Pages

Saturday, March 5, 2011

മുത്തശ്ശിക്ക് അറ്യാത്തതാ !!




ഉച്ചമയങ്ങി തുടങ്ങീരിക്കുണു എല്ലാരും മയക്കത്തിലാ..നിയ്ക്ക്‌ ഈയിടെയായി
ഉറക്കല്യാ...മോന്തിയായാലും ണീച്ചിരിക്യാ..
വയ്യായ്ക പിടികൂടിയിരിക്കുണു..കാലെത്രയായി വെളീലിറങ്ങീട്ട്..ഒരു അന്തിക്ക്
മീനൂട്ടീടെ  മൂത്രത്തില്
ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ  അതെന്‍റെ  കൊഴപ്പാ  ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്  കിടപ്പിലായിട്ട്  വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ  ന്‍റെ  യശോദേം ഉണ്ണീം 
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ..
നിയ്ക്കിനി എന്തേലും പറ്റ്യാ നോക്കാന്‍

വയ്യാത്രേ....ന്‍റെ മകളാ യശോദ അവളുടെ ഒറ്റമോനാ ഉണ്ണി..നല്ല കുട്ട്യോളാ.....ന്നോട് സ്നേഹല്യാഞ്ഞിട്ടല്ല ചികിത്സക്ക് പണൊരുപാട് ചെലവായ്യെ...ന്‍റെ ഉണ്ണിക്കാച്ചാ കൃഷിപ്പണ്യാ..അതീന്ന്  കിട്ടീട്ട് വേണ്ടേ...പഠിക്കാന്‍ വിട്ടപ്പം ഓടിപ്പോന്നു....ഇന്നത്തെ കാലല്ലാല്ലോ അത്...ആഹ്..!!  ന്‍റെ കാലോം
തീരാറായി...തീരുണതിനു മുമ്പ് നിയ്ക്കീ  നാടോന്നു കാണണം...ഒരു മോഹം.....നടക്കട്ടെ  ശ്ശി
ദൂരം...എത്രകാലായീ ഇങ്ങനെ.....ന്താത്‌ ഇലയനക്കൊന്നൂല്യാല്ലോ...കാറ്റ് വഴി മറന്ന്വോ ആവോ.... ഇത്തീം  ആഞ്ഞിലും മുരിക്ക്വോക്കെ എത്രെണ്ടായിരുന്നതായീ തൊടീല് ഒന്നൂല്യാ ഇപ്പോ...ഉണ്ണി അതൊക്കെ മുറിച്ച്  കപ്പ
നട്ടിരിക്കുണു.....വയറെന്ന്യാ വലുത്...നടന്നിട്ടിശ്ശ്യായി ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം !  സാരല്ല്യാ....എല്ലാം പോയീ.....കാലോം..

താഴേവരമ്പിലെത്തീപ്പോ  ദാ ! പൂക്കാതെ
തളിര്‍ത്തുനിക്കുണു  ന്‍റെ  സിന്ദൂരം ,നെന്നെക്കണ്ടപ്പോ നിയ്ക്ക് ചിരിവരുണൂ....."നെനക്കിത്തവണേം കുളി തെറ്റീല്യാല്ലേ!...,ഉണ്ണികള്‍ക്കായ് കൊതിച്ചതല്ലേ നീയ്യ്..."കാലം തെറ്റ്യാലും മാവ് പൂക്കില്യാച്ചാല്
എന്താ ചെയ്യാ...! കലികാലം തന്നെ...
മേലേത്തൊടീല് മണ്ടപോയ തെങ്ങ്വോളെത്രയാ !
വായാടിയോള്‍ക്ക് സന്തോഷം കൂടുണ്ടാക്കാലോ
നിയ്ക്കോ രണ്ടുനേരോം കഞ്ഞി കുടിക്കേണ്ട

ഗത്യേട്... തോട്ടുവക്കത്തെത്തിയില്ല്യ
കൈതക്കാടൊക്കെ വെട്ടി
വെടിപ്പാക്കിയിരിക്കുണ്വല്ലോ...മറയില്ലാതെ ഈ
പെണ്ണുങ്ങളൊക്കെ എങ്ങിനെയാണാവോ കുളിക്കണേ.. ന്തായീ കിടക്ക്ണ് ! പഴയ കുപ്പിം പ്ലാസ്റ്റിക്കും  പാട്ടേമൊക്ക്യല്ലേ....ഇതാപ്പോ

