അറിഞ്ഞില്ലെന്ന് ഭാവിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചു..പിന്നീട് അകലാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു...സൗഹാര്‍ദ്ദമെന്ന മേലാപ്പ് ചീന്തിയെറിയാന്‍ ഒരിക്കലും അവസരം നല്‍കിയില്ല..എന്‍റെ കടുംപിടുത്തങ്ങളെല്ലാം മൂകമായ്‌ സഹിച്ച് അവന്‍ ഇതുവരെ കൂടെനിന്നു....പക്ഷെ ഇക്കാര്യത്തില്‍ അവനെന്തൊക്കെയോ സംശയങ്ങള്‍ , ഒരു ഉള്‍ഭയം അവനെ വല്ലാതെ അലട്ടുന്നുണ്ട്... പലപ്പോഴും എന്‍റെ മനസ്സ്‌ വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞിട്ടുണ്ട്...പക്ഷെ ഇപ്പോള്‍ എനിക്ക് ആരുടേയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല...


 
                                                        
                                          കന്യാകുമാരിയുടെ മനോഹാരിതയിലേക്ക് നടക്കുമ്പോള്‍ പാദങ്ങള്‍ വായുവില്‍ നീന്തുകയാണെന്ന് തോന്നി.... കടല്‍ക്കാറ്റില്‍ അലസമായി ഒഴുകുന്ന സാരിയെ പറക്കാന്‍ വിട്ടിട്ട് തിരകള്‍ക്ക് അഭിമുഖമായ്‌ നടന്നു....അലസമായ്‌ നീന്തുന്ന തിരകള്‍ എനിക്കുമുന്‍പില്‍ സന്തോഷത്താല്‍ ഉയര്‍ന്നുപൊങ്ങി പാദങ്ങളെ നനച്ച് അകന്നുപോയി...വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ....തീരത്തെ സാധാരണയില്‍ കവിഞ്ഞ തിരക്ക് മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കി...ആര്‍പ്പുവിളികളും കച്ചവടം പൊടിപ്പൊടിക്കുന്ന തിരക്കുമെല്ലാം ചേര്‍ന്ന് കാതുകള്‍ കൊട്ടിയടച്ചു...ഇരുകൈകളും കാതുകളില്‍ ചേര്‍ത്തു ഉച്ചത്തില്‍ നിലവിളിക്കണമെന്നു തോന്നി....

തമിഴന്‍ ചെക്കന്‍റെ കൂര്‍പ്പിച്ച നോട്ടവും ചൂളംവിളികളും വിസ്മരിച്ച് പാറകൂട്ടങ്ങള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ഉള്ളുവെന്ത ഉഷ്ണം ഉപ്പുകാറ്റില്‍ ലയിച്ച് ഉയരങ്ങളിലേക്ക് ഉയര്‍ന്നു.... പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരമ്പിയാര്‍ക്കുന്ന കടലിനെ നോക്കിയിരിക്കുമ്പോള്‍ ഹൃദയത്തിലെ മുറിവില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങാന്‍ തുടങ്ങി....പാഞ്ഞടുക്കുന്ന ഓരോ തിരയും ഹൃദയത്തില്‍ ആഞ്ഞുതല്ലി കടന്നുപോയി... 
"ആരുംകാണാതെ നിനക്കു മുന്‍പില്‍ ഞാനൊന്നു പൊട്ടിക്കരഞ്ഞോട്ടെ...? " 
" വേദന കാര്‍ന്നുതിന്നുന്ന ഈ ഹൃദയം നിനക്കു മുന്‍പില്‍ പറിച്ചെറിയട്ടെ..? "
" സഹനത്തിന് അതിര്‍വരമ്പുകളുണ്ട് സത്യാ..!! അത് നിന്‍റെ ഓര്‍മ്മകളില്‍ പൂക്കുന്നുണ്ട്.....എനിക്കിപ്പോള്‍ പ്രത്യാശകളില്ല....നിന്‍റെ കൂടെ എനിക്കും കൂടി ഒരിടം...അതുവേണം സത്യാ.." തൊണ്ടയില്‍ കുരുങ്ങിയ ഒരേങ്ങല്‍ ശബ്ദം നഷ്ടപ്പെട്ടവളുടെ ഓളങ്ങളായി....

താഴെ ഉയര്‍ന്നുപൊങ്ങുന്ന തിരകള്‍ ആയിരം കൈകള്‍ നീട്ടി മാടിവിളിക്കുന്നുണ്ട്..... ഓങ്കാരാരവം കാതുകളില്‍ മുഴങ്ങി..ആത്മനിര്‍വൃതിയുടെ പാരമ്യതയില്‍ പാദങ്ങള്‍ ഒഴുകി.... അപ്പൂപ്പന്‍താടിയായ്‌ പറന്നിറങ്ങാന്‍ കൊതിച്ച് അവ ശൂന്യതയിലേക്ക് ചുവടുകള്‍ വെച്ചു..... മുങ്ങാംകുഴിയിട്ട പ്രജ്ഞയെ മുടിയിഴകളില്‍ പിടിച്ച് ഉയര്‍ത്തുന്നത് പോലെ എവിടെനിന്നോ ഒരജ്ഞാതസ്വരം എന്നെ വലയം ചെയ്തു...അത് തട്ടി വിളിക്കുന്നുണ്ട്....പേരുചൊല്ലി വിളിക്കുന്നു...ആ ശബ്ദം അടുത്തു വരുന്നുണ്ട്..ഇപ്പോഴത് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‍...വീണ്ടും വീണ്ടും അത് തന്നെ വിളിക്കുന്നു....കണ്ണുകള്‍ തുറന്നിരിക്കുന്നുണ്ട് പക്ഷെ തലയൊന്നു ചെരിക്കാനാവാതെ..എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു...തണുത്ത എന്തോ ഒന്ന് കൈകളില്‍ തൊട്ടപ്പോള്‍ ആഴങ്ങളില്‍ നിന്നും വലിച്ചെടുത്ത് കരയ്ക്കിട്ട  പോലെ ഞാനൊന്നു പിടഞ്ഞു... തിരകള്‍ പാറക്കെട്ടുകളില്‍ ആഞ്ഞാഞ്ഞു പതിക്കുന്നുണ്ട്.....ഞെട്ടലോടെ പുറകോട്ടാഞ്ഞപ്പോള്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അലിവോടെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു..... 

