കണ്ണടച്ചുള്ള ഈ കിടപ്പ് തുടങ്ങിയിട്ട് ഏറെനേരമായി...
ചിന്തകള്‍ക്ക് കാടുകയറാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പതുക്കെ കൈകള്‍നീട്ടി അവളുടെ വിരലുകള്‍ക്കായി പരതി...വിരല്‍ത്തുമ്പിന്‍റെ അറ്റത്ത് അവളുണ്ടാകുമെന്ന പ്രതീക്ഷ...ശരീരത്തില്‍ എവിടെയൊക്കെയോ നീറ്റല്‍.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സ്വസ്ഥത കിട്ടാതെ അയാളെഴുന്നേറ്റു....
പുറത്ത് നിലാവുണ്ട്...എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ജനാലവിരി മാറ്റി പുറത്തേക്ക് നോക്കിനിന്നു...നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും അയാളുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല...ഹൃദയത്തിന്‍റെ സ്ഥാനത്ത് മറ്റെന്തോ ഒന്ന് നീറിപ്പുകയുന്നു.....അവള്‍ പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.....എവിടെയായിരിക്കും..? അവള്‍ക്ക് സുഖമായിരിക്കുമോ..?
ഒട്ടേറെചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചുമറിഞ്ഞു...അവള്‍ പോയതിന്‍റെ പിറ്റേന്ന് കുട്ടികളെ ഹോസ്റ്റലില്‍ ആക്കിയതാണ്...പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അവരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി തനിക്കെത്രനേരം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല....ജനാലയ്ക്കരികില്‍ ചാരിവെച്ച കണ്ണാടിയിലെ തന്‍റെ തിളങ്ങുന്ന പ്രതിബിംബത്തിലേക്ക് അയാള്‍ ഉറ്റുനോക്കി.........
കൊഴിഞ്ഞുതുടങ്ങിയ വെളുത്തരോമങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കറുത്ത രേഖകള്‍, ചുളിവുകള്‍ വീണുതുടങ്ങിയ നെറ്റിത്തടം, ദയനീയമായി കേഴുന്ന കറുപ്പ് പടര്‍ന്ന കണ്ണുകള്‍...
" താന്‍ വൃദ്ധനായിരിക്കുന്നു..." അയാളറിയാതെ മന്ത്രിച്ചു...
ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപ്പകലില്ലാതെ അധ്വനിക്കുമ്പോള്‍ അയാളറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ആഗ്രഹങ്ങളെക്കുറിച്ച്....അയാള്‍ക്കെന്നും വലുത് അവരായിരുന്നു..അവരുടെ സന്തോഷങ്ങളായിരുന്നു....അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക് മാത്രമായി ഒന്നുമുണ്ടായിരുന്നില്ല...പക്ഷേ ഇന്ന് അവള്‍ എല്ലാം ഉപേക്ഷിച്ച് എവിടേക്കോ പോയിരിക്കുന്നു....അയാളുടെ ചിന്തകള്‍ വീണ്ടും അവള്‍ക്കു ചുറ്റും കറങ്ങാന്‍തുടങ്ങി...എവിടെനിന്നൊക്കെയോ വേദനകള്‍ വിയര്‍പ്പുതുള്ളികളായ് ഒലിച്ചിറങ്ങുന്നത് അയാളറിഞ്ഞു.. ഉരുണ്ടുകൂടിയ വേദനകളെ പുറത്തേക്ക് കളയാന്‍വെമ്പി അയാളുച്ചത്തില്‍ നിലവിളിച്ചു....പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍ സ്നേഹത്തിനു മുന്‍പില്‍ തളര്‍ന്ന തന്‍റെ പുരുഷത്വത്തെ ഒരുനിമിഷം പിടച്ചിലോടെ അയാളോര്‍ത്തു..പുറത്തേക്കൊഴുകിയെത്തിയ നിലവിളികളെ കടിച്ചമര്‍ത്തി അയാള്‍ ആര്‍ത്തുചിരിച്ചു.....
_______________________________________________________