അസ്സലായത് കാല്‍നനയ്ക്കാന്‍ വന്നാ ഇതാ സ്ഥിതി !!
ഇത്യേ വെള്ളെത്ര ഒഴുകിപ്പോയതാ...സങ്കടം തന്നെ...
വഴിയേറെ നടന്നില്യാല്ലോ കാലുനോവുണു..
ന്താ ! വെയിലിനു ചൂട്...?
ഇത്തിരി തണലു നോക്കീട്ട് കാണുണില്യാ..
ഇവിടെങ്ങും ഒരു പുല്‍ക്കൊടി പോലൂല്യാ..
ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു 
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌

പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്...ഇപ്പോ അതിന്‍റെ ക്ഷാമോം തീര്‍ന്നു..തൊടിയായ തൊടിയൊക്കെ കോണ്‍ക്രീറ്റ് ആയിരിക്ക്യാ..ഉണ്ണി പറഞ്ഞതു നേരുതന്ന്യാ അമ്മമ്മ കണ്ട നാടല്ലാത്...
നിയ്ക്കറിയാം ഇതിപ്പെന്‍റെ നാടല്യാന്ന്‍...
കൃഷ്ണാ!! നാടോടുമ്പോ നടുവേ ഓട്വാ....
ആരാ ന്നെപ്പോ മുത്തശ്ശീന്ന്‍ വിളിക്കണ്..
മീനൂട്ടിയല്ലേ ! എന്താ കുട്ട്യേ ഇങ്ങനെ ഒച്ച വെക്ക്യാ പെങ്കുട്ട്യോള്....?
" മുത്തശ്ശി എന്തായീ കാട്ട്യേ..?
അച്ഛ ! അവിടെ നെലോളിക്ക്യാ..,
അച്ഛമ്മേം വഴക്കുപറഞ്ഞു..,
ആരുംകാണാതെ വടീം കുത്തിപ്പിടിച്ച്
നാടുകാണാനിറങ്ങിയിരിക്യാ..."
" നിയ്ക്ക്‌ അത്രയ്ക്ക് വയസ്സായിട്ടില്യാന്ന്  നെന്‍റെ അച്ഛയോട് പോയി പറയ്യ്..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!! 
____________________________________________

Thursday, February 10, 2011

അയാള്‍



കണ്ണടച്ചുള്ള ഈ കിടപ്പ് തുടങ്ങിയിട്ട് ഏറെനേരമായി...
ചിന്തകള്‍ക്ക് കാടുകയറാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പതുക്കെ കൈകള്‍നീട്ടി അവളുടെ വിരലുകള്‍ക്കായി പരതി...വിരല്‍ത്തുമ്പിന്‍റെ അറ്റത്ത്‌ അവളുണ്ടാകുമെന്ന പ്രതീക്ഷ...ശരീരത്തില്‍ എവിടെയൊക്കെയോ നീറ്റല്‍.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സ്വസ്ഥത കിട്ടാതെ അയാളെഴുന്നേറ്റു....

പുറത്ത് നിലാവുണ്ട്...എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ജനാലവിരി മാറ്റി പുറത്തേക്ക് നോക്കിനിന്നു...നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും അയാളുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല...ഹൃദയത്തിന്‍റെ സ്ഥാനത്ത് മറ്റെന്തോ ഒന്ന് നീറിപ്പുകയുന്നു.....അവള്‍ പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.....എവിടെയായിരിക്കും..?  അവള്‍ക്ക് സുഖമായിരിക്കുമോ..?
ഒട്ടേറെചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചുമറിഞ്ഞു...അവള്‍ പോയതിന്‍റെ പിറ്റേന്ന് കുട്ടികളെ ഹോസ്റ്റലില്‍ ആക്കിയതാണ്...പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അവരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി തനിക്കെത്രനേരം‌ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല....ജനാലയ്ക്കരികില്‍  ചാരിവെച്ച കണ്ണാടിയിലെ തന്‍റെ തിളങ്ങുന്ന പ്രതിബിംബത്തിലേക്ക് അയാള്‍  ഉറ്റുനോക്കി.........