തൊണ്ടവരണ്ട് ശബ്ദിക്കാനാവാതെ ആ കണ്ണുകള്‍ക്കായ് ഓര്‍മ്മയില്‍ പരതി....അമീനിന്‍റെ ചിരിക്കുന്ന മുഖം കണ്മുന്‍പില്‍ തെളിഞ്ഞപ്പോള്‍ എന്‍റെ വാക്കുകള്‍ക്ക് ജീവന്‍ വെച്ചു.... 
"അമീ‍...!! നീ....നീയെന്തിന് ഇവിടെ....?"  
ആദ്യമായ്‌ കാണുന്ന അവന്‍റെ കണ്ണുകളില്‍ അതിശയവും സ്നേഹവും സന്തോഷവുമെല്ലാം സമാധാനവുമെല്ലാം മിന്നിമറഞ്ഞു.... 
"അമീ..!! നീയെന്തിനിവിടെ വന്നു...? എനിക്കിതൊന്നും ഇഷ്ടമല്ല..ഇന്ന് എന്‍റെ സത്യയുടെ ദിവസമാണ്..എനിക്ക് തനിച്ചിരിക്കണം...നീ പൊയ്ക്കോളൂ..." 
എന്‍റെ വാക്കുകളില്‍ ദേഷ്യം കലര്‍ന്നിരുന്നു....

അമീനിന്‍റെ കൂസലില്ലായ്മ എന്നെ ചൊടിപ്പിച്ചു.. 
"നീയെനിക്ക് സമാധാനം തരില്ലല്ലേ..? എനിക്ക് നിന്നെ കാണേണ്ടാ..പോവനല്ലേ പറഞ്ഞത്..."  ഭ്രാന്തമായി അലറുമ്പോള്‍ അമീനെന്‍റെ കണ്ണുകളില്‍ ആജന്മശത്രുവായി..... 
" മീരാ !! എന്തായിത്..? എനിക്ക് വേണം നിന്നെ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
എല്ലാറ്റിലും ഉപരിയായി..പ്ലീസ് മീരാ പുറകോട്ടു പോവരുത്.."  
ഞൊടിയിടയില്‍ പുറംതിരിഞ്ഞ് തിരകളിലേക്ക് കുതിക്കാനൊരുങ്ങിയ എന്‍റെ ശരീരം അമീനിന്‍റെ കരവലയത്തില്‍ കിടന്നുപിടഞ്ഞു.... 
പിന്നീട് പതുക്കെ പതുക്കെ നിശ്ചലമായി...

ശക്തമായി  വീശിയടിച്ച കാറ്റ് അനുസരണയുള്ള കുട്ടിയെ പോലെ ഒതുങ്ങി നിന്നു.....അമീനിന്‍റെ മാറില്‍ തലചായ്ച്ചു മയങ്ങുമ്പോള്‍ മാലാഖക്കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെട്ട് സതീഷിന്‍റെ സുന്ദരമായ രൂപം തെളിഞ്ഞു വന്നു...ആ കൈക്കുടന്നയില്‍  വെളുത്ത പവിഴമല്ലി പൂക്കള്‍ നിറച്ചു വെച്ചിരുന്നു... അതെന്നിലേക്ക് മഴയായ് വര്‍ഷിച്ചു കൊണ്ട് സതീഷ്‌ പുഞ്ചിരിച്ചു......
തികഞ്ഞ സംതൃപ്തിയോടെ.....
____________________________________________________
   

Wednesday, April 6, 2011

" കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."



ബ്ലോഗര്‍ നന്ദിനി ലാപ്പിലേക്ക് കണ്ണുനട്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി.....
ഒരെഴുത്തുകാരിയായതിന്‍റെ  കഷ്ടപ്പാടെ ! രണ്ടാഴ്ചയായി പുതിയ പോസ്റ്റ്‌ ഇട്ടിട്ട്.
അനുഭവകഥ എഴുതി വീണ്ടും വായനക്കാരെ പറ്റിക്കുന്നതെങ്ങിനെ...?
കഥയെഴുതിയാലെ മറ്റു ബ്ലോഗര്‍മാരുടെ ഇടയില്‍ വിലയുണ്ടാവു ഒപ്പം കമന്റ്‌ എഴുതാല്‍ ആളും..
ഇത് നന്ദിനിയുടെ മാത്രം ചിന്താകുഴപ്പമല്ല പൊതുവായിട്ടുള്ളതാണ്....
എഴുത്തിനിടയിലും ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ മെയില്‍ ബൊക്സില്‍ പതിയുന്നുണ്ട്..
നല്ല വാക്കുകളുമായി ആരെങ്കിലും ഇതുവഴി വന്നാലോ..?
ഒരു അഭിനന്ദനം കിട്ടിയിട്ട് നാളെത്രയായി...പ്രതീക്ഷകളാണല്ലോ ജീവിതത്തെ നയിക്കുന്നത്...
നോക്കി നോക്കി ഇരിക്കുമ്പോള്‍ അതാ വരുന്നു അവന്‍ , ഇന്‍ബോക്സില്‍ " ഒന്ന് " എന്നു കണ്ടപ്പോള്‍ത്തന്നെ
നന്ദിനി ഓര്‍ത്തു കാക്കപ്പൂവായിരിക്കും....
അവള്‍ മാത്രമാണല്ലൊ ലിങ്ക് അയച്ചിട്ടും ഇതുവരെ കമന്റ്‌ ഇടാത്തത്.
എന്തായിരിക്കും ഇനി അവള്‍ എഴുതി പിടിപ്പിച്ചിട്ടുണ്ടാവുക..ആര്‍ത്തിയോടെയാണ് ബ്ലോഗര്‍ നന്ദിനി
മെയില്‍ തുറന്നത്..പക്ഷെ ! അത് അവനായിരുന്നു പാളയന്‍കോടന്‍പഴം. പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നതാണ്.
ഉം ! നോക്കാം അവനില്‍ നിന്ന് പുതിയ വല്ല ത്രെഡും കിട്ടിയാലോ. ഇത്ര നേരമായിട്ടും തന്‍റെ കഥ പാതിവഴിയിലാണെന്ന്
അവള്‍ ചിന്തിച്ചു... 
പാളയംകോടന്‍പഴത്തിന്റെ ലിങ്കില്‍ ക്ലിക്കി നന്ദിനി കാത്തിരുന്നു.
അവള്‍ക്ക്  മുന്‍പില്‍  ലോകപരാധീനതകളെ  മുഴുവന്‍ കണ്ണുകളിലേക്ക് ആവാഹിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു ഒപ്പം ഒരു തലവാചകവും " കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."
ഉം ! തലവാചകം ഗംഭീരം !!! വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ നന്ദിനി ഓര്‍ത്തു...
ഒറ്റശ്വാസത്തിനു മുഴുവനും വായിച്ചു തീര്‍ത്തു.  ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ നിറഞ്ഞ് അരുവികളായി......
താടിക്കുഴിയിലെത്തിയപ്പോള്‍ രണ്ടരുവികളും ഒന്നായി കീഴ്പ്പോട്ടു ചാടി...
വെള്ളം വീണു നനഞ്ഞാല്‍ ലാപ്പ് കേടുവന്നാലോ എന്നു  കരുതി അവള്‍ ശ്രദ്ധയോടെ അരുവികളെ  ചുരിദാറിന്റെ ദുപ്പട്ടയില്‍ ഒതുക്കി...
വായിച്ചു കഴിഞ്ഞല്ലോ   ഇനിയുള്ള  ഭഗീരഥപ്രയത്നം  കമന്റ്‌ ഇടുക എന്നതാണ്.. വെറുതെ ഇട്ടാല്‍ മാത്രം പോര..
താഴെയുള്ള കമന്റ്സ് വായിച്ച്  തലനാരിഴകീറി പരിശോധിച്ചിട്ടു  വേണം ഇടാന്‍.....എങ്കിലേ നാലാള്‍ ശ്രദ്ധിക്കൂ....
പലരും മൂക്ക് പിഴിഞ്ഞും  രോഷം കൊണ്ടും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെ കുറിച്ച് പ്രസംഗിച്ചത് കണ്ടു.....
പെട്ടന്ന് ബ്ലോഗര്‍ നന്ദിനിയുടെ കുഞ്ഞുതലയില്‍ വലിയ ബുദ്ധി ഉദിച്ചു..ഇവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണ്ടേ....
ഒട്ടും അമാന്തിച്ചില്ല അവളിട്ടു ഒരുഗ്രന്‍ കമന്റ്‌  അല്ല  പ്രതിജ്ഞ  ഇന്നുമുതല്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനു വേണ്ടി തന്‍റെ  മനസ്സും  ശരീരവും  അര്‍പ്പിക്കുകയാണെന്ന്, ജീവിതാന്ത്യം വരെ  കര്‍മ്മനിരതയായിരിക്കുമെന്ന  വാഗ്ദാനവും.......
ഇനി ബ്ലോഗേര്‍സിന്‍റെ ചൂടേറിയ ചര്‍ച്ചാവിഷയം ബ്ലോഗര്‍ നന്ദിനിയുടെ വിശാലമനസ്കതയെക്കുറിച്ചായിരിക്കും, അവള്‍ ഊറിച്ചിരിച്ചു...
തികഞ്ഞ സംതൃപ്തിയോടെ ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന പ്രശംസകളെക്കുറിച്ചോര്‍ത്ത്  ബ്ലോഗര്‍ നന്ദിനി പുളകിതയായി.....
പുറത്ത്‌ ഗേറ്റിന്റെ വൃത്തികെട്ട ശബ്ദം അവളുടെ ഊഷ്മളചിന്തകളെ ഉണര്‍ത്തി..
ലാപ്പ് താഴെ വെച്ച് പുറത്തേക്ക് നടന്ന നന്ദിനി ഒരുനിമിഷം തറച്ചു നിന്നുപോയി..
അല്പം മുന്‍പ് പാളയന്‍കോടന്‍റെ ബ്ലോഗില്‍ കണ്ട അതേ ദൈന്യത നിറഞ്ഞ കണ്ണുകള്‍.....
അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം അവളുടെ  " അമ്മാ ! "  എന്ന നീട്ടിയ വിളിയില്‍ ബ്ലോഗര്‍ നന്ദിനി സമചിത്തത വീണ്ടെടുത്തു.....
ഉം.. എന്തു  വേണം ?
കുഞ്ഞുകൈയ്യിലെ  പ്ലാസ്റ്റിക്‌ കവറിട്ട  മഞ്ഞകാര്‍ഡ്‌ അവള്‍ നന്ദിനിയ്ക്ക് നേരെ നീട്ടി......
ബ്ലോഗര്‍ നന്ദിനിയുടെ മുഖം കറുത്തിരുണ്ടു .... കണ്ണുകള്‍ രണ്ട് അഗ്നിഗോളങ്ങളായി......
" സെക്ക്യൂരിറ്റീ..!!! " ഗുഹയ്ക്കകത്ത് നിന്നും വന്നപോലുള്ള ബ്ലോഗര്‍ നന്ദിനിയുടെ ശബ്ദം കേട്ട്  ആ കുഞ്ഞുകൈയ്യിലെ  മഞ്ഞകാര്‍ഡ്‌ താഴെ വീണു...ഓടിക്കിതച്ചെത്തിയ  സെക്യുരിറ്റി  പൂച്ചകുഞ്ഞിനെ എന്നപോലെ
അവളേയും തൂക്കിയെടുത്തു പുറത്തേക്ക് നടന്നു....
സമയനഷ്ടത്തെ ശപിച്ചുകൊണ്ട് ബ്ലോഗര്‍ നന്ദിനി തന്നെനോക്കി അക്ഷമയോടെ  കാത്തിരിക്കുന്ന ലാപ്പ് അരുമയോടെ  കൈയ്യിലെടുത്തു......
ആകാംക്ഷയോടെ വീണ്ടും മെയില്‍ബോക്സിലേക്ക്..,
അവിടേക്ക് പറന്നുവന്ന നൂറോളം ആശംസാമെയിലുകള്‍ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു....
ബ്ലോഗര്‍ നന്ദിനി ഒരിക്കല്‍ക്കൂടി ഹര്‍ഷപുളകിതയായി......