കൊഴിഞ്ഞുതുടങ്ങിയ വെളുത്തരോമങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കറുത്ത രേഖകള്‍, ചുളിവുകള്‍ വീണുതുടങ്ങിയ നെറ്റിത്തടം,  ദയനീയമായി കേഴുന്ന കറുപ്പ് പടര്‍ന്ന കണ്ണുകള്‍‍...
" താന്‍ വൃദ്ധനായിരിക്കുന്നു..."  അയാളറിയാതെ മന്ത്രിച്ചു...
ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപ്പകലില്ലാതെ അധ്വനിക്കുമ്പോള്‍ അയാളറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ആഗ്രഹങ്ങളെക്കുറിച്ച്....അയാള്‍ക്കെന്നും വലുത് അവരായിരുന്നു..അവരുടെ സന്തോഷങ്ങളായിരുന്നു....അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക്‌ മാത്രമായി ഒന്നുമുണ്ടായിരുന്നില്ല...പക്ഷേ  ഇന്ന് അവള്‍ എല്ലാം ഉപേക്ഷിച്ച്‌ എവിടേക്കോ പോയിരിക്കുന്നു....അയാളുടെ ചിന്തകള്‍ വീണ്ടും അവള്‍ക്കു ചുറ്റും കറങ്ങാന്‍തുടങ്ങി...എവിടെനിന്നൊക്കെയോ വേദനകള്‍ വിയര്‍പ്പുതുള്ളികളായ്‌ ഒലിച്ചിറങ്ങുന്നത് അയാളറിഞ്ഞു.. ഉരുണ്ടുകൂടിയ വേദനകളെ പുറത്തേക്ക് കളയാന്‍വെമ്പി അയാളുച്ചത്തില്‍ നിലവിളിച്ചു....പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍  സ്നേഹത്തിനു മുന്‍പില്‍  തളര്‍ന്ന തന്‍റെ പുരുഷത്വത്തെ  ഒരുനിമിഷം പിടച്ചിലോടെ അയാളോര്‍ത്തു..പുറത്തേക്കൊഴുകിയെത്തിയ നിലവിളികളെ കടിച്ചമര്‍ത്തി അയാള്‍ ആര്‍ത്തുചിരിച്ചു.....


_______________________________________________________

Sunday, November 7, 2010

" ഒരു തിരിച്ചുപോക്കിന് കൊതിക്കുന്ന പുഴയായ്.........."



ഞാന്‍ നടന്നു നീങ്ങിയ വഴിത്താരകളിലെല്ലാം നീയായിരുന്നു.......
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിരുന്നു......
നിശബ്ദമായി തെരുവോരം പറ്റി നടക്കുമ്പോള്‍  വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ നിന്നും
നിന്റെ നിലവിളി കാതോര്‍ത്തു.......
പൂക്കച്ചവടക്കാരിയുമായി വിലപേശുമ്പോള്‍ നിന്റെ മുഖത്തെ കുസൃതി ഞാന്‍
കണ്ടിട്ടുണ്ട്.........
തെരുവിലൂടെ നിന്റെ കൈചെര്‍ത്തു നടക്കുമ്പോള്‍ സുരക്ഷിതമെന്തെന്നു ഞാന്‍ 
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ............
ചേര്‍ത്തുവെച്ച നിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അലയടിക്കുന്ന
തിരപോലെ അതെന്റെയുള്ളില്‍ ആഞ്ഞു പതിക്കുന്നു ...........
തിരിഞ്ഞോടാന്‍ വെമ്പുമ്പോഴെല്ലാം ചങ്ങലക്കിട്ടപോലെ പാദങ്ങള്‍ മണല്‍തരികളില്‍
ആഴ്ന്നിറങ്ങുന്നു ............
നിനക്കെല്ലാം തമാശയായിരുന്നു ......ബന്ധങ്ങള്‍...സൗഹൃദങ്ങള്‍..........എല്ലാം......
നിന്റെ ജീവിതം പോലും...............
നമ്മുടെ സ്വകാര്യതകളില്‍ മരണം നിത്യസന്ദര്‍ശകനായിരുന്നു.....
മരണപ്പെട്ടവര്‍...മരണം കാത്തുക്കിടക്കുന്നവര്‍......മരണം വിലയ്ക്ക് വാങ്ങുന്നവര്‍....
മരണം സമ്മാനിക്കുന്നവര്‍.......അങ്ങിനെയങ്ങിനെ..........
ഒരിക്കല്‍ നീയെന്നോട്‌ ചോദിച്ചില്ലേ......നിന്റെ മരണം എന്നെ കരയിക്കുമോ എന്ന്‌.......
അന്നെനിക്ക് നിന്നോട് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു ........
ഗര്‍വ്വോടെ  പറഞ്ഞതോര്‍മ്മയുണ്ട്‌.........
" ഇല്ല കരയില്ല......ചിരിക്കും....."
അപ്പോഴത്തെ നിന്റെ ദേഷ്യത്തോടെയുള്ള  നോട്ടം ഇപ്പോഴും എന്റെ  ഓര്‍മ്മയിലുണ്ട്....
നിനക്കറിയോ!!!!!!!...ഞാന്‍ കരയുകയാണ്..........
കഴിഞ്ഞ കുറെ മാസങ്ങളായി .........നിന്നെക്കുറിച്ചോര്‍ത്തു മാത്രം ..........
ആര്‍ക്കുമുന്പിലും തുറക്കാന്‍ ഇഷ്ട്ടമില്ലാത്ത മനസ്സുമായി നാല് ചുവരുകള്‍ക്കുള്ളില്‍ 
നിന്നെയൊളിപ്പിച്ചു വെറുതെ കരയുന്നു .....തോരാത്ത രാത്രിമഴയായ്......
പിരിയാന്‍ കഴിയാത്തവിധം നീയെന്നോട്‌ അടുത്തിരുന്നോ  എന്നെനിക്കറിയില്ല....
ഞാന്‍ നിനക്ക് ആരായിരുന്നു എന്നുമറിയില്ല ..............
ഒരു പക്ഷെ നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്തത് കൊണ്ടായിരിക്കാം......
നിനക്കെന്നും വലുത് നിന്റെ ഇഷ്ടങ്ങളായിരുന്നു......
അവിടെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു ............
നിന്റെ പൊട്ടിച്ചിരികള്‍ക്കും തമാശകള്‍ക്കുമിടയില്‍ ഒരു ചെറിയ പരിഗണനക്കായി 
ഞാനേറെ കൊതിച്ചിരുന്നു ..........
ഒരിക്കല്‍ എന്റെ വിരസതയിലെപ്പോഴോ ചാനലുകളിലൂടെ ഒരോട്ടപ്രദക്ഷിണം 
നടത്തുമ്പോള്‍ അവിചാരിതമായി നിനക്കേറ്റവും പ്രിയപ്പെട്ട കന്യാകുമാരി  കണ്ടു........ഒരിക്കല്‍ നീയെന്നെ കൊണ്ടുപോവാമെന്ന് മോഹിപ്പിച്ച സ്ഥലം.....
അവിടം നിന്നോടൊത്തു കാണാന്‍ ഞാനേറെ ആഗ്രഹിച്ചിരുന്നു........ഒരുപാട് നൊമ്പരങ്ങള്‍ 
ഉണര്‍ത്തി കന്യാകുമാരി എനിക്ക് മുന്‍പിലൂടെ കടന്നുപോയി .........
എനിക്ക് ചുറ്റും നിന്റെ ഓര്‍മ്മയല്ലാതെ  മറ്റൊന്നുമില്ലാത്തപോലെ.......
അവസാനമായി ആശുപത്രി വരാന്തയില്‍ നിന്നു ഞാന്‍  പ്രാര്‍ത്ഥിച്ചത്‌ എനിക്ക് 
വേണ്ടി മാത്രമായിരുന്നു........
എനിക്ക് നിന്നെ വേണമായിരുന്നു............
ഒളിപ്പിച്ചുവെച്ച ആ സ്നേഹം എനിക്ക് അറിയണമായിരുന്നു ..........
നീ എന്റേത് മാത്രമാണ് .............ഈ ദുഃഖം എനിക്ക് മാത്രം അവകാശപ്പെട്ടതും ..........
അവസാനമായി നിന്റെ ചുണ്ടുകളില്‍ ചുണ്ടമര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി 
എനിക്ക് പറയണമായിരുന്നു ............നിന്നെ ഞാനേറെ സ്നേഹിച്ചിരുന്നു എന്ന്‌ ..........
ജീവന്റെ അവസാന ശ്വാസത്തിലും എന്റെ സ്നേഹം നീയറിയണമായിരുന്നു.........
പറയുവാനേറെ ആശിച്ച് പറയാതിരുന്നത് .................
സ്നേഹം പ്രകടിപ്പിക്കാന്‍  വേണ്ടി  
മാത്രമുള്ളതാണെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ .........
തീരാനൊമ്പരമായി  ശ്വാസംമുട്ടിക്കുന്ന ഒരു  യാഥാര്‍ത്ഥ്യം ...............
ഒരു മറവിക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല ...........
നിനക്ക് ജീവിക്കാന്‍ ഞാനെന്റെ ഹൃദയം തരുന്നു.........
അത് മിടിക്കുന്നുണ്ട്‌............
" അതും നിനക്ക് വേണ്ടി മാത്രം ......................................................"