********************************************
 

Saturday, March 5, 2011

മുത്തശ്ശിക്ക് അറ്യാത്തതാ !!




ഉച്ചമയങ്ങി തുടങ്ങീരിക്കുണു എല്ലാരും മയക്കത്തിലാ..നിയ്ക്ക്‌ ഈയിടെയായി
ഉറക്കല്യാ...മോന്തിയായാലും ണീച്ചിരിക്യാ..
വയ്യായ്ക പിടികൂടിയിരിക്കുണു..കാലെത്രയായി വെളീലിറങ്ങീട്ട്..ഒരു അന്തിക്ക്
മീനൂട്ടീടെ  മൂത്രത്തില്
ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ  അതെന്‍റെ  കൊഴപ്പാ  ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്  കിടപ്പിലായിട്ട്  വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ  ന്‍റെ  യശോദേം ഉണ്ണീം 
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ..
നിയ്ക്കിനി എന്തേലും പറ്റ്യാ നോക്കാന്‍

വയ്യാത്രേ....ന്‍റെ മകളാ യശോദ അവളുടെ ഒറ്റമോനാ ഉണ്ണി..നല്ല കുട്ട്യോളാ.....ന്നോട് സ്നേഹല്യാഞ്ഞിട്ടല്ല ചികിത്സക്ക് പണൊരുപാട് ചെലവായ്യെ...ന്‍റെ ഉണ്ണിക്കാച്ചാ കൃഷിപ്പണ്യാ..അതീന്ന്  കിട്ടീട്ട് വേണ്ടേ...പഠിക്കാന്‍ വിട്ടപ്പം ഓടിപ്പോന്നു....ഇന്നത്തെ കാലല്ലാല്ലോ അത്...ആഹ്..!!  ന്‍റെ കാലോം
തീരാറായി...തീരുണതിനു മുമ്പ് നിയ്ക്കീ  നാടോന്നു കാണണം...ഒരു മോഹം.....നടക്കട്ടെ  ശ്ശി
ദൂരം...എത്രകാലായീ ഇങ്ങനെ.....ന്താത്‌ ഇലയനക്കൊന്നൂല്യാല്ലോ...കാറ്റ് വഴി മറന്ന്വോ ആവോ.... ഇത്തീം  ആഞ്ഞിലും മുരിക്ക്വോക്കെ എത്രെണ്ടായിരുന്നതായീ തൊടീല് ഒന്നൂല്യാ ഇപ്പോ...ഉണ്ണി അതൊക്കെ മുറിച്ച്  കപ്പ
നട്ടിരിക്കുണു.....വയറെന്ന്യാ വലുത്...നടന്നിട്ടിശ്ശ്യായി ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം !  സാരല്ല്യാ....എല്ലാം പോയീ.....കാലോം..