Tuesday, October 12, 2010

" ഒരു പ്രേമലേഖനം "


വീണാ.......നിനക്കെന്നെ അവശകാമുകനെന്നു വിളിക്കാം..
നിന്നോടുള്ള പ്രണയത്താല്‍ പരവശനായവന്‍ .....
നിനക്കറിയോ ....നിന്നെ ആദ്യമായ്  ഞാന്‍ കണ്ടതെന്നാണെന്ന്..
ഒരു മഴക്കാലം..കുടയില്ലാതെ നീ ഓടിയെത്തിയത് 
എന്‍റെ  മുന്‍പിലേക്കായിരുന്നു........
മഴത്തുള്ളികളില്‍ പൊതിഞ്ഞ നിന്‍റെ  മുഖം
എന്‍റെ  ഓര്‍മ്മയിലിപ്പോഴുമുണ്ട് ........
നിന്‍റെ കണ്ണുകളിലെ പ്രണയഭാവം......
നിനക്കറിയാത്ത നിന്‍റെ മാസ്മരികത ....
ഞാന്‍ ഞാനല്ലാതായ നിമിഷങ്ങള്‍ ..
ആ  കണ്ണുകളെ അന്നുതൊട്ടിന്നോളം ഞാന്‍ പിന്തുടര്‍ന്നു....
ഇനി വയ്യ...നിന്‍റെ ഇഷ്ട്ങ്ങളെ അറിഞ്ഞില്ലെന്നു ഭാവിക്കാന്‍ എനിക്കു കഴിയില്ല.....
നിനക്കായ്‌ കാത്തുനിന്ന ഇടനാഴികള്‍, 
ഒരിക്കല്‍പ്പോലും കടാക്ഷിക്കാത്ത നിന്‍റെ മിഴിമുനകള്‍ എല്ലാം ഞാന്‍ മറക്കാം....
അതും നിനക്ക് വേണ്ടി മാത്രം......
എന്‍റെ സ്നേഹം..പ്രണയം..
എല്ലാം നിന്‍റെ പുഞ്ചിരിയാണ് ...സന്തോഷമാണ്....
നിനക്ക് പകരം വെക്കാന്‍ എനിക്കു മറ്റൊന്നില്ല .....
നീ മാത്രം......
എന്‍റെ ആത്മാവില്‍ പ്രണയമുള്ളിടത്തോളം
കാലം എന്‍റെയുള്ളില്‍  നീയുണ്ടാവും....
വിവാഹിതയാകുന്ന ഈ അവസരത്തിലും നിനക്കു നല്‍കാന്‍ എന്‍റെ കൈയ്യില്‍ നിന്നോടുള്ള പ്രണയം മാത്രം........
വീണാ......നീയിതു ഗോപന് നല്‍കണം .........
ഈ പ്രണയം ശുദ്ധമാണ്....നിനക്ക് എന്‍റെ വിവാഹസമ്മാനം........


വീണാ...അവസാനമായി ഞാനൊന്നു ചോദിക്കട്ടെ  ?
എപ്പോഴെങ്കിലും  നീയെന്നെ സ്നേഹിച്ചിരുന്നോ..?? 


നിന്നെഞാന്‍ ചേമ്പിലയെന്നു  വിളിച്ചോട്ടെ.....?
ഓരോ പെരുമഴക്ക് ശേഷവും ഒരു തുള്ളിപോലും 
ശേഖരിക്കാന്‍  കഴിയാത്ത പാവം  ചേമ്പില........
അവളിന്നലെ പെയ്ത വെറുമൊരു ചാറ്റല്‍മഴയുടെ 
തുള്ളികള്‍ ഏറ്റുവാങ്ങി എന്നറിഞ്ഞപ്പോള്‍ 
എനിക്കു സഹതാപമുണ്ട് .......


നിനക്കോ...?  
__________________________________________________________________                          

Sunday, January 31, 2010

"ഈ രാത്രി,,,എന്റെ സ്വന്തം ......"






പകലിനെക്കാള്‍  ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത് രാത്രികളെയാണ്.
എനിക്ക് പറയാനുള്ളതും അവളെ കുറിച്ചാണ് ........ 

രാത്രിയെന്നും എനിക്കിഷ്ട്ടമാണ്......ഹരമാണ് ......
സന്ധ്യയുടെ ചുവപ്പില്‍ നിന്നും  കുളിര്‍മയുടെ കറുപ്പോടെ
കയറി വരുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ........
എന്റെ ഏകാന്തതയില്‍  നിശബ്ദമായ് എനിക്ക് കൂട്ടായെതുന്നവള്‍.............വിരസമായ പകലുകള്‍ക്ക്‌ ശേഷം 
എന്റെ ചേതനകളെ ഉണര്‍ത്തി ഏകാന്തതയുടെ അനുപമമായ 
സുഖം നല്‍കുന്നവള്‍ ...........
കറുതാലും അവള്‍ അതിസുന്ദരിയാണ് .......
കാട്ടുപെണ്ണിനെപ്പോലെ നിഷ്കളങ്കയാണ്.........
അവളുടെ നിശബ്ദതക്കു അനേകം അര്‍ത്ഥങ്ങളുണ്ട് ........
ചിലപ്പോള്‍ ആര്‍ക്കോ വേണ്ടി കാത്തിരുന്ന്‌  നിരാശയോടെ മടങ്ങുന്നു .................
മറ്റുചിലപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ മടിത്തട്ടില്‍ 
മുഖം പൂഴ്ത്തി  നിശബ്ധമായി തേങ്ങുന്നു ................
അവളുടെ തിരിച്ചുപോക്ക്  ചിലപ്പോള്‍ ഞാന്‍ അറിയാറുണ്ട് 
നിശബ്ദതയെ കീറിമുറിച്ചു കിളികള്‍ ചിലക്കുമ്പോള്‍
അവള്‍ ഞെട്ടി എഴുനേല്‍ക്കും  തിടുക്കപ്പെട്ടു യാത്ര പോലും 
പറയാതെ ഓടി മറയും .................
അവള്‍ പുഞ്ചിരിക്കുന്നത് നിലാവുള്ള ദിനങ്ങളിലാണ് ........
നിലാവില്‍ കുളിച്ചു നില്‍ക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശകിരണങ്ങള്‍  അവളെ കൂടുതല്‍ സുന്ദരിയാക്കി........
മതിയുടെ സാമീപ്യം അവള്‍ അനുഭവിച്ചറിഞ്ഞത് പോലെ ........
എന്റെ സംശയം ശരിയായിരുന്നു .....അവര്‍ അനശ്വരപ്രണയത്തിന്റെ   പ്രതിരൂപങ്ങളായി.............
നിലാവും രാത്രിയും സംഗമിക്കുമ്പോള്‍ ഒരു മൂകസാക്ഷിയായി  കാവലായി ഞാനും ഉറങ്ങാതിരുന്നു.............................

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.