താഴേവരമ്പിലെത്തീപ്പോ  ദാ ! പൂക്കാതെ
തളിര്‍ത്തുനിക്കുണു  ന്‍റെ  സിന്ദൂരം ,നെന്നെക്കണ്ടപ്പോ നിയ്ക്ക് ചിരിവരുണൂ....."നെനക്കിത്തവണേം കുളി തെറ്റീല്യാല്ലേ!...,ഉണ്ണികള്‍ക്കായ് കൊതിച്ചതല്ലേ നീയ്യ്..."കാലം തെറ്റ്യാലും മാവ് പൂക്കില്യാച്ചാല്
എന്താ ചെയ്യാ...! കലികാലം തന്നെ...
മേലേത്തൊടീല് മണ്ടപോയ തെങ്ങ്വോളെത്രയാ !
വായാടിയോള്‍ക്ക് സന്തോഷം കൂടുണ്ടാക്കാലോ
നിയ്ക്കോ രണ്ടുനേരോം കഞ്ഞി കുടിക്കേണ്ട

ഗത്യേട്... തോട്ടുവക്കത്തെത്തിയില്ല്യ
കൈതക്കാടൊക്കെ വെട്ടി
വെടിപ്പാക്കിയിരിക്കുണ്വല്ലോ...മറയില്ലാതെ ഈ
പെണ്ണുങ്ങളൊക്കെ എങ്ങിനെയാണാവോ കുളിക്കണേ.. ന്തായീ കിടക്ക്ണ് ! പഴയ കുപ്പിം പ്ലാസ്റ്റിക്കും  പാട്ടേമൊക്ക്യല്ലേ....ഇതാപ്പോ

അസ്സലായത് കാല്‍നനയ്ക്കാന്‍ വന്നാ ഇതാ സ്ഥിതി !!
ഇത്യേ വെള്ളെത്ര ഒഴുകിപ്പോയതാ...സങ്കടം തന്നെ...
വഴിയേറെ നടന്നില്യാല്ലോ കാലുനോവുണു..
ന്താ ! വെയിലിനു ചൂട്...?
ഇത്തിരി തണലു നോക്കീട്ട് കാണുണില്യാ..
ഇവിടെങ്ങും ഒരു പുല്‍ക്കൊടി പോലൂല്യാ..
ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു 
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌

പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്...ഇപ്പോ അതിന്‍റെ ക്ഷാമോം തീര്‍ന്നു..തൊടിയായ തൊടിയൊക്കെ കോണ്‍ക്രീറ്റ് ആയിരിക്ക്യാ..ഉണ്ണി പറഞ്ഞതു നേരുതന്ന്യാ അമ്മമ്മ കണ്ട നാടല്ലാത്...
നിയ്ക്കറിയാം ഇതിപ്പെന്‍റെ നാടല്യാന്ന്‍...
കൃഷ്ണാ!! നാടോടുമ്പോ നടുവേ ഓട്വാ....
ആരാ ന്നെപ്പോ മുത്തശ്ശീന്ന്‍ വിളിക്കണ്..
മീനൂട്ടിയല്ലേ ! എന്താ കുട്ട്യേ ഇങ്ങനെ ഒച്ച വെക്ക്യാ പെങ്കുട്ട്യോള്....?
" മുത്തശ്ശി എന്തായീ കാട്ട്യേ..?
അച്ഛ ! അവിടെ നെലോളിക്ക്യാ..,
അച്ഛമ്മേം വഴക്കുപറഞ്ഞു..,
ആരുംകാണാതെ വടീം കുത്തിപ്പിടിച്ച്
നാടുകാണാനിറങ്ങിയിരിക്യാ..."
" നിയ്ക്ക്‌ അത്രയ്ക്ക് വയസ്സായിട്ടില്യാന്ന്  നെന്‍റെ അച്ഛയോട് പോയി പറയ്യ്..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!! 
____________________________________________

Thursday, February 10, 2011

അയാള്‍



കണ്ണടച്ചുള്ള ഈ കിടപ്പ് തുടങ്ങിയിട്ട് ഏറെനേരമായി...
ചിന്തകള്‍ക്ക് കാടുകയറാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പതുക്കെ കൈകള്‍നീട്ടി അവളുടെ വിരലുകള്‍ക്കായി പരതി...വിരല്‍ത്തുമ്പിന്‍റെ അറ്റത്ത്‌ അവളുണ്ടാകുമെന്ന പ്രതീക്ഷ...ശരീരത്തില്‍ എവിടെയൊക്കെയോ നീറ്റല്‍.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സ്വസ്ഥത കിട്ടാതെ അയാളെഴുന്നേറ്റു....

പുറത്ത് നിലാവുണ്ട്...എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ജനാലവിരി മാറ്റി പുറത്തേക്ക് നോക്കിനിന്നു...നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും അയാളുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല...ഹൃദയത്തിന്‍റെ സ്ഥാനത്ത് മറ്റെന്തോ ഒന്ന് നീറിപ്പുകയുന്നു.....അവള്‍ പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.....എവിടെയായിരിക്കും..?  അവള്‍ക്ക് സുഖമായിരിക്കുമോ..?
ഒട്ടേറെചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചുമറിഞ്ഞു...അവള്‍ പോയതിന്‍റെ പിറ്റേന്ന് കുട്ടികളെ ഹോസ്റ്റലില്‍ ആക്കിയതാണ്...പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അവരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി തനിക്കെത്രനേരം‌ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല....ജനാലയ്ക്കരികില്‍  ചാരിവെച്ച കണ്ണാടിയിലെ തന്‍റെ തിളങ്ങുന്ന പ്രതിബിംബത്തിലേക്ക് അയാള്‍  ഉറ്റുനോക്കി.........

കൊഴിഞ്ഞുതുടങ്ങിയ വെളുത്തരോമങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കറുത്ത രേഖകള്‍, ചുളിവുകള്‍ വീണുതുടങ്ങിയ നെറ്റിത്തടം,  ദയനീയമായി കേഴുന്ന കറുപ്പ് പടര്‍ന്ന കണ്ണുകള്‍‍...
" താന്‍ വൃദ്ധനായിരിക്കുന്നു..."  അയാളറിയാതെ മന്ത്രിച്ചു...
ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപ്പകലില്ലാതെ അധ്വനിക്കുമ്പോള്‍ അയാളറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ആഗ്രഹങ്ങളെക്കുറിച്ച്....അയാള്‍ക്കെന്നും വലുത് അവരായിരുന്നു..അവരുടെ സന്തോഷങ്ങളായിരുന്നു....അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക്‌ മാത്രമായി ഒന്നുമുണ്ടായിരുന്നില്ല...പക്ഷേ  ഇന്ന് അവള്‍ എല്ലാം ഉപേക്ഷിച്ച്‌ എവിടേക്കോ പോയിരിക്കുന്നു....അയാളുടെ ചിന്തകള്‍ വീണ്ടും അവള്‍ക്കു ചുറ്റും കറങ്ങാന്‍തുടങ്ങി...എവിടെനിന്നൊക്കെയോ വേദനകള്‍ വിയര്‍പ്പുതുള്ളികളായ്‌ ഒലിച്ചിറങ്ങുന്നത് അയാളറിഞ്ഞു.. ഉരുണ്ടുകൂടിയ വേദനകളെ പുറത്തേക്ക് കളയാന്‍വെമ്പി അയാളുച്ചത്തില്‍ നിലവിളിച്ചു....പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍  സ്നേഹത്തിനു മുന്‍പില്‍  തളര്‍ന്ന തന്‍റെ പുരുഷത്വത്തെ  ഒരുനിമിഷം പിടച്ചിലോടെ അയാളോര്‍ത്തു..പുറത്തേക്കൊഴുകിയെത്തിയ നിലവിളികളെ കടിച്ചമര്‍ത്തി അയാള്‍ ആര്‍ത്തുചിരിച്ചു.....


_______________________________________________________

Sunday, November 7, 2010

" ഒരു തിരിച്ചുപോക്കിന് കൊതിക്കുന്ന പുഴയായ്.........."



ഞാന്‍ നടന്നു നീങ്ങിയ വഴിത്താരകളിലെല്ലാം നീയായിരുന്നു.......
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു......
നിശബ്ദമായി തെരുവോരം പറ്റി നടക്കുമ്പോള്‍  വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും
നിന്റെ നിലവിളി കാതോര്‍ത്തു.......
പൂക്കച്ചവടക്കാരിയുമായി വിലപേശുമ്പോള്‍ നിന്റെ മുഖത്തെ കുസൃതി ഞാന്‍
കണ്ടിട്ടുണ്ട്.........
തെരുവിലൂടെ നിന്റെ കൈചെര്‍ത്തു നടക്കുമ്പോള്‍ സുരക്ഷിതമെന്തെന്നു ഞാന്‍ 
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ............
ചേര്‍ത്തുവെച്ച നിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അലയടിക്കുന്ന
തിരപോലെ അതെന്റെയുള്ളില്‍ ആഞ്ഞു പതിക്കുന്നു ...........
തിരിഞ്ഞോടാന്‍ വെമ്പുമ്പോഴെല്ലാം ചങ്ങലക്കിട്ടപോലെ പാദങ്ങള്‍ മണല്‍തരികളില്‍
ആഴ്ന്നിറങ്ങുന്നു ............
നിനക്കെല്ലാം തമാശയായിരുന്നു ......ബന്ധങ്ങള്‍...സൗഹൃദങ്ങള്‍..........എല്ലാം......
നിന്റെ ജീവിതം പോലും...............
നമ്മുടെ സ്വകാര്യതകളില്‍ മരണം നിത്യസന്ദര്‍ശകനായിരുന്നു.....
മരണപ്പെട്ടവര്‍...മരണം കാത്തുക്കിടക്കുന്നവര്‍......മരണം വിലയ്ക്ക് വാങ്ങുന്നവര്‍....
മരണം സമ്മാനിക്കുന്നവര്‍.......അങ്ങിനെയങ്ങിനെ..........
ഒരിക്കല്‍ നീയെന്നോട്‌ ചോദിച്ചില്ലേ......നിന്റെ മരണം എന്നെ കരയിക്കുമോ എന്ന്‌.......
അന്നെനിക്ക് നിന്നോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു ........
ഗര്‍വ്വോടെ  പറഞ്ഞതോര്‍മ്മയുണ്ട്‌.........
" ഇല്ല കരയില്ല......ചിരിക്കും....."
അപ്പോഴത്തെ നിന്റെ ദേഷ്യത്തോടെയുള്ള  നോട്ടം ഇപ്പോഴും എന്റെ  ഓര്‍മ്മയിലുണ്ട്....
നിനക്കറിയോ!!!!!!!...ഞാന്‍ കരയുകയാണ്..........
കഴിഞ്ഞ കുറെ മാസങ്ങളായി .........നിന്നെക്കുറിച്ചോര്‍ത്തു മാത്രം ..........
ആര്‍ക്കുമുന്പിലും തുറക്കാന്‍ ഇഷ്ട്ടമില്ലാത്ത മനസ്സുമായി നാല് ചുവരുകള്‍ക്കുള്ളില്‍ 
നിന്നെയൊളിപ്പിച്ചു വെറുതെ കരയുന്നു .....തോരാത്ത രാത്രിമഴയായ്......
പിരിയാന്‍ കഴിയാത്തവിധം നീയെന്നോട്‌ അടുത്തിരുന്നോ  എന്നെനിക്കറിയില്ല....
ഞാന്‍ നിനക്ക് ആരായിരുന്നു എന്നുമറിയില്ല ..............
ഒരു പക്ഷെ നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്തത് കൊണ്ടായിരിക്കാം......
നിനക്കെന്നും വലുത് നിന്റെ ഇഷ്ടങ്ങളായിരുന്നു......
അവിടെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു ............
നിന്റെ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ ഒരു ചെറിയ പരിഗണനക്കായി 
ഞാനേറെ കൊതിച്ചിരുന്നു ..........
ഒരിക്കല്‍ എന്റെ വിരസതയിലെപ്പോഴോ ചാനലുകളിലൂടെ ഒരോട്ടപ്രദക്ഷിണം 
നടത്തുമ്പോള്‍ അവിചാരിതമായി നിനക്കേറ്റവും പ്രിയപ്പെട്ട കന്യാകുമാരി  കണ്ടു........ഒരിക്കല്‍ നീയെന്നെ കൊണ്ടുപോവാമെന്ന് മോഹിപ്പിച്ച സ്ഥലം.....
അവിടം നിന്നോടൊത്തു കാണാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു........ഒരുപാട് നൊമ്പരങ്ങള്‍ 
ഉണര്‍ത്തി കന്യാകുമാരി എനിക്ക് മുന്‍പിലൂടെ കടന്നുപോയി .........
എനിക്ക് ചുറ്റും നിന്റെ ഓര്‍മ്മയല്ലാതെ  മറ്റൊന്നുമില്ലാത്തപോലെ.......
അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍  പ്രാര്‍ത്ഥിച്ചത്‌ എനിക്ക് 
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു ..........
നീ എന്റേത് മാത്രമാണ് .............ഈ ദുഃഖം എനിക്ക് മാത്രം അവകാശപ്പെട്ടതും ..........
അവസാനമായി നിന്റെ ചുണ്ടുകളില്‍ ചുണ്ടമര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി 
എനിക്ക് പറയണമായിരുന്നു ............നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു എന്ന്‌ ..........
ജീവന്റെ അവസാന ശ്വാസത്തിലും എന്റെ സ്നേഹം നീയറിയണമായിരുന്നു.........
പറയുവാനേറെ ആശിച്ച് പറയാതിരുന്നത് .................
സ്നേഹം പ്രകടിപ്പിക്കാന്‍  വേണ്ടി  
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി  ശ്വാസംമുട്ടിക്കുന്ന ഒരു  യാഥാര്‍ത്ഥ്യം ...............
ഒരു മറവിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല ...........
നിനക്ക് ജീവിക്കാന്‍ ഞാനെന്റെ ഹൃദയം തരുന്നു.........
അത് മിടിക്കുന്നുണ്ട്‌............
" അതും നിനക്ക് വേണ്ടി മാത്രം ......................................................"

Tuesday, October 12, 2010

" ഒരു പ്രേമലേഖനം "


വീണാ.......നിനക്കെന്നെ അവശകാമുകനെന്നു വിളിക്കാം..
നിന്നോടുള്ള പ്രണയത്താല്‍ പരവശനായവന്‍ .....
നിനക്കറിയോ ....നിന്നെ ആദ്യമായ്  ഞാന്‍ കണ്ടതെന്നാണെന്ന്..
ഒരു മഴക്കാലം..കുടയില്ലാതെ നീ ഓടിയെത്തിയത് 
എന്‍റെ  മുന്‍പിലേക്കായിരുന്നു........
മഴത്തുള്ളികളില്‍ പൊതിഞ്ഞ നിന്‍റെ  മുഖം
എന്‍റെ  ഓര്‍മ്മയിലിപ്പോഴുമുണ്ട് ........
നിന്‍റെ കണ്ണുകളിലെ പ്രണയഭാവം......
നിനക്കറിയാത്ത നിന്‍റെ മാസ്മരികത ....
ഞാന്‍ ഞാനല്ലാതായ നിമിഷങ്ങള്‍ ..
ആ  കണ്ണുകളെ അന്നുതൊട്ടിന്നോളം ഞാന്‍ പിന്തുടര്‍ന്നു....
ഇനി വയ്യ...നിന്‍റെ ഇഷ്ട്ങ്ങളെ അറിഞ്ഞില്ലെന്നു ഭാവിക്കാന്‍ എനിക്കു കഴിയില്ല.....
നിനക്കായ്‌ കാത്തുനിന്ന ഇടനാഴികള്‍, 
ഒരിക്കല്‍പ്പോലും കടാക്ഷിക്കാത്ത നിന്‍റെ മിഴിമുനകള്‍ എല്ലാം ഞാന്‍ മറക്കാം....
അതും നിനക്ക് വേണ്ടി മാത്രം......
എന്‍റെ സ്നേഹം..പ്രണയം..
എല്ലാം നിന്‍റെ പുഞ്ചിരിയാണ് ...സന്തോഷമാണ്....
നിനക്ക് പകരം വെക്കാന്‍ എനിക്കു മറ്റൊന്നില്ല .....
നീ മാത്രം......
എന്‍റെ ആത്മാവില്‍ പ്രണയമുള്ളിടത്തോളം
കാലം എന്‍റെയുള്ളില്‍  നീയുണ്ടാവും....
വിവാഹിതയാകുന്ന ഈ അവസരത്തിലും നിനക്കു നല്‍കാന്‍ എന്‍റെ കൈയ്യില്‍ നിന്നോടുള്ള പ്രണയം മാത്രം........
വീണാ......നീയിതു ഗോപന് നല്‍കണം .........
ഈ പ്രണയം ശുദ്ധമാണ്....നിനക്ക് എന്‍റെ വിവാഹസമ്മാനം........


വീണാ...അവസാനമായി ഞാനൊന്നു ചോദിക്കട്ടെ  ?
എപ്പോഴെങ്കിലും  നീയെന്നെ സ്നേഹിച്ചിരുന്നോ..?? 


നിന്നെഞാന്‍ ചേമ്പിലയെന്നു  വിളിച്ചോട്ടെ.....?
ഓരോ പെരുമഴക്ക് ശേഷവും ഒരു തുള്ളിപോലും 
ശേഖരിക്കാന്‍  കഴിയാത്ത പാവം  ചേമ്പില........
അവളിന്നലെ പെയ്ത വെറുമൊരു ചാറ്റല്‍മഴയുടെ 
തുള്ളികള്‍ ഏറ്റുവാങ്ങി എന്നറിഞ്ഞപ്പോള്‍ 
എനിക്കു സഹതാപമുണ്ട് .......


നിനക്കോ...?  
__________________________________________________________________                          

Sunday, January 31, 2010

"ഈ രാത്രി,,,എന്റെ സ്വന്തം ......"






പകലിനെക്കാള്‍  ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് രാത്രികളെയാണ്.
എനിക്ക് പറയാനുള്ളതും അവളെ കുറിച്ചാണ് ........ 

രാത്രിയെന്നും എനിക്കിഷ്ട്ടമാണ്......ഹരമാണ് ......
സന്ധ്യയുടെ ചുവപ്പില്‍ നിന്നും  കുളിര്‍മയുടെ കറുപ്പോടെ
കയറി വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ........
എന്റെ ഏകാന്തതയില്‍  നിശബ്ദമായ് എനിക്ക് കൂട്ടായെതുന്നവള്‍.............വിരസമായ പകലുകള്‍ക്ക്‌ ശേഷം 
എന്റെ ചേതനകളെ ഉണര്‍ത്തി ഏകാന്തതയുടെ അനുപമമായ 
സുഖം നല്‍കുന്നവള്‍ ...........
കറുതാലും അവള്‍ അതിസുന്ദരിയാണ് .......
കാട്ടുപെണ്ണിനെപ്പോലെ നിഷ്കളങ്കയാണ്.........
അവളുടെ നിശബ്ദതക്കു അനേകം അര്‍ത്ഥങ്ങളുണ്ട് ........
ചിലപ്പോള്‍ ആര്‍ക്കോ വേണ്ടി കാത്തിരുന്ന്‌  നിരാശയോടെ മടങ്ങുന്നു .................
മറ്റുചിലപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ മടിത്തട്ടില്‍ 
മുഖം പൂഴ്ത്തി  നിശബ്ധമായി തേങ്ങുന്നു ................
അവളുടെ തിരിച്ചുപോക്ക്  ചിലപ്പോള്‍ ഞാന്‍ അറിയാറുണ്ട് 
നിശബ്ദതയെ കീറിമുറിച്ചു കിളികള്‍ ചിലക്കുമ്പോള്‍
അവള്‍ ഞെട്ടി എഴുനേല്‍ക്കും  തിടുക്കപ്പെട്ടു യാത്ര പോലും 
പറയാതെ ഓടി മറയും .................
അവള്‍ പുഞ്ചിരിക്കുന്നത് നിലാവുള്ള ദിനങ്ങളിലാണ് ........
നിലാവില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശകിരണങ്ങള്‍  അവളെ കൂടുതല്‍ സുന്ദരിയാക്കി........
മതിയുടെ സാമീപ്യം അവള്‍ അനുഭവിച്ചറിഞ്ഞത് പോലെ ........
എന്റെ സംശയം ശരിയായിരുന്നു .....അവര്‍ അനശ്വരപ്രണയത്തിന്റെ   പ്രതിരൂപങ്ങളായി.............
നിലാവും രാത്രിയും സംഗമിക്കുമ്പോള്‍ ഒരു മൂകസാക്ഷിയായി  കാവലായി ഞാനും ഉറങ്ങാതിരുന്നു.............................

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.